Sorry, you need to enable JavaScript to visit this website.

മതിലുകൾ  നിർമിച്ച് നവോത്ഥാന മൂല്യങ്ങൾ തകർക്കരുത് -രമേശ് ചെന്നിത്തല

കോഴിക്കോട് - വനിതാ മതിലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അവകാശലംഘനം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതിലിനുവേണ്ടി സർക്കാർ ഖജനാവിൽനിന്ന് ഒരു രൂപപോലും ചെലവഴിക്കില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ മറുപടി പറഞ്ഞത്. എന്നാൽ ഹൈക്കോടതിയിൽ  സത്യവാങ്മൂലം നൽകിയതിൽ  സ്ത്രീ സുരക്ഷയ്ക്കായി മാറ്റിവെച്ച 50 കോടി രൂപ വനിതാ മതിലിനുവേണ്ടി ചെലവഴിക്കുമെന്നാണ് പറയുന്നത്.  ഇത് കേരള നിയമസഭയോടുള്ള അവകാശലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  
പണം വകമാറ്റി ചെലവാക്കൽ അഴിമതിയുടെ ഭാഗമാണ്. മതിലിന് വേണ്ടി 50 കോടി രൂപ എങ്ങനെയാണ് ചെലവഴിക്കുന്നതെന്നും എന്തിനാണ് ചെലവഴിക്കുന്നതെന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് പാർലമെന്ററി പാർട്ടി ഉപനേതാവ് കെ.സി. ജോസഫ് അവകാശലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. വനിതാ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി മാറ്റിവെച്ച പണം ഇതുവരെ ഉപയോഗിച്ചിട്ടില്ലായെന്നതു ഗുരുതരമായ തെറ്റാണ്. വനിതാ ശിശുക്ഷേമ വകുപ്പ് ഇതിനു മറുപടി നൽകണം. സ്ത്രീകൾക്കെതിരെ വലിയതോതിൽ പീഡനങ്ങൾ നടക്കുമ്പോൾ അവരുടെ സുരക്ഷക്കും പുനരധിവാസത്തിനുമാണ് ബജറ്റിൽ 50 കോടി  വകയിരുത്തിയത്. ഈ  പണം വിനിയോഗിക്കാൻ കഴിഞ്ഞില്ലെന്നത് ഭരണ പരാജയമാണ്. സ്ത്രീ സുരക്ഷയ്ക്കായുള്ള പണം വകമാറ്റി ചെലവഴിക്കാൻ പാടില്ല. വകുപ്പ് തലവനും ചീഫ് സെക്രട്ടറിയും  വിഷയത്തിൽ മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.  ഇതിനെതിരെ ഏതുതരത്തിലുള്ള നിയമനടപടി സ്വീകരിക്കണമെന്നതിനെ കുറിച്ച് യു.ഡി.എഫ് ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.  സി.പി.എം നടത്തുന്ന വനിതാ മതിലിന് സർക്കാർ പണം ചെലവഴിക്കുന്നത് വലിയ തെറ്റാണ്. 
പ്രളയത്തിൽ എല്ലാം തകർന്ന ആയിരങ്ങൾ കേരളത്തിലുള്ളപ്പോൾ അവർക്ക് വീടുവെച്ചു നൽകാനും അവശ്യസാധനങ്ങൾ വാങ്ങിനൽകുന്നതിനും പണം ചെലവഴിക്കാതെ പാർട്ടി പരിപാടിയ്ക്ക് ചെലവഴിക്കുന്നത് തെറ്റാണ്. വനിതാ മതിൽ വർഗീയ മതിലാണ്. കേരളത്തിലെ ജനങ്ങളെ വിഭജിക്കാൻ വേണ്ടിയാണ് സി.പി.എം വനിതാ മതിൽ നിർമ്മിക്കുന്നത്. മതേതരമുഖം ഇതിനില്ല. ഏതെങ്കിലും ഹിന്ദു സംഘടനകൾ മാത്രമല്ല കേരള നവോത്ഥാനത്തിൽ പങ്കുവഹിച്ചത്. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെയും മൊയ്തു മൗലവിയുടെയും ചാവറ അച്ചന്റെയുമെല്ലാം നാടാണ് കേരളം. 
കേരള നവോത്ഥാനത്തിന് വിത്തുപാകിയവരെ മാറ്റി നിർത്തിക്കൊണ്ടുള്ള മതിൽ വർഗീയമാണ്. മതസംഘടനകളുടെ പരിപാടി സർക്കാർ ചെലവിൽ നടത്താൻ കഴിയില്ല. ഭരണഘടനയുടെ ആർട്ടിക്കിൾ 27 പ്രകാരം മതസംഘടനകളുടെ പരിപാടിയ്ക്ക് പൊതുപണം ചെലവഴിക്കരുതെന്ന് വ്യക്തമായി നിർദ്ദേശിക്കുന്നുണ്ട്.  കേരളത്തിലെ നവോത്ഥാന മൂല്യങ്ങൾക്ക് നിലവിൽ പ്രശ്‌നങ്ങൾ ഒന്നുമില്ല. ഇത്തരം മതിലുകൾ  നിർമ്മിച്ച് അവയെ തകർക്കാതിരുന്നാൽ മതി. സർക്കാരാണ് മതിൽ പണിയുന്നതെങ്കിൽ എല്ലാവരെയും വിളിക്കണം. എന്നാൽ പ്രതിപക്ഷത്തോടുപോലും ആലോചിച്ചിട്ടില്ല.  ഇതിന്റെ യഥാർത്ഥവശം മുൻ മുഖ്യമന്ത്രികൂടിയായ വി.എസ് അച്യുതാനന്ദനെ പോലും ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രിക്കായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല കർമസമിതി നടത്തുന്ന അയ്യപ്പജ്യോതിക്ക് പിന്നിൽ ആർ. എസ്. എസ് ആണ്. ആട്ടിൻതോലിട്ട ചെന്നായയാണ് അവർ.   വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് കൂടെനിർത്താൻ ശ്രമിക്കുകയാണവർ. സർക്കാറിന്റെ തെറ്റായ തീരുമാനം ആർ.എസ്.എസിനെ വളർത്താൻ സഹായിക്കുകയേ ഉള്ളൂ. കേരളത്തിലെ ജനങ്ങൾ ആർ.എസ്.എസ് അജണ്ട പൂർണ്ണമായും മനസ്സിലാക്കിയിട്ടുണ്ട്.  വനിതാ മതിലിലും അയ്യപ്പജ്യോതിയിലും മതേതര വിശ്വാസികൾ പങ്കെടുക്കരുത്.  ഈ രണ്ടു പരിപാടികളിലും യു.ഡി.എഫ് നേതാക്കളോ പ്രവർത്തകരോ പങ്കെടുക്കില്ല. അതിനുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.   
വാർത്താസമ്മേളനത്തിൽ കെ.പി.സി.സി സെക്രട്ടറി അഡ്വ. പ്രവീൺകുമാർ, ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, അഡ്വ പി. എം നിയാസ് എന്നിവർ പങ്കെടുത്തു. 

 

Latest News