Sorry, you need to enable JavaScript to visit this website.

സർവത്ര ഒടിയന്മാരുടെ കാലം!

 

ഓർത്തുനോക്കിയാൽ കഷ്ടതരമാണ് നമ്മുടെ രാഷ്ട്രീയക്കാരുടെ കാര്യം. മന്ത്രിയായാലും മാറ്റം വരാത്ത സ്വഭാവം. 'ചൊട്ടയിലെ ശീലം ചുടല' വരെ  എന്ന പഴഞ്ചൊല്ല് ഓർമിച്ചുപോകും. റോഡു മുഴുവനും പൊട്ടിയൊലിച്ച് വ്രണം ബാധിച്ച പോലെ കേരളം മുഴുവനും നീണ്ടും വളഞ്ഞും മടങ്ങിയും കിടക്കുന്ന നേരത്തും വകുപ്പു മന്ത്രി സുധാകരൻ സഖാവിന് മഞ്ജു വരിയരുടെ കണ്ണടയിലാണ് നോട്ടം. വനിതാ മതിലിൽ നിന്നും നടി പിൻവാങ്ങിയതും രാഷ്ട്രീയം കണ്ടെത്തിയതും അവരുടെ 'സാമൂഹ്യ കണ്ണട'യുടെ കുറ്റമാണെന്നും ഉടൻ കൂടുതൽ 'ലെൻസ് പവറുള്ളത് വാങ്ങി മൂക്കിന്മേൽ കയറ്റണമെന്നുമാണ് മന്ത്രിക്കു പറയാനുള്ളത്. 
സ്വന്തം പാർട്ടിയിൽ കണ്ണട മാറ്റി രണ്ടു മന്ത്രിമാരും ഒരു സ്പീക്കറും കൈകാലിട്ടടിച്ചിട്ടു നാളേറെയായിട്ടില്ല. മഞ്ജുവിന്റെ 'വീക്ഷണ'ത്തെയാണ് കവിയായ സുധാരൻ മന്ത്രി കണ്ണടയെന്നു ധ്വാനിപ്പിച്ചത്. ആഹാ! എത്ര നല്ല മന്ത്രി ദർശനം! നൂറ്റാണ്ടുകൾ പഴക്കമുള്ള ഉപമയേ നാവിൽ വരൂ! തമ്മിൽ ഭേദം സിന്ധു ജോയി സഖാവാണ്. വനിത, വേണ്ടിവന്നാൽ സിനിമാ നടിയാകാനുള്ള മേനിക്കൊഴുപ്പ്. അച്ചടി ഭാഷയിലും അച്ചടിക്കാൻ കൊള്ളാത്ത ഭാഷയിലും തീപ്പൊരി പ്രസംഗം നടത്താനുളള പാടവം. ആ സഖാവാണ് പറഞ്ഞത്, മഞ്ജു വാരിയർ വനിതാ മതിലിന് 'ഒടി'വച്ചുവെന്ന്. പിന്നെ മാലപ്പടക്കം പോലെ മന്ത്രി എം.എം. മണിയുടെ മഞ്ജു വിരുദ്ധ സൂക്തങ്ങൾ! ശബരിമലയോ, നവോത്ഥാനമേ അല്ല ഇന്നത്തെ പ്രശ്‌നം, മറ്റേ വാരിയർ തന്നെയാണ് എന്നു തെളിയിക്കുന്നു, ഓരോ മന്ത്രിമാരുടെയും വായ്ത്താരികൾ!


