പ്രതിസന്ധി രൂക്ഷമായതിനാൽ കെ.എസ്.ആർ.ടി.സി സർവീസുകൾ നിന്നു പോകുമെന്നാണ് മന്ത്രി എ.കെ. ശശീന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞത്. കുറച്ചു കാലമായി പ്രശ്‌നങ്ങൾ അതിജീവിച്ച് നിലനിൽപിനായുള്ള തീവ്ര പോരാട്ടത്തിലായിരുന്നു കോർപറേഷൻ. ടോമിൻ ജെ. തച്ചങ്കരി എം.ഡിയായി ചുമതലയേറ്റ ശേഷമാണ് ആന വണ്ടിക്ക് നല്ല കാലം തെളിഞ്ഞത്. അദ്ദേഹം പല പരിഷ്‌കാരങ്ങളും നടപ്പാക്കി. രാത്രിയിലാണ് ദീർഘദൂര യാത്രയ്ക്ക് ആളുകൾ തെരഞ്ഞെടുക്കുന്നത്. ഇതിന്റെ ഗുണം റെയിൽവേയ്ക്കാണ് ലഭിക്കുന്നത്. കോഴിക്കോട്ടു നിന്ന് 12 മണിക്കൂറെടുത്ത് എത്തുന്ന ട്രെയിനിലും നിറയെ യാത്രക്കാരാണ്. ഈ വിഭാഗത്തെ ലക്ഷ്യമിട്ടാണ് തലസ്ഥാന നഗരത്തിൽ നിന്ന് മിന്നൽ സർവീസ് തുടങ്ങിയത്. കൊല്ലം, ആലപ്പുഴ, വൈറ്റില, തൃശൂർ നഗരങ്ങളിൽ സ്റ്റോപ്പ് ചെയ്ത് ആറോ, ഏഴോ മണിക്കൂറുകൾ എടുത്താണ് മിന്നൽ പറന്നെത്തുന്നത്. ഏറ്റവുമൊടുവിൽ കോഴിക്കോട്-പാലക്കാട് റൂട്ടിൽ തുടങ്ങിയ രാജധാനിക്ക് നാലഞ്ച് സ്റ്റോപ്പുകളുണ്ടെങ്കിലും മൂന്നര മണിക്കൂർ കൊണ്ട് ഓടിയെത്തുമെന്നാണ് അവകാശ വാദം. പണ്ട് കാർത്തിക് എന്ന പേരിലൊരു പ്രൈവറ്റ് ബസ് പാലക്കാട്ടു നിന്ന് മൂന്നര മണിക്കൂറെടുത്ത് കോഴിക്കോട്ടെത്തിയിരുന്നു. മയിലിനും കെ.ടി.സിക്കും കയറാതെ പാലക്കാട്ടും ഒലവക്കോട്ടും ആളുകൾ കാർത്തിക്കിനെ കാത്തിരുന്നത് മുപ്പത് കൊല്ലം മുമ്പ്. അതേ സാധ്യത ഉപയോഗപ്പെടുത്തിയാണ് കെ.എസ്.ആർ.ടിസിയുടെ രാജധാനി രാവിലെ മുതൽ ഓരോ മണിക്കൂർ ഇടവിട്ട് സർവീസ് തുടങ്ങിയത്. ഇത്തരം മാറ്റം ബംഗളൂരു, എറണാകുളം, മധുര, കോയമ്പത്തൂർ റൂട്ടുകളിലെല്ലാം കാണാനുണ്ട്. എറണാകുളത്ത് നിന്ന് പുറപ്പെട്ട് കോഴിക്കോട്ടേക്ക് വരുന്ന ലോ ഫ്‌ളോർ എ.സി ബസ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലും കരിപ്പൂർ വിമാനത്താവളത്തിലും കയറിയിറങ്ങുന്നത് തലയിൽ ആൾപാർപ്പുള്ളവർ കോർപറേഷന്റെ തലപ്പത്തെത്തിയതിന്റെ ഫലമാണ്. പെൻഷനും ശമ്പളവും വായ്പാ തിരിച്ചടവും നിമിത്തം രക്ഷയില്ലാതായ കോർപറേഷൻ ഒരു വിധം കരകയറി വരുന്നതിനിടെയാണ് എം പാനൽ കേസിൽ ഹൈക്കോടതി വിധി. എല്ലാ എം പാനലുകാരെയും പിരിച്ചുവിട്ട് പി.എസ്.സി ലിസ്റ്റിലുള്ളവരെ കാലതാമസമില്ലാതെ ജോലിയിലെടുക്കാനുമാണ് കോടതി നിർദേശിച്ചത്. ഈ സാഹചര്യത്തിലാണ് സ്ഥാപനം വീണ്ടും പ്രതിസന്ധിയിലായത്. ലിസ്റ്റിലുള്ളവരെ ക്ഷണിച്ചു വരുത്തി ഇന്നലെ ജോലിക്ക് വെക്കുകയും ചെയ്തു. ചടങ്ങിൽ തച്ചങ്കരി പറഞ്ഞ കാര്യം ശ്രദ്ധേയമാണ്. പുതുതായി വന്നവരാരും സ്ഥാപനത്തെ സത്രമായി കാണരുതെന്നാണ് അദ്ദേഹത്തിന്റെ അഭ്യർഥന. മോഹൻലാൽ ഒരു സിനിമയിൽ പറഞ്ഞത് പോലെ ഒരു ജോലി കിട്ടിയിട്ട് വേണം ലീവെടുക്കാൻ എന്ന മനഃസ്ഥിതിയുമായി ആരും ജോയിൻ ചെയ്യേണ്ടതില്ലെന്ന് ചുരുക്കം. ഇതൊരു മാറ്റത്തിന്റെ സൂചനയാണ് നൽകുന്നത്.
