വയലിനിൽ മാന്ത്രിക വിസ്മയം തീർക്കുന്ന ഡോ. മണി ഭാരതിയുടെ നാദപ്രപഞ്ചം വശ്യമനോഹരവും ഹൃദ്യവുമാണ്. സംഗീതാസ്വാദകരുടെ കർണപുടങ്ങളെ ത്രസിപ്പിക്കുന്ന ഈണങ്ങളുമായി മണി ഭാരതി തന്റെ സർഗസഞ്ചാരം അടയാളപ്പെടുത്തുമ്പോൾ ആഹഌദത്തിന്റേയും ആസ്വാദനത്തിന്റേയും അനന്തതലങ്ങളിലേക്കാണ് അദ്ദേഹം അനുവാചകരെ കൂട്ടിക്കൊണ്ടുപോകുന്നത്. തനിക്ക് ദൈവിക വരദാനമായി ലഭിച്ച സംഗീതത്തെ മാനവരാശിയുടെ നന്മക്കായി മാത്രം പ്രയോജനപ്പെടുത്തണമെന്നാഗ്രഹിക്കുന്ന ഈ കലാകാരന്റെ ജീവിതവും പ്രവർത്തനങ്ങളുമെല്ലാം സമർപ്പണത്തിന്റെ ഉത്തമ നിദർശങ്ങളാണ്.
മണി ഭാരതിക്ക് വയലിൻ എന്നും തന്റെ കൂട്ടുകാരനായിരുന്നു. വയലിനോട് സംസാരിച്ചും സംവദിച്ചും ദിനരാത്രങ്ങളെ ധന്യമാക്കിയാണ് ഈ കലാകാരൻ തന്റെ സംഗീത യാത്ര ആസ്വദിക്കുന്നത്. കേവലം അഞ്ച് വയസ്സ്മാത്രം പ്രായമുള്ളപ്പോൾ സംഗീതജ്ഞനായ തന്റെ അമ്മാവൻ കലൈമാമണി കെ. വീരമണിയോടൊപ്പം ആരംഭിച്ച കലാ സപര്യ സംഭവ ബഹുലവും പ്രോൽസാഹനം നൽകുന്നതുമായിരുന്നു. ഏഴാം വയസിൽ വയലിൻ പഠിക്കാൻ തുടങ്ങിയ മണി ഭാരതി സംഗീത രംഗത്ത് സജീവമായി നാല് പതിറ്റാണ്ടുകൾ പിന്നിട്ടെങ്കിലും ഇപ്പോഴും പഠന ഗവേഷണങ്ങളുമായാണ് മുന്നോട്ടുപോകുന്നത്.
പതിനാറ് ഭാഷകളിൽ അറുനൂറിലധികം സംഗീത സംവിധാകരോടൊപ്പം ചേർന്ന് 1700 സിനിമകളിലായി 8650 പാട്ടുകൾക്ക് വയലിൻ വായിച്ചിട്ടുണ്ട്. ഇളയരാജ, എ. ആർ. റഹ്മാൻ, ഗംഗൈ അമരൻ, ദേവ, ഹാരിസ് ജയരാജ്, എം.എസ്. വിശ്വനാഥൻ തുടങ്ങി മുൻ നിര സംഗീത സംവിധായകരുടെ അംഗീകാരം നേടിയ മണി ഭാരതി മലയാളത്തിലും ധാരാളം സിനിമാ ഗാനങ്ങൾക്ക് തന്റെ വയലിൻ വിസ്മയം കൊണ്ട് ചാരുത പകർന്നിട്ടുണ്ട്. ജോൺസൺ മാസ്റ്റർ, മോഹൻ സിതാര, ജെറി അമൽ ദേവ്, ദക്ഷിണ മൂർത്തി, എസ്.പി. വെങ്കിടേഷ്, രവീന്ദ്രൻ മാഷ്, എം.ജി. രാധാകൃഷ്ണൻ തുടങ്ങി നിരവധി സംഗീത സംവിധായകരാണ് അദ്ദേഹത്തിന്റെ സിദ്ധി പ്രയോജനപ്പെടുത്തിയത്. ഡോ. കെ.