Sorry, you need to enable JavaScript to visit this website.

160 കോടി തന്നില്ലെങ്കിൽ 2023 ലോകകപ്പ് ഇന്ത്യക്കില്ല

  • ബി.സി.സി.ഐക്ക് ഐ.സി.സിയുടെ ഭീഷണി


മുംബൈ - 2016 ലെ ട്വന്റി20 ലോകകപ്പ് ഇന്ത്യയിൽ നടന്നപ്പോൾ കിട്ടാതെ പോയ നികുതിയിളവ് ഈടാക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ സമ്മർദ തന്ത്രം. അന്ന് നികുതിയിനത്തിൽ തങ്ങൾക്കുണ്ടായ വരുമാന നഷ്ടമായ 23 ദശലക്ഷം ഡോളർ (160 കോടിയോളം രൂപ) ഡിസംബർ 31 നകം ബി.സി.സി.ഐ നൽകണമെന്നാണ് ഐ.സി.സി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് നൽകാത്തപക്ഷം ഈ സാമ്പത്തിക വർഷം ബി.സി.സി.ഐക്ക് നൽകേണ്ട വരുമാന വിഹിതത്തിൽനിന്ന് അത്രയും തുക കുറയ്ക്കുമെന്നും ബി.സി.സി.ഐ മുൻ അധ്യക്ഷൻ കൂടിയായ ശശാങ്ക് മനോഹറുടെ നേതൃത്വത്തിലുള്ള ഐ.സി.സി താക്കീത് നൽകുന്നു. ഇതിനു പുറമെ ഇന്ത്യക്ക് അനുവദിച്ചിട്ടുള്ള 2023 ലെ ഏകദിന ലോകകപ്പ്, 2021 ലെ ചാമ്പ്യൻസ് ട്രോഫി എന്നിവ മറ്റെവിടെയെങ്കിലും നടത്തുന്നതിനുള്ള സാധ്യതകൾ ആരായുമെന്നുമാണ് താക്കീത്.
ഐ.സി.സി ടൂർണമെന്റുകളുടെ സംപ്രേഷണാവകാശം ലഭിച്ചിട്ടുള്ള സ്റ്റാർ ടി.വി 2016 ലോകകപ്പിന്റെ കരാർ തുക ഐ.സി.സിക്ക് നൽകിയത് മുഴുവൻ നികുതി പണവും കുറച്ചിട്ടാണ്. തങ്ങൾക്ക് ഇന്ത്യയിൽ നികുതി അടയ്‌ക്കേണ്ടിവന്നുവെന്നാണ് സ്റ്റാർ ടി.വി ഐ.സി.സി അറിയിച്ചത്. ഇങ്ങനെ കുറഞ്ഞ തുക ബി.സി.സി.ഐ നഷ്ടപരിഹാരമായി നൽകണമെന്നാണ് ഐ.സി.സിയുടെ ഇപ്പോഴത്തെ ആവശ്യം. ഇതേക്കുറിച്ച് ബി.സി.സി.ഐയെ നേരത്തെ ഓർമിപ്പിച്ചിട്ടുണ്ടെന്നും ഒക്‌ടോബറിൽ സിംഗപ്പൂരിൽ നടന്ന ഐ.സി.സി ബോർഡ് യോഗത്തിൽ ഇക്കാര്യം മിനിറ്റ്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഐ.സി.സി പറയുന്നു.
എന്നാൽ ലോകകപ്പിന് നികുതിയിളവ് നൽകാമെന്ന് ഐ.സി.സിക്ക് തങ്ങൾ ഉറപ്പ് നൽകിയിരുന്നില്ലെന്നാണ് ബി.സി.സി.ഐയുടെ വാദം. ഏതെങ്കിലും യോഗത്തിൽ ബി.സി.സി.ഐ അപ്രകാരം ഉറപ്പ് നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ മിനിറ്റ്‌സ് നൽകാനും ബി.സി.സി.ഐ ആവശ്യപ്പെടുന്നു. ഇതുവരെ അത്തരത്തിലൊരു മിനിറ്റ്‌സും ഐ.സി.സി നൽകിയിട്ടില്ലെന്ന് ബി.സി.സി.ഐയുമായി അടുപ്പമുള്ള ഒരു വക്താവ് പറഞ്ഞു. ലോകകപ്പിന് ഇന്ത്യയിൽ സർക്കാറിന്റെ നികുതിയിളവ് നേടിക്കൊടുക്കാമെന്നോ, അതിന് കഴിയാത്ത പക്ഷം നഷ്ടപരിഹാരം നൽകാമെന്നോ ബി.സി.സി.ഐ മുൻ അധ്യക്ഷൻ എൻ. ശ്രീനിവാസൻ ഒരു ഘട്ടത്തിലും ഐ.സി.സിക്ക് ഉറപ്പ് നൽകിയിട്ടില്ലെന്നാണ് വക്താവ് പറഞ്ഞത്.
അതിനിടെ ബി.സി.സി.ഐയെ സമ്മർദത്തിലാക്കാനുള്ള ശശാങ്ക് മനോഹറിന്റെ വ്യക്തിപരമായ അജണ്ടയാണിതെന്നും ആരോപണമുണ്ട്. 
 

Latest News