Sorry, you need to enable JavaScript to visit this website.

വാടക ഗർഭധാരണ നിയന്ത്രണം; നിയമത്തിൽ കർശന വ്യവസ്ഥകൾ


കഴിഞ്ഞയാഴ്ച പാർലമെന്റ് പാസാക്കിയ വാടക ഗർഭധാരണ നിയന്ത്രണ നിയമത്തിൽ അടങ്ങിയിരിക്കുന്നത് കർശന വ്യവസ്ഥകൾ. ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ വാടക ഗർഭധാരണം (സറോഗസി) നിരോധിക്കുന്നതാണ് ഈ നിയമം. 
അതായത് മറ്റൊരാളുടെ കുഞ്ഞിനെ ഗർഭം ധരിക്കുന്നതിനും പ്രസവിക്കുന്നതിനും പണം ഈടാക്കിയാൽ പത്ത് വർഷം വരെ ജയിൽശിക്ഷ ലഭിക്കുന്ന കുറ്റമാണത്. മുംബൈയിലും ചില ഉത്തരേന്ത്യൻ നഗരങ്ങളിലും പാവപ്പെട്ട സ്ത്രീകളെ, സമ്പന്നരായ വിദേശികളുടെ മക്കളെ ഗർഭം ധരിക്കാനും പ്രസവിക്കാനുമായി ഏർപ്പെടുത്തുന്ന വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായി അടുത്ത കാലത്ത് വാർത്തകൾ പുറത്തു വന്നിരുന്നു. 
വാടക ഗർഭധാരണം നടത്തുന്ന അമ്മമാർക്കും ഇതിലൂടെ ജനിക്കുന്ന കുട്ടികൾക്കും സംരക്ഷണം ഉറപ്പു വരുത്തുന്ന പുതിയ വ്യവസ്ഥകളാണു നിയമത്തിലുള്ളത്. ഇനി മുതൽ നിയന്ത്രിത വാണിജ്യേതര ഗർഭധാരണമേ രാജ്യത്തു നിയമം അനുവദിക്കൂ. ചട്ടങ്ങൾ ലംഘിച്ചാൽ പത്തു വർഷം വരെ തടവു ശിക്ഷ ഉറപ്പാക്കുന്ന ബില്ലാണ് പാസായത്. 
വിവാഹശേഷം അഞ്ചു വർഷം പൂർത്തിയായ കുട്ടികളില്ലാത്ത ദമ്പതികൾക്കേ വാടക ഗർഭധാരണത്തിലൂടെ കുട്ടികളെ സ്വന്തമാക്കാൻ കഴിയൂ. ഏതെങ്കിലും അടുത്ത ബന്ധുക്കൾക്കു മാത്രമേ ഇത്തരത്തിൽ വാടക ഗർഭധാരണം നടത്താനാകൂ എന്നാണു പുതിയ വ്യവസ്ഥ. 
എന്നാൽ, അടുത്ത ബന്ധുക്കൾ ആരെല്ലാം ആയിരിക്കണം എന്നതിൽ കരടു ബില്ലിൽ വ്യക്തതയുണ്ടായിരുന്നില്ല. ഇത്തരത്തിൽ ഗർഭധാരണം നടത്തുന്ന ബന്ധുക്കൾക്ക് ആശുപത്രി ചെലവുകൾ മാത്രമേ നൽകാവൂ എന്നും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. പരോപകാര വാടക ഗർഭധാരണം (അൽട്രൂയിസ്റ്റിക് സറോഗസി) എന്നാണിതിനു പറയുന്നതെന്നും നേരത്തെ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയപ്പോൾ വിശദീകരിച്ചിരുന്നു. 
വിദേശികൾക്കോ വിദേശത്തു സ്ഥിര താമസമാക്കിയ ഇന്ത്യക്കാർക്കോ ഇന്ത്യയിൽ നിന്നും വാടക ഗർഭധാരണത്തിലൂടെ കുട്ടികളെ സ്വന്തമാക്കാൻ കഴിയില്ല. വാടക ഗർഭധാരണത്തിൽ ജനിക്കുന്ന കുട്ടികൾ ഭിന്നശേഷിയുള്ളവരാണെങ്കിൽ ഉപേക്ഷിച്ചു പോകുന്ന കേസുകളും പൗരത്വ പ്രശ്‌നങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. ഇതോടെ, പ്രത്യേക ഭരണഘടനാ പദവിയുള്ള ജമ്മു കശ്മീരിലൊഴികെ മറ്റെല്ലായിടത്തും ഈ ബില്ലിലെ വ്യവസ്ഥകൾ ബാധകമായിരിക്കും. 
രാജ്യത്ത് പുതിയ സറോഗസി ക്ലിനിക്കുകൾക്ക് അനുമതി നൽകില്ല. ഇതു സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യാൻ ദേശീയ-സംസ്ഥാന തലത്തിൽ പുതിയ ബോർഡുകൾക്ക് രൂപം നൽകും. വാടക ഗർഭധാരണം നിയമ വിധേയമാക്കാനും സുതാര്യമാക്കാനും വേണ്ടിയാണു കർശന വ്യവസ്ഥ ഏർപ്പെടുത്തുന്നതെന്നാണു കേന്ദ്ര സർക്കാർ വിശദീകരണം. 
വാണിജ്യാടിസ്ഥാനത്തിലെ വാടക ഗർഭധാരണത്തിന്റെ പേരിൽ രാജ്യത്തിന്റെ പല സ്ഥലങ്ങളിലും പാവപ്പെട്ട സ്ത്രീകൾ വൻതോതിൽ ചൂഷണം ചെയ്യപ്പെടുന്ന സ്ഥിതിയാണുണ്ടായിരുന്നത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ സറോഗസിക്കുള്ള അയഞ്ഞ നിയമങ്ങൾ കൂടുതൽ വിദേശികളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനും ക്രമേണ ഇതു വാണിജ്യവത്കരണത്തിന്റെ പാതയിലേക്ക് മാറുന്നതിനും ഇടയാക്കിയിരുന്നു. 228-ാമതു ലോ കമ്മീഷൻ റിപ്പോർട്ടിലും രാജ്യത്തു വാണിജ്യാടിസ്ഥാനത്തിലുള്ള വാടക ഗർഭധാരണം നിരോധിക്കണമെന്നു നിർദേശിച്ചിരുന്നു.

