കോഴിക്കോട് - ശബരിമല ദർശനത്തിന് മനിതി സംഘം എത്തിയതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പോലീസും സർക്കാരും കപടനാടകം കളിക്കുകയാണെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും സി.പി.എം ഘടകങ്ങൾ ഒത്തുചേർന്നാണ് യുവതികളെ എത്തിച്ചതെന്നും മുല്ലപ്പള്ളി കോഴിക്കോട് ഡി.സി.സിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സർക്കാർ വിശ്വാസികൾക്കൊപ്പമാണോ സംഘർഷമുണ്ടാക്കാൻ ശ്രമിക്കുന്നവർക്കൊപ്പമാണോ എന്ന് വ്യക്തമാക്കണം. ശബരിമല വിഷയത്തിൽ സർക്കാർ ഒളിച്ചുകളി നടത്തുകയാണ്. ആർ.എസ്.എസ് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ശ്രമിക്കുന്നത്. ശബരിമല അയോധ്യയാക്കാനുള്ള അവരുടെ ശ്രമത്തിന് സർക്കാർ സഹായം നൽകുകയാണ്. ശബരിമല വിഷയത്തിൽ കോൺഗ്രസ് എടുത്ത നിലപാട് മതേതര വിശ്വാസികൾ അംഗീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയല്ല മറിച്ച് പ്രളയമാണ് സംസ്ഥാനത്തിന്റെ സങ്കീർണമായ പ്രശ്‌നം. പ്രളയബാധിതരുടെ കാര്യത്തിലാണ് സർക്കാർ നടപടിയെടുക്കേണ്ടത്. പ്രളയത്തിൽ കൃഷിഭൂമിയും കിടപ്പാടവും നഷ്ടമായി ദുരിതം അനുഭവിക്കുന്ന നിരവധി പേരുണ്ട്. ഇവരുടെ പ്രയാസങ്ങൾ പരിഹരിക്കാൻ സർക്കാർ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. പ്രളയം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പ്രശ്‌ന പരിഹാരത്തിനുള്ള രൂപരേഖ പോലും തയ്യാറാക്കിയിട്ടില്ല. പ്രളയത്തിൽ കോൺഗ്രസ് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയിട്ടില്ല. സർക്കാരിനൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കുകയാണ് ചെയ്തത്. പ്രളയപുനരധിവാസ നടപടികൾ എങ്ങുമെത്താത്ത സാഹചര്യത്തിൽ ദുരന്തബാധിതരെ അണിനിരത്തി സർക്കാരിനെതിരെ കോൺഗ്രസ് പ്രക്ഷോഭവുമായി രംഗത്തിറങ്ങും. ഇതുമായി ബന്ധപ്പെട്ട് 29ന് തിരുവനന്തപുരത്ത് ചേരുന്ന പൊളിറ്റിക്കൽ അഫേഴ്‌സ് കമ്മിറ്റിയിൽ തീരുമാനമെടുക്കുമെന്നും മുല്ലപ്പള്ളി അറിയിച്ചു. പ്രളയക്കെടുതിയിൽ എല്ലാം നഷ്ടമായ കർഷകരുടെ കടം എഴുതിത്തള്ളാൻ മുഖ്യമന്ത്രി തയ്യാറാകണം. കാർഷിക വായ്പ രണ്ടു ലക്ഷം വരെ അടിയന്തരമായി എഴുതിത്തള്ളാൻ നടപടി വേണം. സി.പി. എമ്മിന്റെ നേതൃത്വത്തിൽ കർഷകസംഘടനകൾ അഖിലേന്ത്യ അടിസ്ഥാനത്തിൽ ഉന്നയിച്ച ആവശ്യമാണിത്. കേരളത്തിലെ കാർഷിക മേഖല അതീവ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കർഷകർ മാനസിക സംഘർഷത്തിലാണ്. കോൺഗ്രസ് അധികാരത്തിലേറിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാർഷിക കടം എഴുതിത്തള്ളുകയായിരുന്നു. സംസ്ഥാനത്തെ കർഷകരുടെ പ്രശ്‌നം മനസ്സിലാക്കി സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസ് ജില്ലാ കമ്മിറ്റികളുമായി ബന്ധപ്പെട്ട് എ.ഐ.സി.സിയോ, കെ.പി.സി.സിയോ ഒരു ഗ്രേഡിങും നടത്തിയിട്ടില്ല. ഒരു ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും അധ്യക്ഷൻമാരെയും മാറ്റാൻ തീരുമാനിച്ചിട്ടില്ല. അധ്യക്ഷൻമാരെയും മറ്റും നിരീക്ഷിക്കാനും ഗ്രേഡിങ് നടത്താനും ഏജൻസികളെ നിയോഗിച്ചെന്ന വാർത്തകൾ വാസ്തവവിരുദ്ധമാണ്. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് ശക്തികളുടെ പരാജയമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. കാറ്റ് കോൺഗ്രസിന് അനുകൂലമാണ്. എ.ഐ.സി.സിയും കെ.പി.സി.സിയും മികച്ച സ്ഥാനാർഥികളെ തന്നെയാവും കണ്ടെത്തുകയെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ കെ.പി.സി.സി സെക്രട്ടറി അഡ്വ. പ്രവീൺകുമാർ, ജനറൽ സെക്രട്ടറി അഡ്വ. പി.എം സുരേഷ്ബാബു, ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി.സിദ്ദിഖ് എന്നിവർ പങ്കെടുത്തു.