ഈരാറ്റുപേട്ട: ഓടിത്തളർന്ന ആംബുലൻസിന്റെ കണ്ണുനീർ സോഷ്യൽമീഡിയയിൽ വൈറലായപ്പോൾ ഈരാറ്റുപേട്ട കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് നാട്ടുകാരുടെ വക ഉപഹാരം രണ്ട് ആംബുലൻസുകൾ. ആംബുലൻസുകളുടെ സമർപ്പണം പ്രമുഖ സോഷ്യൽമീഡിയാ ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ നിർവഹിച്ചു.
കോട്ടയം ജില്ലയിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന പാലിയേറ്റീവ് കെയർ സൊസൈറ്റിയാണ് കരുണ. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലുമായി നൂറുകണക്കിന് രോഗികൾക്കാണ് കരുണയുടെ ആശ്വാസം ലഭ്യമായിട്ടുള്ളത്. പ്രതിമാസം 350 ഓളം രോഗികൾക്ക് ആശ്വാസവുമായി കരുണയുടെ പ്രവർത്തകർ കടന്നു ചെല്ലുന്നു. പാലിയേറ്റീവ് കെയറിന് പുറമേ മറ്റു മേഖലകളിലും തങ്ങളുടേതായ ഇടം കണ്ടെത്താൻ കരുണക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ പ്രളയ കാലത്ത് കരുണ ആരംഭിച്ച ദുരിതാശ്വാസ കളക്ഷൻ സെന്ററിലൂടെ അരക്കോടിയിലേറെ രൂപയുടെ അവശ്യ വസ്തുക്കളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയച്ചത്.
ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിലാണ് ഓടിത്തളർന്ന ആംബുലൻസിന്റെ കഥ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. എട്ട് വർഷം മുമ്പ് ജമാഅത്തെ ഇസ്ലാമി വനിതാ സമ്മേളന ഉപഹാരമായി കോഴിക്കോട്ടുനിന്ന് ലഭിച്ച ആംബുലൻസാണ് ഇതുവരെയും സർവീസ് നടത്തിക്കൊണ്ടിരുന്നത്.
എം.എൽ.എ പി.സി.ജോർജും എം.പിയും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പല ഘട്ടങ്ങളിലായി വാഗ്ദാനം ചെയ്ത ആംബുലൻസുകൾക്കായി കരുണ ഭാരവാഹികൾ പലവട്ടം ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും എല്ലാ വൃഥാവിലാവുകയായിരുന്നു. തുടർന്നാണ് കരുണ സഹകാരികളിലൊരാൾ ആംബുലൻസിന്റെ കണ്ണീരിന്റെ കഥ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആക്കിയത്.
തുടർന്ന് ഓൺലൈൻ, ഓഫ് ലൈൻ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയ സാന്നിധ്യമായ എന്റെ ഈരാറ്റുപേട്ട ഫെയ്‌സ്ബുക്ക് കൂട്ടായ്മ തുടങ്ങിവെച്ച ആംബുലൻസ് ഫണ്ട് കലക്ഷൻ ഈരാറ്റുപേട്ട പൗരാവലി ഏറ്റെടുക്കുകയായിരുന്നു. ഫണ്ട് ശേഖരണാർഥം മുഹമ്മദ് ഹാഷിർ നദ്‌വി രക്ഷാധികാരിയായി കരുണ ആംബുലൻസ് കളക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങളും സജീവമാക്കി.
നമ്മൾ ഈരാറ്റുപേട്ടക്കാർ ഫെയ്‌സ്ബുക്ക് കൂട്ടായ്മ, നാട്ടിലേയും പ്രവാസ ലോകത്തേയും വിവിധ കൂട്ടായ്മകൾ, വിവിധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അധ്യാപകർ, സന്നദ്ധ സംഘടകൾ, തൊഴിലാളികൾ തുടങ്ങി എല്ലാ തുറകളിലും പെട്ടവർ തങ്ങളുടേതായ വിഹിതം നൽകിയപ്പോൾ കലക്ഷൻ 22,53,000 രൂപയിലെത്തി. കുടുക്കകളിൽ സൂക്ഷിച്ചുവെച്ചിരുന്ന ചില്ലറതുട്ടുകൾ നൽകി കൊച്ചു കുട്ടികൾ വരെ തങ്ങളുടേതായ പങ്കാളിത്തം ഉറപ്പുവരുത്തി.
