കോഴിക്കോട് - സ്‌നേഹിച്ച പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആണായി മാറിയപ്പോൾ സ്‌നേഹിത കാലുമാറി. കോഴിക്കോട് പേരാമ്പ്ര പെരുവെണ്ണാമൂഴി സ്വദേശിനി അർച്ചനാ രാജാണ് രണ്ടു ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയ നടത്തി ദീപു ആർ ദർശനായത്. സ്‌നേഹിച്ച വടകര സ്വദേശിനി പക്ഷേ കാലുമാറി. ഹൈക്കോടതി വരെ നിയമ യുദ്ധം നടത്തിയിട്ടും ഫലമില്ലാതെ ദീപുവിന്റെ ജീവിതം ദുരിതത്തിലായിരിക്കയാണ്.
ഇരുവരും കോഴിക്കോട്ടുള്ള ഒരു കമ്പനിയുടെ രണ്ടു ബ്രാഞ്ചുകളിലായിരുന്നു ജോലി ചെയ്തത്. 2017 നവംബറിൽ കോഴിക്കോട്ട് നടന്ന കമ്പനി മീറ്റിംഗിലാണ് ഇവർ ആദ്യമായി കണ്ടത്. തുടർന്ന് സൗഹൃദത്തിലായി. ഇതിനിടെ നേരത്തെ നിശ്ചയിച്ചുറപ്പിച്ച അർച്ചനയുടെ വിവാഹം നടന്നെങ്കിലും പൊരുത്തക്കേടുകൾ കാരണം ബന്ധം അധികനാൾ നീണ്ടുനിന്നില്ല. തുടർന്ന് സൗഹൃദം തുടർന്നെന്ന് ദീപു പറയുന്നു. പിന്നീട് ഒരേ ബ്രാഞ്ചിൽ ജോലിയായതോടെ ഇവരുടെ ബന്ധം കൂടുതൽ ദൃഢമായി. കൂട്ടുകാരിക്ക് വിവാഹാലോചനകൾ വന്നതോടെ താനില്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് അവർ പറയുകയായിരുന്നെന്ന് ദീപു പറയുന്നു. ദീപു എന്ന പേര് നിർദേശിച്ചതും കൂട്ടുകാരി തന്നെയായിരുന്നു. ഒരുമിച്ച് ജീവിക്കുന്നതിനായി അർച്ചന ശസ്ത്രക്രിയ നടത്താനും തീരുമാനിച്ചു. കൂട്ടുകാരിക്ക് മറ്റൊരു വിവാഹാലോചന നടക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവളുടെ താൽപര്യപ്രകാരം രണ്ട് ലക്ഷം രൂപ ചെലവഴിച്ച് അർച്ചന ശസ്ത്രക്രിയ നടത്തി ദീപുവായി മാറി.
ശസ്ത്രക്രിയയുടെ കാര്യം വീട്ടിൽ അച്ഛന്റെ സഹോദരന് മാത്രമേ അറിയുകയുള്ളുവായിരുന്നു. തന്നെ കെട്ടിയില്ലെങ്കിൽ മരിക്കുമെന്ന് കൂട്ടുകാരി പറഞ്ഞിട്ടാണ് ഇളയച്ചൻ ശസ്ത്രക്രിയയ്ക്ക് സമ്മതിച്ചതെന്ന് ദീപു പറഞ്ഞു. ചെന്നൈ വെങ്കിടേശ്വര ആശുപത്രിയിൽ വെച്ചായിരുന്നു ശസ്ത്രക്രിയ. എന്നാൽ ഇതു കഴിഞ്ഞ് പുതിയൊരാളായി എത്തിയ ദീപുവിനെ കൂട്ടുകാരി അവഗണിക്കാൻ തുടങ്ങി. ദീപു സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കൂട്ടുകാരി ബന്ധം നിരസിച്ചു. ഇതോടെ ആളുകളെല്ലാം തനിക്കെതിരായി. ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്‌തെങ്കിലും കൂട്ടുകാരി കോടതിയിലും തന്നെ നിഷേധിക്കുകയായിരുന്നുവെന്ന് ദീപു വ്യക്തമാക്കി. സാധാരണ പെൺകുട്ടിയായി ജീവിച്ച തന്നെ എല്ലാവരുമിപ്പോൾ ട്രാൻസ്‌ജെന്ററായി വിശേഷിപ്പിക്കുന്നു. പരിഹാസങ്ങൾ സഹിക്കാൻ പറ്റുന്നില്ലെന്നും ഇത്തരമൊരു അനുഭവം മറ്റാർക്കും ഉണ്ടാവരുതെന്നും ദീപു ആർ ദർശൻ കണ്ണീരോടെ പറയുന്നു.