****        ****             ****

'വനിതാ മതിൽ' ഏകദേശം തീർച്ചയായി, നീളം, വീതി, കനം, പൊക്കം എന്നീ അളവുകൾ സ്ഥലം ടെയിലർ സഖാക്കളെക്കൊണ്ട് ടേപ്പ് പിടിച്ച് അളന്ന ശേഷം അണിനിരത്തും. കൃത്യമായ കണക്ക്- ആംഗലത്തിൽ ബയോ ഡാറ്റ സൂക്ഷിക്കാനും കൂടിയാണിത്. പാലക്കാട് ജില്ലയിലെ കാര്യത്തിൽ തീരുമാനം അന്തിമമായിട്ടില്ല. പി.കെ. ശശി എന്ന മാന്യൻ പങ്കെടുക്കുകയോ റോഡ് വഴി നടക്കുകയോ ചെയ്താൽ തൃശൂരിലെ സാറാ ജോസഫ് പങ്കെടുക്കുകയില്ല. പാലക്കാട്ടുനിന്നും സഖാവിന്റെ കൈ അടുത്ത ജില്ല വരെ നീണ്ടാൽ എന്തു ചെയ്യും? ഒരു മുൻകരുതലിന് സാറാമ്മ അങ്ങനെയൊരു വെടിപൊട്ടിച്ചു,  അത്ര തന്നെ! വനിതാ ശിശുക്ഷേമ വകുപ്പിനെ മതിൽ കെട്ടുന്ന പരിപാടിയുടെ ചുമതല ഏൽപിച്ചത് മുഖ്യന്റെ ബുദ്ധിയാണോ എന്നറിയില്ല. ആകാം, എപ്പോഴും പാർട്ടി സെക്രട്ടറിയായി ശോഭിക്കാൻ കഴിയുന്ന ബുദ്ധിയാണല്ലോ സഖാവിന്റേത്. മതിലിൽ എവിടെയെങ്കിലും വിള്ളൽ വീണാൽ കുഞ്ഞുങ്ങളെ നിർത്തി നികത്താൻ കഴിയും. വെറുതെ നിന്ന് സമയം കൊല്ലുന്ന പരിപാടിയായതിനാൽ 'ബാലവേല' നിരോധന നിയമം ലംഘിച്ചുവെന്ന് ചെന്നിത്തലയ്ക്ക് പറയാൻ കഴിയില്ല. മതിലിന് ആവശ്യമായ തുകയും ഹാജരും സംഘടിപ്പിക്കുന്നതിന് കലക്ടർമാരെ ഏർപ്പാടാക്കിയെന്നാണ് പത്രവാർത്ത. ഐ.എ.എസുകാർ എന്നാണ് ഈ കരാർ പണി തടങ്ങിയതെന്ന് ചരിത്രത്തിലൊരിടത്തും കാണുന്നില്ല. എതിരേ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഗർജനം പുറപ്പെടുവിച്ചിട്ടുണ്ട്. 
നന്നായി! നവോത്ഥാനം സംരക്ഷിക്കാനുള്ള മതിലാണെങ്കിൽ അതിൽ പുരുഷന്മാരല്ലേ ഏറെയും വേണ്ടതെന്നും ഉമ്മൻജി ചോദിച്ചിരുന്നു. അദ്ദേഹം ചരിത്രം വായിച്ചിട്ടുണ്ടെന്നു തെളിഞ്ഞു. പിണറായി സഖാവ് കയ്യൂരും കരിവെള്ളൂരും മാത്രം വായിച്ചു അയവിറക്കി കഴിയുകയാണെന്നും വ്യക്തമായി. അദ്ദേഹം കേളപ്പനെയും എ.കെ.ജിയെയും ടി.കെ. മാധവനെയുമൊന്നും കേട്ടിരിക്കാൻ വഴിയില്ല. വനിതാ മതിൽ വർഗീയ മതിൽ എന്നു പ്രചരിപ്പിക്കുന്ന കാര്യത്തിലെങ്കിലും കോൺഗ്രസിലും യു.