തേഞ്ഞിപ്പലം- മലബാറിലെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്കു രാജ്യങ്ങൾക്കിടയിലെ അതിർവരമ്പുകൾ കടന്നൊരു വിദ്യാർഥിനി.
യമനിൽനിന്നാണ് സാഹസികമായൊരു തുടർപഠനത്തിന്റെ അനുഭവം. യമൻ സ്വദേശി അബീർ മുഹമ്മദ് ഖെയ്ദ് നവമാനി അൽ ഖുബാത്തിയാണ് ബിരുദാനന്തര ബിരുദത്തിൽ അറബിക് പഠനത്തിന് സാധ്യത തേടിയത്. കേരള യൂണിവേഴ്‌സിറ്റിയിൽ ഗവേഷകനായ ഭർത്താവിനൊപ്പം കേരളത്തിൽ കുടുംബസമേതം താമസിക്കുന്ന അബീർ മുഹമ്മദ് ഖെയ്ദ് നവമാനി അൽ ഖുബാത്തി കാലിക്കറ്റ് വിദൂര വിദ്യാഭ്യാസ വിഭാഗത്തിലാണ് ബിരുദാനന്തര പഠനത്തിനു അവസരം തേടിയിരിക്കുന്നത്.
സർവകലാശാല വിദ്യാർഥി ക്ഷേമവിഭാഗം മുഖേന നൽകിയ അപേക്ഷ വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ ഡോ. പി. ശിവദാസൻ പ്രത്യേക താത്പര്യമെടുത്തു മേലധികാരികൾക്ക് തുടർനടപടികൾക്കായി സമർപ്പിക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായുള്ള ഇത്തരമൊരു ഇടപെടലിനു വിദൂര വിദ്യാഭ്യാസ വിഭാഗം മേധാവി പിന്തുണ നൽകിയതോടെ കാലിക്കറ്റിന്റെ വിദൂര വിദ്യാഭ്യാസ പഠനജാലകം മിഴിതുറക്കുകയായിരുന്നു. സിൻഡിക്കേറ്റിന്റെ വിദ്യാഭ്യാസ ഉപസമിതി പ്രത്യേക യോഗം ചേർന്നു വി.സിയുടെ അനുമതിക്കായി ശുപാർശ ചെയ്യുകയും അനുകൂല അവസരമൊരുങ്ങുകയുമായിരുന്നു. അക്കാഡമിക് കൗൺസിലിന്റെ അന്തിമ തീരുമാനം കൂടി സാധ്യമാകുന്നതോടെ അബീർ മുഹമ്മദ് ഖെയ്ദ് നവമാനി അൽ ഖുബാത്തിയ്ക്ക് കാലിക്കറ്റിനു കീഴിൽ പഠിക്കാനാകും. യമനിലെ സനായ് യൂണിവേഴ്‌സിറ്റിയിൽനിന്നു ബിരുദ പഠന പൂർത്തിയാക്കിയാണ് അഅബീർ മുഹമ്മദ് ഖെയ്ദ് നവമാനി അൽ ഖുബാത്തി പിജി പഠനത്തിന് കാലിക്കറ്റിനെ സമീപിച്ചത്. കാലിക്കറ്റിനു കീഴിലെ എയ്ഡഡ് സർക്കാർ കോളജുകളിലായി വിദേശ വിദ്യാർഥികൾ എത്താറുണ്ടെങ്കിലും വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ ഇതാദ്യമായാണ് വിദേശ യുവതിയ്ക്ക് പഠനത്തിനു അവസരമൊരുങ്ങുന്നത്.