ജെ. യേശുദാസ്, ടി.എം. സൗന്ദർരാജൻ തുടങ്ങി നിരവധി പ്രമുഖ ഗായകരോടൊപ്പം സ്‌റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും പങ്കെടുത്ത അദ്ദേഹം സ്വന്തമായി 9510 സംഗീത കച്ചേരികൾ നടത്തിയെന്നറിയുമ്പോൾ സംഗീത ലോകത്ത് നാദവിസ്മയം തീർക്കുന്ന സർഗ സഞ്ചാരത്തിന്റെ വ്യാപ്തി നമുക്ക് ബോധ്യപ്പെടും. വിദേശ രാജ്യങ്ങളിൽ മാത്രമായി ഇരുനൂറിലേറെ കച്ചേരികളാണ് അദ്ദേഹം നടത്തിയത്. അറുനൂറിലധികം സംഗീത ആൽബങ്ങളിൽ പങ്കാളിയായ ഈ കലാകാരന്റെ ജീവിതം മുഴുവനും സംഗീതമാണ്.
നാലു പതിറ്റാണ്ട് നീണ്ട സംഗീത യാത്രയിൽ നിരവധി പുരസ്‌കാരങ്ങളും ഈ കലാകാരനെ തേടിയെത്തിയത് സ്വാഭാവികം മാത്രം. രണ്ട് ഡോക്ടറേറ്റുകളും ദുബായ്, മലേഷ്യ, സൗത്താഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള പുരസ്‌കാരങ്ങളുമൊക്കെ മണി ഭാരതിയുടെ തൊപ്പിയിൽ പൊൻതൂവലുകൾ തുന്നിച്ചേർക്കുകയായിരുന്നു. കുന്നക്കുടി വൈദ്യനാഥൻ, ഡോ. എസ്. സുബ്രഹ്മണ്യൻ എന്നിവരാണ് മണി ഭാരതിയുടെ പ്രധാന ഗുരുക്കൾ. സംഗീതത്തിന്റെ വിസ്മയലോകത്ത് സ്വന്തമായ സാമ്രാജ്യം പണിയുമ്പോഴും വിനയവും അർപ്പണ മനോഭാവവും കൈമുതലാക്കി മുന്നേറുമ്പോൾ കലാകാരൻ ഉയരത്തിൽ നിന്നും കൂടുതൽ ഉയരത്തിലേക്കും പ്രശസ്തിയിൽ നിന്നും കൂടുതൽ പ്രശസ്തിയിലേക്കും സഞ്ചരിക്കുമെന്നാണ് മണി ഭാരതിയുടെ ജീവിത സാക്ഷ്യം.
ശ്രവണസുന്ദരങ്ങളായ ശബ്ദങ്ങൾ കൊണ്ട് മനസ്സിൽ വികാരങ്ങൾ സൃഷ്ടിച്ചു രസിപ്പിക്കുന്ന ഒരു കലയാണ് സംഗീതം. രാഗ താള പദാശ്രയമായതാണ് സംഗീതം എന്നാണ് നാട്യശാസ്ത്രത്തിൽ സംഗീതത്തെക്കുറിച്ചു പറയുന്നത്. വികാരങ്ങളുടെ ഭാഷയാണ് സംഗീതം. ഈ രംഗത്ത് സ്വന്തമായ പരീക്ഷണങ്ങളിലൂടെ ആസ്വാദനത്തിന്റെ പുത്തൻ പരീക്ഷണങ്ങളുമായി ഡോ. മണി ഭാരതി സംഗീതാസ്വാദകരുടെ മനം കവരുന്നുവെന്നതിൽ അദ്ഭുതമില്ല.