കരടു ബില്ലിലെ പ്രധാന വ്യവസ്ഥകൾ 

 പണം നൽകിയുള്ള വാടക ഗർഭധാരണത്തിനു പൂർണ നിരോധനം
 പരോപകാരമെന്ന നിലയിൽ അടുത്ത ബന്ധുക്കൾക്കു മാത്രം അവസരം
 വിവാഹിതരും അഞ്ചു വർഷത്തെ ദാമ്പത്യം പൂർത്തിയാക്കിയവർക്കും മാത്രം അനുമതി
 ദാമ്പത്യത്തിലൂടെയോ ദത്തിലൂടെയോ കുട്ടികളുള്ളവർക്ക്  അനുമതിയില്ല
 കുഞ്ഞുണ്ടാകില്ലെന്ന ആരോഗ്യ അധികൃതരുടെ സാക്ഷ്യപത്രം നിർബന്ധം
 അവിവാഹിതർക്ക് കർശന വിലക്ക്
 വിദേശികൾ, വിദേശ ഇന്ത്യക്കാർ എന്നിവർക്ക് അനുമതിയില്ല
 ലിവിംഗ് ടുഗതർ ബന്ധത്തിലുള്ളവർക്കും സ്വവർഗാനുരാഗികൾക്കും കർശന വിലക്ക്
 ഗർഭധാരണത്തിന് സന്നദ്ധരായവർക്ക് പണം നൽകാൻ പാടില്ല, ആശുപത്രി ചെലവ് മാത്രം വഹിക്കാം. 
 വാടക ഗർഭധാരണത്തിന് തയാറാകുന്നവർക്ക് ഒരു കുട്ടിയെങ്കിലും ഉണ്ടായിരിക്കണം.
 പുതിയ സറോഗസി ക്ലിനിക്കുകൾ അനുവദിക്കില്ല 
 ദേശീയ, സംസ്ഥാന തലത്തിൽ സറോഗസി ബോർഡ് രൂപീകരിക്കും.  
 

Latest News