ഈ തുക ഉപയോഗിച്ച് ആധുനിക സൗകര്യങ്ങളോടെയുള്ള ഒരു ഫോഴ്‌സ് ട്രാവലർ ആംബുലൻസും, ഹോം കെയർ സർവീസുകൾക്കായി ഒരു മാരുതി ഈക്കോ വാഹനവും, ഒരു മൊബൈൽ ഫ്രീസറും (മോർച്ചറി) അതിനാവശ്യമായ ഒരു ജനറേറ്ററും വാങ്ങുകയായിരുന്നു. ആംബുലൻസ് മെയിന്റനൻസിന് സ്ഥിരമായി വരുമാനം കണ്ടെത്താൻ രണ്ട് ലക്ഷം രൂപ ഉപയോഗപ്പെടുത്തി പണിയുപകരണങ്ങൾ വാടകക്ക് നൽകുന്ന ഒരു സ്ഥാപനം കൂടി ഉടൻ പ്രവർത്തനമാരംഭിക്കും.
മുട്ടംകവലയിൽ നടന്ന ആംബുലൻസ് സമർപ്പണ ചടങ്ങിൽ കളക്ഷൻ കമ്മിറ്റി രക്ഷാധികാരി ഹാഷിർ നദ്‌വി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷബീബ് ഖാൻ റിപ്പോർട്ട് അവതരിപ്പിച്ചു.
കരുണ ചെയർമാൻ എൻ.എ.എം. ഹാറൂൺ വാഹനങ്ങളുടെ രേഖകൾ ഹാഷിർ നദ്‌വിയിൽനിന്ന് ഏറ്റുവാങ്ങി. കരുണ വികസന സമിതി പ്രസിഡന്റ് എ.എം.എ. ഖാദർ, കരുണ വികസന സമിതി വൈസ് പ്രസിഡന്റ് നിസാർ ഖുർബാനി എന്നിവർ ആംബുലൻസിന്റേയും ഹോംകെയർ വാഹനത്തിന്റേയും താക്കോൽ ഏറ്റുവാങ്ങി. അജ്മി ഫുഡ് ഇന്ത്യ ചെയർമാൻ കെ.കെ.അബ്ദുൽ കാദർ ആംബുലൻസിന്റെ ഒരു വർഷത്തെ പ്രവർത്തന ചെലവുകൾ ഏറ്റെടുത്തു.
പീപ്പിൾസ് ഫൗണ്ടേഷൻ പ്രതിനിധി ജമാൽ പാനായിക്കുളം, മഹല്ല് ഇമാമുമാരായ ഇസ്മായിൽ മൗലവി, സുബൈർ മൗലവി, അങ്കാളമ്മൻ കോവിൽ പ്രതിനിധി സി.പി. ശശികുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് മൻസൂർ പൊന്തനാൽ, പ്രവാസി സംഘടനാ പ്രതിനിധികളായ മുഹമ്മദ് നിസായി, ഷെമീർ മണക്കാട് എന്നിവർ പങ്കെടുത്തു.
എന്റെ ഈരാറ്റുപേട്ട, നമ്മൾ പേട്ടക്കാർ ഫെയ്‌സ്ബുക്ക് കൂട്ടായ്മകൾ, ടീം ആപത് മിത്ര ഈരാറ്റുപേട്ട എന്നിവർക്കുള്ള ഉപഹാരം സമ്മാനിച്ചു.
തൽഹ നദ്‌വി ഖിറാഅത്തും അജ്മൽ പാറനാനി സ്വാഗതവും ആംബുലൻസ് കളക്ഷൻ കമ്മിറ്റി കൺവീനർ ഷഹീർ കരുണ നന്ദിയും പറഞ്ഞു.