ഡി.എഫിലും ഐക്യമുണ്ടായി എന്നത് ഒരു സന്തോഷ വാർത്തയായി പ്രവർത്തകർ സ്വീകരിച്ചേക്കാം. എന്നാൽ കോൺഗ്രസ് ഒരു ബദൽ നവോത്ഥാനയാത്ര നടത്താൻ പോകുന്നുവെന്ന വാർത്ത അത്ര ആരോഗ്യകരമല്ല. അതിനു തെരഞ്ഞെടുത്ത തീയതി ഡിസംബർ 28 ആയിക്കോട്ടെ. കോൺഗ്രസിന്റെ സ്ഥാപക ദിനമാണ് അന്ന് എന്ന കാര്യം പുത്തൻ നേതാക്കളെയെങ്കിലും പഠിപ്പിക്കാൻ കഴിയുമല്ലോ! പക്ഷേ, ആ പുത്തൻ യാത്ര, പല ഖദർവാലകൾക്കും നാലു 'പുത്തൻ' സംഘടിപ്പിക്കാനുള്ള സുവർണാവസരമായി മാറുന്നതല്ലാതെ, നാടിനോ സംഘടനയ്‌ക്കോ യാതൊരു ഗുണവുണ്ടാക്കില്ലെന്നാണ് പഴഞ്ചന്മാരുടെ അഭിപ്രായം. സ്വന്തം കീശകൾ നിറയ്ക്കുന്നതിൽ കോൺഗ്രസുകാർ ലോകത്തെ മറ്റേതൊരു പാർട്ടിയേക്കാളും ബഹുദൂരം മുന്നിലാണെന്ന് അറിയാത്തവരില്ല. രണ്ടു മുന്നണികളും 'നവോത്ഥാന'വും ചുമന്നുകൊണ്ട് ഇറങ്ങുമ്പോൾ നമ്മുടെ 'ധർമ'സമിതിക്കാരും കർമസേനകളുമൊക്കെ എന്തു ചെയ്യും? സെക്രട്ടറിയേറ്റ് നടയിലെ നിരാഹാപ്പന്തൽ പോലും അനാഥരുടെ കുടീരമായി കഴിഞ്ഞു. ഏറ്റവും ഒടുവിൽ കിട്ടിയ കച്ചിത്തുരുമ്പായിരുന്നു, ജീവിത നൈരാശ്യം ബാധിച്ച് മണ്ണെണ്ണ സ്‌നാനം നടത്തിയ വേണുഗോപാലൻ നായർ.
ആ പരേതനെപ്പോലും പിടിച്ച് 'ബലിദാനി'യാക്കി സംസ്ഥാനമൊട്ടാകെ ഹർത്താലിൽ സ്തംഭിപ്പിച്ചു. ഇനിയൊരു ബലിദാനിയെ കിട്ടിയിട്ടു വേണം അടുത്ത ഹർത്താൽ!  ഇവരെപ്പേടിച്ചാരും ആത്മഹത്യക്കു പോലും ധൈര്യപ്പെടുന്നില്ല. പിടിച്ചു 'ബലിദാനി'യാക്കിയാലോ? നിവൃത്തിയില്ലെങ്കിൽ വക്കീലും കൂട്ടരും ചേർന്ന് ഒരു 'നവ നവോത്ഥാനം' സംഘടിപ്പിക്കാൻ ആലോചിക്കുന്നുണ്ടത്രേ! പക്ഷേ,  ആരംഭത്തിൽ തന്നെ, വി. മുരളീധരനും കൃഷ്ണദാസും സുരേന്ദ്രനും നാടു വിട്ടു. സി.കെ. പത്മനാഭൻ ഉപവാസത്തിലായതിനാൽ പുതപ്പും മൂടി കഴിയുന്നു. മുൻ ഉപവാസി എ.എൻ. രാധാകൃഷ്ണൻ കഴിഞ്ഞ നിരാഹാര പരിഹാരാർഥം കുഴമ്പും എണ്ണയും ഫുഡും ലേഹ്യവുമായി കഴിയുകയാണെന്നും കേൾക്കുന്നു.

