കാസർകോട്- പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ചു മുസ്ലിം ലീഗ് നേതൃത്വം പുറത്താക്കിയ മുതിർന്ന നേതാവും പ്രമുഖ അഭിഭാഷകനുമായ സി. ഷുക്കൂറും ഭാര്യ അഡ്വ. ഷീന ഷുക്കൂറും രാഷ്ട്രീയ നിലപാട് പ്രഖ്യാപനത്തിൽ മൗനം പാലിക്കുന്നു. എടുത്തുചാടി ഏതെങ്കിലും കക്ഷി രാഷ്ട്രീയത്തിന് വിധേയമാകണ്ട എന്ന നിലപാടിലാണ് ഇരുവരുമുള്ളത്. പത്ത് കൊല്ലം മുമ്പുള്ള സാഹചര്യമല്ല ഇന്ന് കേരളത്തിലും ഇന്ത്യയിലുമുള്ളതെന്ന് മുസ്ലിം ലീഗ് നേതൃത്വം തിരിച്ചറിയണമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. വോട്ട്ബാങ്കിന് വേണ്ടിമാത്രം നിലകൊള്ളുന്നവരായി ലീഗ് നേതൃത്വം മാറി. പോസിറ്റീവ് കാഴ്ചപ്പാട് ഇന്നുള്ള നേതൃത്വത്തിനില്ലെന്നും അതെല്ലാം സി.എച്ചിന്റെ കാലം കഴിഞ്ഞതോടെ ഇല്ലാതായെന്നും ഷുക്കൂർ പറയുന്നു. ലീഗ് നേതാക്കളുടെ നയവ്യതിയാനങ്ങളെ തുറന്നെതിർക്കുകയും രാഷ്ട്രീയം നോക്കാതെ ഇടത് നന്മകളെ അനുകൂലിക്കുകയും ചെയ്തതിന്റെ പേരിൽ തുടർച്ചയായി ലീഗ് നേതൃത്വത്തിന്റെ കണ്ണിലെ കരടാവുകയും ചെയ്ത അഭിഭാഷക ദമ്പതികൾ സി.പി.എം നേതാക്കളുമായുള്ള ബന്ധം നിലനിർത്തി മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും തൽക്കാലം ഒരു പാർട്ടിയിലും അംഗത്വം എടുക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം സി.പി.എം അനുകൂലവും മതേതര സ്വഭാവമുള്ളതുമായ സാംസ്‌ക്കാരിക കൂട്ടായ്മ രൂപീകരിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ് ദീർഘകാലം സർക്കാർ അഭിഭാഷകനായിരുന്ന സി. ഷുക്കൂർ. മുസ്ലിം, ക്രിസ്ത്യൻ, പട്ടികജാതി , ഈഴവ , തീയ്യ തുടങ്ങിയ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ കലയും സംസ്‌ക്കാരവും പ്രോത്സാഹിപ്പിക്കുകയും അതോടൊപ്പം ന്യൂനപക്ഷങ്ങൾ അടക്കമുള്ളവരുടെ പ്രശ്‌നങ്ങൾ പൊതുവേദികളിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു വിശാല സാംസ്‌ക്കാരിക കൂട്ടായ്മയാണ് ഇരുവരും ആഗ്രഹിക്കുന്നത്. പുറത്തുനിന്നും നല്ല പിന്തുണ കിട്ടുന്നതിനാൽ ഇരുവരും ആവേശത്തിലുമാണ്. ലീഗിൽ നിന്ന് പുറത്തായതിന്റെ പേരിൽ ഒളിച്ചോടാതെ പൊതു രംഗത്ത് ശക്തമായി തുടർന്ന് കക്ഷി രാഷ്ട്രീയത്തിനപ്പുറം പിന്നോക്ക, ന്യൂനപക്ഷ , സ്ത്രീപക്ഷ , മനുഷ്യാവകാശ നിലപാടുകൾ ഉറക്കെ പറയുകയും അതിനു വേണ്ടി നിലകൊള്ളുകയും ചെയ്യുമെന്ന് തന്നെയാണ് ഷുക്കൂറിന്റെ നിലപാട്. