Sorry, you need to enable JavaScript to visit this website.

അക്ഷരങ്ങളുടെ അഴക്

അറബി അക്ഷരങ്ങൾ കൊണ്ട് വിസ്മയം തീർക്കുന്ന കലയായ കാലിഗ്രഫിയിൽ ശ്രദ്ധേയനാവുകയാണ് സൗദി യുവാവ് ഫഹദ് അൽമജ്ഹദി. 
പരമ്പരാഗത കാലിഗ്രഫി ശൈലിയാണ് ഫഹദ് അൽമജ്ഹദി പിന്തുടരുന്നത്. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശങ്ങൾ കാലിഗ്രഫിയിലൂടെ ഫഹദ് കോറിയിട്ട് ലോക ഭൂപടത്തിന്റെ രൂപംനൽകിയിട്ടുണ്ട്. ഒരു ദശകമായി ഫഹദ് കാലിഗ്രഫി മേഖലയിൽ സജീവമാണ്. തിരശ്ചീനമായ അക്ഷരങ്ങളുടെ കൂടിക്കലരൽ നൽകുന്ന സൗന്ദര്യം കാലിഗ്രഫിയിലൂടെ ഫഹദ് പ്രകടിപ്പിക്കുന്നു. അറബി അക്ഷരങ്ങളുടെ മനോഹാരിതയിലൂടെയും രൂപങ്ങളുടെ സമന്വയത്തിലൂടെയും ആശയങ്ങൾ പ്രകടിപ്പിക്കുകയാണ് ഫഹദ് ചെയ്യുന്നത്. 


ലോക അറബി ഭാഷാദിനത്തോടനുബന്ധിച്ച് തന്റെ ഇൻസ്റ്റഗ്രാം പേജിൽ കാലിഗ്രഫിയിൽ തീർത്ത ലോക ഭൂപട മാതൃക ഫഹദ് പുറത്തുവിട്ടിരുന്നു. നിരവധി ഫോളോവേഴ്‌സിന്റെ ലൈക്കുകൾ ഈ കാലിഗ്രഫിക്ക് ലഭിച്ചു. ലോകത്തിന്റെ ഭൂവിസ്തൃതിയിൽ നിന്ന് ആശയം ഉൾക്കൊണ്ടാണ് ഈ കാലിഗ്രഫി താൻ തയാറാക്കിയതെന്ന് ഫഹദ് പറയുന്നു. ലോകത്തിനുള്ള സന്ദേശമാണിത്. ലോകത്ത് എല്ലാ പ്രദേശങ്ങളിലും അറബി സംസാരിക്കുന്നവരുണ്ട്. ഇവരെല്ലാവരും കൂടി അറബി സംസാരിക്കുന്നതിന് സമ്മേളിക്കുകയാണെങ്കിൽ ലോകം മുഴുവൻ അറബി സംസാരിക്കുമായിരുന്നു. സൗദിയിലെ പ്രമുഖ വ്യക്തിക്കു വേണ്ടിയാണ് ഭൂപടത്തിന്റെ രൂപത്തിലുള്ള കാലിഗ്രഫി തയാറാക്കിയത്. ഒരു അമേരിക്കൻ വി.ഐ.പിക്ക് സമ്മാനിക്കുന്നതിനുള്ള ഉപഹാരമായാണ് അറബി കാലിഗ്രഫിയിലുള്ള ലോക ഭൂപടം തയാറാക്കുന്നതിന് സൗദി നേതാവ് ആഗ്രഹിച്ചത്. 


