റിയാദ് - ജനാദ്രിയ ഫെസ്റ്റിവൽ നഗരിയിലേക്ക് തലസ്ഥാന നഗരിയിലെ നാലിടങ്ങളിൽനിന്ന് ബസ് ഷട്ടിൽ സർവീസ്. ഗർണാത സെന്റർ, എക്‌സിറ്റ് പതിനാറിലെ ഐകിയ പാർക്കിംഗ്, അൽമൽഖ ഡിസ്ട്രിക്ടിലെ അൽമകാൻ മാൾ, ലബൻ ഡിസ്ട്രിക്ടിലെ അൽറിയാദ് ക്ലബ്ബ് എന്നിവിടങ്ങളിൽ നിന്നാണ് ബസ് സർവീസുകളുണ്ടാവുക. ഫാമിലികൾക്കു മാത്രമായി ബസ് സർവീസ് സേവനം പരിമിതപ്പെടുത്തിയിട്ടുണ്ട്.
അടുത്ത ചൊവ്വാഴ്ച മുതൽ നാലിടങ്ങളിൽ നിന്നും ജനാദ്രിയയിലേക്കും തിരിച്ചും ബസ് സർവീസുകളുണ്ടാകും. വൈകീട്ട് മൂന്നു മുതൽ രാത്രി പതിനൊന്നു മണി വരെയുള്ള സമയത്ത് ബസ് സർവീസുകളുണ്ടാകും. വെള്ളിയാഴ്ച വൈകീട്ട് മൂന്നു മുതൽ രാത്രി പന്ത്രണ്ടു വരെ ബസ് സർവീസുണ്ടാകും. അൽമകാൻ മാളിൽ നിന്ന് ഓരോ പതിനഞ്ചു മിനിറ്റിലും ഐകിയ പാർക്കിംഗിൽനിന്ന് ഓരോ മുപ്പതു മിനിറ്റിലും ഗർണാത സെന്ററിൽനിന്ന് അഞ്ചു മുതൽ പത്തു മിനിറ്റു വരെ ഇടവേളകളിലും അൽറിയാദ് ക്ലബ്ബിൽ നിന്ന് ഓരോ പതിനഞ്ചു മിനിറ്റിലും ബസ് സർവീസുകളുണ്ടാകും.
കഴിഞ്ഞ വർഷം മുതലാണ് ജനാദ്രിയയിലേക്ക് ബസ് സർവീസുകൾ ആരംഭിച്ചത്. ജനാദ്രിയ സന്ദർശകർക്ക് ഈ വർഷം പുതുതായി ടാക്‌സി സർവീസ്, റെന്റ് എ കാർ സേവനവും നൽകുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഈ സേവനങ്ങൾക്ക് ജനാദ്രിയ നഗരിയിൽ രണ്ടു സ്ഥലങ്ങൾ നീക്കിവെക്കുമെന്നും അധികൃതർ പറഞ്ഞു.