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെ വധിക്കാൻ ശ്രമിച്ച സംഭവത്തിന്റെ 25-ാം വാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ ആത്മകഥയിലെ ഒരു ഭാഗം എടുത്ത് അനുകൂലമായി പോസ്റ്റ് ചെയ്തതിന്റെ പേരിലാണ് പെട്ടെന്നൊരു ദിവസം മുസ്ലിംലീഗ് നേതൃത്വത്തിന് സന്തത സഹചാരിയായിരുന്ന അഡ്വ. സി. ഷുക്കൂർ ശത്രുവായി മാറിയത്. നവമാധ്യങ്ങളിൽ ആ പോസ്റ്റുകൾ വൈറലായതോടെ ലോയേഴ്‌സ് ഫോറം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. വനിതാമതിലിനെ ന്യായീകരിച്ചു പോസ്റ്റ് ഇട്ടതിന് ഇപ്പോൾ ലീഗിൽനിന്നുതന്നെ അദ്ദേഹത്തെ പുറത്താക്കി. എന്നാൽ അന്നും ഇപ്പോൾ പാർട്ടിയിൽനിന്ന് പുറത്താക്കിയപ്പോഴും തന്നോട് വിശദീകരണം തേടുകയോ കാരണം കാണിക്കൽ നോട്ടീസ് തരികയോ ഒന്നും ഉണ്ടായിട്ടില്ലെന്ന് അഡ്വ. ഷുക്കൂർ പറയുന്നു. എന്നെ വളർത്തി വലുതാക്കിയതിൽ പാർട്ടിക്ക് വലിയ പങ്കുണ്ടാകും എന്നുവെച്ചു ഇപ്പോഴത്തെ നേതൃത്വം എടുക്കുന്ന തെറ്റായ നിലപാടുകൾക്ക് എല്ലാകാലവും കൈപൊക്കാൻ കഴിയുമോ എന്നാണ് ഷുക്കൂർ ചോദിക്കുന്നത്. സ്ത്രീകളോടുള്ള സമീപനവും സങ്കൽപവും മാറണം. സ്ത്രീകൾ അടുക്കളയിൽ തളച്ചിടപ്പെടേണ്ടവരാണെന്ന ചിന്തകൾക്ക് വിരാമം ഇടാൻ വനിതാ മതിൽ ഉപകരിക്കും എന്നുതന്നെയാണ് എന്റെ ചിന്ത. കേരളീയ സാഹചര്യത്തിൽ, നവോത്ഥാന മൂല്യങ്ങളെ ഉയർത്തി പിടിച്ച് ജെൻഡർ ഇക്വാലിറ്റിക്കു വേണ്ടി, സെക്യുലർ സ്‌പേസിനു വേണ്ടി തുടർന്നും നിലകൊള്ളും. എസ്. എൻ. ഡി. പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ സമുദായ നേതാവ് തന്നെയായിരിക്കാം. എന്നാൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന വർഗീയ നിലപാടുകാരോടൊപ്പം വിടാതെ ഉന്നതരായ അദ്ദേഹത്തെ പോലുള്ളവരെ നേരിന്റെ പക്ഷത്ത് നിർത്തുന്നത് തന്നെയാണ് ശരിയെന്ന് വിശ്വസിക്കുന്നവനാണ് ഞാൻ. സവർണ ജാതി മേധാവിത്വത്തിനെതിരെ ദളിത്-പിന്നാക്ക വിഭാഗങ്ങളുടെ ഒരു നിര രൂപംകൊള്ളുകയാണ്. എതിരാളികൾ തന്ത്രിയും കൊട്ടാരവും എൻ.എസ്.എസിലെ ചിലരുമാണെന്ന് വെള്ളാപ്പള്ളി നടേശൻ ഉറക്കെ പറഞ്ഞതോടെ സാമൂഹിക വിഭജനത്തിന് മറുവാക്കില്ലാതായത് നാം കാണണം.
വെള്ളാപ്പള്ളിയെയും പുന്നല ശ്രീകുമാറിനെയുമെല്ലാം കാര്യങ്ങൾ മനസിലാക്കാതെയാണ് ചിലർ വിമർശിക്കുന്നതെന്നും അഡ്വ. സി. ഷുക്കൂർ തുറന്നു പറയുന്നു.