പാലക്കാട്- പണിക്കു നിന്ന വീടുകളിൽ നിന്നും വീട്ടുകാർ അറിയാതെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതി പിടിയിൽ. പാലക്കാട്, അംബികാപുരം, തോണിപ്പാളയം സ്വദേശിനി ജയലക്ഷ്മിയെയാണ് (30) പാലക്കാട് നോർത്ത് പോലീസ് അറസ്റ്റു ചെയ്തത്.
പുത്തൂർ, പ്രിയദർശിനി നഗറിൽ മുരളീധരന്റെ വീട്ടിൽ നിന്നും 10 പവനോളം സ്വർണാഭരണങ്ങൾ മോഷണം പോയ പരാതിയിൽ നോർത്ത് പോലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അവിടത്തെ വീട്ടിലെ ജോലിക്കാരിയായ ജയലക്ഷ്മിയെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതിൽനിന്നും പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു കൂടാതെ കഴിഞ്ഞ ഒക്ടോബറിൽ വലിയപാടം, കാരക്കാട്ട് പറമ്പിൽ ശ്രീദേവിയുടെ വീട്ടിൽ നിന്നും മൂന്നു പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചതായും സമ്മതിച്ചു. മോഷണ മുതലുകളെല്ലാം പാലക്കാട് ടൗണിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്നും, മറ്റൊരു ജ്വല്ലറിയിൽനിന്നും പോലീസ് കണ്ടെടുത്തു.
ജോലിക്കു നിൽക്കുന്ന വീടുകളിൽ വീട്ടുകാർ അറിയാതെ ആഭരണങ്ങൾ സൂക്ഷിക്കുന്ന സ്ഥലം കണ്ടുവെച്ച് പിന്നീട് അവരറിയാതെ മോഷ്ടിക്കുകയാണ് രീതി. പ്രതി കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതിയെ നടപടിക്രമങ്ങൾക്കു ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. തുടരന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുന്നതായിരിക്കും.
പാലക്കാട് ടൗൺ നോർത്ത് സബ് ഇൻസ്‌പെക്ടർ ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്.