ചിലർ ധരിക്കുന്നതു പോലെ കാലിഗ്രഫി പുരാതന കലയല്ല. ലോകത്തോട് സംവദിക്കുന്ന സജീവ കലയാണിത്. സമകാലിക കാലഘട്ട ത്തിലെ ഏതു കലയിൽ നിന്നും കാലിഗ്രഫി വ്യത്യസ്തമല്ല. അറബി ഭാഷ പഠിപ്പിക്കുന്നതിന് കാലിഗ്രഫി ഉപയോഗിക്കുന്നുണ്ട്. അറബി ഭാഷയുടെ ഉയർച്ചയും പ്രചാരവും ലക്ഷ്യമിട്ട് പ്രാദേശിക, ആഗോള തലത്തിൽ കാലിഗ്രഫി പഠിപ്പിക്കുന്നുണ്ട്. അറബി ഭാഷയുടെ അടിസ്ഥാനമാണ് കാലിഗ്രഫി. 
ടർക്കിഷ് കാലിഗ്രഫി ശൈലിയാണ് ഫഹദിനെ സ്വാധീനിച്ചിരിക്കുന്നത്. തുർക്കിയിലെ അറബി കാലിഗ്രഫി ഏറെ വിശിഷ്ടമാണ്. കാലിഗ്രഫിയുടെ ഏറ്റവും സുന്ദരമായ സങ്കേതമാണിത്. മറ്റു ഇസ്‌ലാമിക കലകളിലും തുർക്കികൾ നൈപുണ്യം തെളിയിച്ചിട്ടുണ്ട്. കാലിഗ്രഫിയിൽ തുർക്കികൾ സൗന്ദര്യാത്മക സ്പർശങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. ഈ രംഗത്ത് അവർ നവീന ശൈലികൾ രൂപപ്പെടുത്തി. എളുപ്പത്തിൽ വായിച്ചെടുക്കുന്നതിനും എഴുതുന്നതിനും സാധിക്കുമെന്നത് തുർക്കി കാലിഗ്രഫി ശൈലിയുടെ പ്രത്യേകതയാണ്. ഹ്രസ്വവും വളച്ചുകെട്ടില്ലാത്തതുമായ അക്ഷരങ്ങൾ യോജിപ്പിക്കുന്നതും നേരിയ ചായ്‌വുകളും അറബി അക്ഷരങ്ങളുടെ മനോഹാരിത പ്രതിഫലിപ്പിക്കുന്നു. 


കുട്ടിക്കാലം മുതൽ ഒരു ഹോബിയെന്നോണമാണ് കാലിഗ്രഫിയിൽ സ്വന്തം നിലക്ക് പരിശീലനം ആരംഭിച്ചത്. അറബി കാലിഗ്രഫിയുടെ കലാസൗന്ദര്യമാണ് ഇതിന് പ്രേരകമായത്. വൈകാതെ ആഗോള പ്രശസ്തരായ കാലിഗ്രഫി വിദഗ്ധർക്കു കീഴിൽ കാലിഗ്രഫി പരിശീലിക്കുന്നതിന് തുടങ്ങി. ഈ രംഗത്ത് ഏറ്റവും ഉയർന്ന അന്താരാഷ്ട്ര സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടുണ്ട്. കാലിഗ്രഫി രചനക്ക് ആധുനിക സാങ്കേതികവിദ്യകളൊന്നും താൻ പ്രയോജനപ്പെടുത്തുന്നില്ല. സാങ്കേതികവിദ്യകൾ അറബ് ഭാഷയുടെ ആത്മാവിൽ നിന്ന് സ്വാംശീകരിക്കുന്ന യഥാർഥ സൗന്ദര്യത്തെ ഇല്ലാതാക്കുമെന്നും ഇത് കാലിഗ്രഫിയോട് ചെയ്യുന്ന അനീതിയാണെന്നും താൻ കരുതുന്നു. നിരവധി പ്രാദേശിക, അന്താരാഷ്ട്ര എക്‌സിബിഷനുകളിൽ താൻ പങ്കെടുത്തിട്ടുണ്ട്. സൗന്ദര്യം തുടിക്കുന്ന, വ്യത്യസ്ത രൂപത്തിലും വർണത്തിലും അലങ്കരിച്ച കാലിഗ്രഫികളാണ് എക്‌സിബിഷനുകളിൽ പ്രദർശിപ്പിക്കുന്നതെന്നും ഫഹദ് അൽമജ്ഹദി പറയുന്നു.  
കാലിഗ്രഫിയിലെ മനോഹരമായ സൃഷ്ടികൾ അറബി ഭാഷയുമായി ബന്ധമില്ലാത്തവരുടെ പോലും മനംകവരും. 
വാക്കുകളും വാക്യങ്ങളും ഉൾക്കൊള്ളുന്ന ആശയങ്ങളെ ചിത്രത്തിലൂടെ ആവിഷ്‌കരിക്കുന്ന രീതിയിലേക്ക് കാലിഗ്രഫി വികാസം പ്രാപിച്ചിട്ടുണ്ട്. ആധുനിക ചിത്ര കലയിലെ ഒട്ടുമിക്ക സങ്കേതങ്ങളും കാലിഗ്രഫിയിലൂടെ പ്രകടമാക്കാൻ സാധിക്കുന്ന തരത്തിലേക്ക് കാലിഗ്രഫി വളർന്നിട്ടുണ്ട്. 


 

Latest News