അൽഐൻ - ആധികാരിക വിജയത്തോടെ റയൽ മഡ്രീഡ് ക്ലബ് ലോകകപ്പ് നിലനിർത്തി. ഫൈനലിൽ യു.എ.ഇയിലെ അൽഐനെ 4-1 നാണ് സ്പാനിഷ് വമ്പന്മാർ തകർത്തുവിട്ടത്. ഫിഫ ലോക ഫുട്‌ബോളറും, ബാലൺഡോർ ജേതാവുമായ ലൂക്ക മോദ്‌റിച്ചിലൂടെ തുടങ്ങിയ ഗോൾ വേട്ടയുടെ ആധിപത്യം മത്സരത്തിലുടനീളം റയൽ നിലനിർത്തി.
അബുദാബിയിൽ നടന്ന മത്സരത്തിന്റെ പതിനാലാം മിനിറ്റിലാണ് മോദ്‌റിച്ച് റയലിനെ മുന്നിലെത്തിക്കുന്നത്. ആദ്യ പകുതി തീരും വരെയും റയലിന് ആ ഒരു ഗോളിന്റെ ലീഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
എന്നാൽ രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണകാരികളായ റയൽ അറുപതാം മിനിറ്റിൽ മാർക്കോസ് ലോറെന്റെയിലൂടെ ലീഡ് മെച്ചപ്പെടുത്തി. 79 ാം മിനിറ്റിൽ സെർജിയോ റാമോസ് ലീഡ് 3-0 ആക്കി.
86 ാം മിനിറ്റിൽ ജാപ്പനീസ് താരം സുകാസ ഷിയോറ്റാനിയാണ് അൽഐന്റെ ആശ്വാസ ഗോൾ നേടുന്നത്. എന്നാൽ ഇൻജുറി ടൈമിൽ യഹ്‌യ താഹിറിന്റെ സെൽഫ് ഗോൾ റയലിന്റെ വിജയം 4-1 നാക്കി. തുടർച്ചയായി മൂന്നാം തവണയാണ് റയൽ ലോക ക്ലബ് ഫുട്‌ബോൾ ചാമ്പ്യന്മാരാവുന്നത്.
അബുദാബിയിൽ നടന്ന ലൂസേഴ്‌സ് ഫൈനലിൽ ജപ്പാനിലെ കഷീമ അന്റ്‌ലേഴ്‌സിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് അർജന്റീനയിലെ റിവർ പ്ലേറ്റ് മൂന്നാം സ്ഥാനക്കാരായി.