ദുബായ്- മരുഭൂമിയിലേക്ക് ഒരു ട്രിപ്പ് സംഘടിപ്പിക്കുമ്പോൾ മലപ്പുറം സ്വദേശി മുഷ്താഖ് അലിയും സുഹൃത്തുക്കളും ത്രില്ലിലായിരുന്നു. മരുഭൂമിയിലെ തണുപ്പ് ആസ്വദിക്കുന്നതിനെക്കുറിച്ചും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഇട്ട് ലൈക്ക് വാരിക്കൂട്ടുന്നതിനെക്കുറിച്ചായിരുന്നു അവരുടെ ചിന്ത. പക്ഷെ, വിധി കാത്തു വെച്ചത് മറ്റൊന്നായിരുന്നു.
വെളളിയാഴ്ച രാത്രി ആയിരുന്നു മുഷ്താഖും ഒമ്പത് സുഹൃത്തുക്കളും കുടുംബവും മരുഭൂമിയിൽ വഴി തെറ്റി ഒറ്റപ്പെട്ടു പോയത്. ഒരു രാത്രി മുഴുവൻ സംഘം മരുഭൂമിയിൽ ജീവനും കയ്യിൽ പിടിച്ച് പേടിച്ചുവിറച്ചു.
'കുടിവെളളവും കൊണ്ടു പോയ ഭക്ഷണവും തീർന്നു. ആകെയുണ്ടായിരുന്നത് കുറച്ച് ബ്ലാങ്കറ്റുകളും ടെന്റുകളും. കുറച്ചു പേർ കാറിനുളളിൽ ഉറങ്ങി,' മുഷ്താഖ് പറഞ്ഞു.
വഴി അറിയാത്തതു കൊണ്ട് തിരിച്ചു വരാനുളള ശ്രമത്തിനിടയിൽ സംഘം കൂടുതൽ ദൂരെപ്പോയിരുന്നു.
മുഷ്താഖും കുടുംബവും സ്ഥിരമായി മരുഭൂമിയിൽ പോവാറുണ്ടായിരുന്നു. 'എനിക്ക് നാല് സുഹൃത്തുക്കൾ ഉണ്ട്. ഞങ്ങൾ ഒഴിവ് കിട്ടുമ്പോൾ കുടുംബത്തോടൊപ്പം മരുഭൂമിയിലേക്ക് െ്രെഡവ് ചെയ്യാറുണ്ട്. പക്ഷെ, ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു,' മുഷ്താഖ് പറഞ്ഞു.
മുഷ്താഖിന്റെ കൂടെ സ്ഥിരമായി ഉണ്ടായിരുന്ന സുഹൃത്താണ് ഷാനവാസ് ഷംസുദ്ദീൻ. 'എന്റെ കൂടെ ഭാര്യയും കുട്ടികളും അമ്മാവൻമാരും നാട്ടിലെ സുഹൃത്തുക്കളും ഉണ്ടായിരുന്നു. എല്ലാവരും ആകെ പേടിച്ചു പോയി,' ഷാനവാസ് പറഞ്ഞു. ഷാനവാസിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ദുബായിൽ സന്ദർശക വിസയിൽ എത്തിയതായിരുന്നു.
വെളളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് സംഘം യാത്ര തുടങ്ങിയത്. എട്ട് മണിയോടെ സംഘം മരുഭൂമിയിൽനിന്ന് തിരികെ െ്രെഡവ് തുടങ്ങി. വഴി തെറ്റിയതോടെ രാത്രി ഒരു മണി വരെ െ്രെഡവ് തുടർന്നു. ജി.പി.എസും പ്രവർത്തിച്ചില്ല.
' വഴി കണ്ടെത്താനുളളള ശ്രമത്തിനിടയിൽ ഞങ്ങൾ െ്രെഡവ് തുടർന്നു. അങ്ങനെ കൂടുതൽ ഉളളിലേക്ക് പോയിക്കൊണ്ടിരുന്നു,' മുഷ്താഖ് പറഞ്ഞു.
'നടുക്കടലിൽ അകപ്പെട്ട പോലെയായിരുന്നു. ഒരേ ഒരു വ്യത്യാസം മാത്രം. വെളളത്തിന് പകരം ഞങ്ങൾക്ക് ചുറ്റും മണലായിരുന്നു,' മുഷ്താഖ് ഓർക്കുന്നു.
ഒരു വിധം സംഘം മരുഭൂമിയിൽ നേരം വെളുപ്പിച്ചു.
ആകെ ഒരു പെട്ടി വെളളമായിരുന്നു കൂടെക്കരുതിയിരുന്നത്. അത് തീർന്നു.. ഷാനവാസിന്റെ ബന്ധുക്കൾ പ്രമേഹ രോഗികൾ ആയിരുന്നു. നിസ്സഹയാതയുടെ നിമിഷങ്ങൾ. കുറേ തവണ ശ്രമിച്ച ശേഷം ദുബായ് പൊലീസിനെ ബന്ധപ്പെടാൻ സാധിച്ചു. ജി.പി.എസ് പ്രവർത്തിക്കാത്തതിനാൽ ദുബായ് പോലീസ് ഹെലികോപ്ടർ ഉപയോഗിച്ചാണ് സംഘത്തിന്റെ ലൊക്കേഷൻ കണ്ടുപിടിച്ചത്. സംഘം മരുഭൂമിയിൽ പതിനെട്ട് കിലോമീറ്റർ ഉളളിലായി മുറാഖബ് മരുഭൂമി പ്രദേശത്താണെന്ന് പോലീസ് കണ്ടെത്തി.
ദുബായ് പോലീസ് ജീവൻ രക്ഷിച്ചു.
സംഘം നന്ദി പറയുന്നത് ദുബായ് പോലീസിനോടാണ്.
'അവർ വെളളവും ഭക്ഷണവും കൊണ്ടു വന്നിരുന്നു. ഞങ്ങളെയും വാഹനങ്ങളെയും തിരികെ വീട്ടിലെത്തിച്ചു. അവരാണ് ജീവൻ രക്ഷിച്ചത്. അവർ വന്നില്ലായിരുന്നെങ്കിൽ ഞങ്ങളുടെ അവസ്ഥ എന്താവുമായിരുന്നു എന്നറിയില്ല,' ഷാനവാസ് പറഞ്ഞു.
ഇനിയും മരുഭൂമി െ്രെഡവിംഗ് നടത്തുമോ എന്ന ചോദ്യത്തിന് രണ്ട് പേരും ഉത്തരം പറഞ്ഞത് ഇങ്ങനെയാണ്.
'മരുഭൂമി െ്രെഡവിംഗ് വ്യത്യസ്തമായ ഒരു അനുഭവമാണ്. സംഘത്തിലുളളവർ മുഴുവൻ യുവാക്കളായിരുന്നെങ്കിൽ ഈ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടാവുമായിരുന്നില്ല. ഞങ്ങളുടെ കൂടെ കുട്ടികളും പ്രായമായവരും രോഗികളുമുണ്ടായിരുന്നു.'