****           ****              ****

രാഹുൽ ഗാന്ധി ഒടിയൻ എന്ന സിനിമ കണ്ടുവോ എന്നറിയില്ല. ഏതു വഴിക്കും സി.ഡി കിട്ടുന്ന കാലമാണ്. മൃഗരൂപത്തിലും കടന്നുവന്ന് ശത്രുവിനെ ആക്രമിക്കാനുള്ള അത്ഭുത സിദ്ധിയുണ്ടത്രേ ഒടിയന്! കാർഷിക കടങ്ങൾക്ക് പരിഹാരമുണ്ടാക്കിയില്ലെങ്കിൽ മോഡിജിയെ കിടന്നുറങ്ങാൻ അനുവദിക്കില്ലെന്നാണ് രാഹുൽജിയുടെ പ്രഖ്യാപനം. 'ഒടിയൻ വേല' പഠിച്ചിരിക്കാം.
അദ്ദേഹം കൊതുകായി പരകായപ്രവേശം നടത്തി പ്രധാൻമന്ത്രിജി പോകുന്നിടത്തെല്ലാം എത്തി കുത്തിനോവിച്ചുകൊണ്ടേയിരിക്കും! കോൺഗ്രസ് സംഘടന വേദി ചെല്ലാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം 'ചൊറിതണം' കൃഷി വ്യാപിപ്പിക്കും! എന്നിട്ടെന്തു ചെയ്യുമെന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. സംസ്ഥാനങ്ങൾ തോറും തോറ്റു മടങ്ങുന്ന മോഡി-ഷാജിമാർക്ക് കഷ്ടം കാലം തുടങ്ങിയെന്നു സാരം. കോർപറേറ്റുകൾ നാടിന്റെ പണം അടിച്ചോണ്ട് സ്ഥലം വിടുന്നതു പോലെയല്ല നാട്ടിലെ കൃഷിക്കാർ. നാടുവിടുന്നവരെക്കൊണ്ടു നമുക്കൊരു ശല്യവുമില്ല. കർഷകർ അങ്ങനെയല്ല, വെടിവെച്ചു കൊല്ലണം. സമരം ചെയ്യാൻ നടക്കുന്നു! ദേശദ്രോഹികൾ! ആ കോർപറേറ്റ് ഭീന്മാരെ കണ്ടുപഠിക്കണം. ങ്ഹാ, 'അതിനു വിവരമില്ലല്ലോ!

****            ****            ****

ഒടിയന്റെ വിദ്യകൾ മണ്ണടിഞ്ഞിട്ടൊന്നുമില്ല. ഉയർത്തെഴുനേൽക്കുകയാണ്. 4400 വർഷം പഴക്കമുള്ള 'മമ്മി'കളെ ഇപ്പോൾ ഈജിപ്തിൽ കണ്ടെത്താൻ കഴിഞ്ഞില്ലേ? ഇതാ ഇപ്പോൾ നമ്മൾ സമാധിയടഞ്ഞുവെന്നു കരുതിയ ഗ്രൂപ്പിസം തന്നെ ഏതൊക്കെ നിലയിലാണ് വീണ്ടും തല പൊക്കുന്നത്? കെ.പി.സി.സി പ്രസിഡന്റായിപ്പോയി എന്ന ഏക കുറ്റത്തിന് മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന പാവം ഗാന്ധിയൻ എത്രയെത്ര ഗ്രൂപ്പ് സമ്മർദങ്ങളെ രാവിലെ മുതൽ രാത്രി ഉറങ്ങാൻ പോകുന്നതു വരെ നേരിടേണ്ടിവരുന്നു? 'ചത്തു' എന്നു കരുതിയ 'മമ്മി' എണീറ്റ് വായും തുറന്നു വരുന്നതു പോലെയുള്ള ഗ്രൂപ്പ് വരവ് ഏതായാലും സൂക്ഷിക്കണം. പുനഃസംഘടന എന്ന വാക്ക് പണ്ടെങ്ങോ മന്ത്രം ചൊല്ലി തകിട് ജപിച്ച് ആലിന്മേൽ ആണിയടിച്ചു നിർത്തിയിരുന്നതാണ്. ദേ, വീണ്ടും തല പൊക്കി! സംസ്ഥാന സമിതി അംഗങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന ഒറ്റ വാചകമാണ് കുഴപ്പം വിളിച്ചുവരുത്തിയത്. സർവ കുട്ടിച്ചാത്തന്മാരും അതോടെ ഇളകി. യക്ഷി, മാടൻ, മറുത തുടങ്ങിയ വേഷങ്ങളിൽ ഒടിയൻ വിദ്യയുമായി അവർ ഇറങ്ങിയിരിക്കുന്നു! മുല്ലപ്പള്ളി ഇനി ഏതു പള്ളിയിൽ പോയി ഒളിക്കുമെന്ന് പാഴൂർ പടിക്കൽ ചെന്നു തന്നെ കേട്ടറിയണം!
 

Latest News