കൽപറ്റ- തരിയോട് ജി.എൽ.പി സ്‌കൂളിൽ പഠിതാക്കളുടെ മുത്തശ്ശിമാരുടെ സംഗമം നടത്തി. 60 മുതൽ 75 വരെ പ്രായമുള്ള ഒട്ടേറെ മുത്തശിമാർ പങ്കെടുത്തു. കൽപറ്റ ബ്ലോക്ക് പഞ്ചായത്തംഗം ജിൻസി സണ്ണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ വിദഗ്ധൻ കെ.എച്ച്. ജറീഷ് മുഖ്യ പ്രഭാഷണം നടത്തി. പ്രധാനാധ്യാപിക വത്സ പി. മത്തായി, എം.പി.കെ. ഗിരീഷ് കുമാർ, എം.എ. ലില്ലിക്കുട്ടി, കെ. സന്തോഷ്, സജിഷ പ്രശാന്ത്, ഹാജിറ സിദ്ദീഖ്, ശശികുമാർ, പി.ബി. അജിത, ടി. സുനിത, സി.സി. ഷാലി, എം. മാലതി, എൻ.കെ. ഷമീന, വി.പി. ചിത്ര എന്നിവർ പ്രസംഗിച്ചു. സംഗമത്തിൽ പങ്കെടുക്കുന്നതിനു വിദ്യാലയത്തിലെത്തിയ മുത്തശ്ശിമാരെ കുട്ടികൾ പൂക്കൾ നൽകി സ്വീകരിച്ചു.
ഓരോ മുത്തശ്ശിക്കും മധുരപലഹാരം നൽകി. വല്യമ്മമാർക്കു മുന്നിൽ കുരുന്നുകൾ കലാപരിപാടികൾ അവതരിപ്പിച്ചു. കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് മുത്തശ്ശിമാർ മടങ്ങിയത്. വിദ്യാലയത്തിൽ ലഭിച്ച വരവേൽപ് അവർക്കു ജീവിത സായാഹ്നത്തിലെ അപൂർവാനുഭവമായി.