കേരളത്തിന്റെ സാമ്പത്തിക തകർച്ചയ്ക്ക് ഉത്തരവാദിയായ പൊതുമേഖലാ സ്ഥാപനങ്ങൾ കെ.എസ്.ആർ.ടി.സിയും കെ.എസ്.ഇ.ബിയുമാണെന്ന് സർക്കാറിന് ലഭിച്ച സി.എ.ജി റിപ്പോർട്ടുകളിലുണ്ട്.
എൺപതുകളുടെ രണ്ടാം പാതി. മലബാറിന്റെ ആസ്ഥാന നഗരമായ കോഴിക്കോട്ടു നിന്ന് ഉത്തര ദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് രാത്രിയിൽ അന്ന് ലഭ്യമായിരുന്ന പൊതുഗതാഗത സംവിധാനം കെ.എസ്.ആർ.ടി.സി ബസുകളായിരുന്നു. എട്ടര മണിക്ക് എറണാകുളം - കണ്ണൂർ എക്‌സ്പ്രസ് ട്രെയിൻ യാത്രയായാൽ പിന്നെയുള്ള തീവണ്ടി മദ്രാസിൽ നിന്നും യാത്രക്കാരെ കുത്തി നിറച്ചെത്തുന്ന വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്. കോയമ്പത്തൂർ വഴി വരുന്ന ഈ ട്രെയിൻ കോഴിക്കോട് കടന്നു പോകുന്നത് രാത്രി ഒരു മണിയോടടുത്തായിരിക്കും. ഏക ജനറൽ കമ്പാർട്ടുമെന്റിൽ പഴുതുള്ളിടത്തെല്ലാം മനുഷ്യരെ കുത്തിനിറച്ചിരിക്കും. കപ്പാസിറ്റിയുടെ രണ്ടും മൂന്നും ഇരട്ടിയാളുകളാവുമ്പോൾ അസഹ്യമായ അനുഭവമാണ് സൂപ്പറെന്ന് വിളിപ്പേരുള്ള ഈ അതിവേഗ ട്രെയിനിലെ യാത്ര. കോവൈ നഗരത്തിൽ നിന്ന് കമ്പാർട്ടുമെന്റുകളിൽ വ്യാപാരികൾ കുത്തിനിറക്കുന്ന മുല്ലപ്പൂക്കളുടെ സുഗന്ധമാണ് ആകെ ആശ്വാസം. റെയിൽവേ സ്റ്റേഷനിലെ സാഹസത്തിനൊത്തുമില്ലെന്ന് പറഞ്ഞ് മാറി നിൽക്കുന്നവരെല്ലാം മാവൂർ റോഡിലെ ട്രാൻസ്‌പോർട്ട് സ്റ്റാൻഡ് ലക്ഷ്യമാക്കി നീങ്ങുന്നു.
സർക്കാർ ജോലികളിൽ കണ്ടക്ടറുടെ പണിക്കാണ് പവറ് കൂടുകയെന്ന് നാട്ടുകാർ മനസ്സിലാക്കുന്നതും അർധരാത്രിയിലെ കാത്തിരിപ്പു വേളകളിലാണ്. രാത്രി 9.30 ന് ശേഷം മംഗലാപുരം ബോർഡുമായി ഒരെണ്ണം പാർക്കിംഗ് ബേയിലേക്ക് മാറ്റും. കാഞ്ഞങ്ങാട്, കാസർകോട്, മംഗലാപുരം യാത്രക്കാരെ മാത്രം ഫിൽട്ടർ ചെയ്ത് പ്രവേശിപ്പിക്കാനായി കണ്ടക്ടർ അവർകൾ ഡോറിൽ നിലയുറപ്പിക്കും. 90 കിലോ മീറ്റർ അകലെ കണ്ണൂരിലേക്കുള്ള യാത്രക്കാരനെ പോലും കയറാൻ അനുവദിക്കില്ല.
കേരളത്തിൽ ടൂറിസം നന്നാക്കാൻ ഒരു ഗതാഗത മന്ത്രി കണ്ണൂരിലെ പയ്യാമ്പലത്തേക്ക് തിരുവനന്തപുരത്തെ വേളിയിൽ നിന്ന് ഒരു കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് സർവീസ് നടത്തി. വടകരയിൽ നിന്നുള്ള മന്ത്രിയുടെ കൈയിൽ വകുപ്പ് ലഭിച്ചപ്പോൾ രാത്രിയിലുള്ള പയ്യാമ്പലം യാത്ര ഒഴിവാക്കി ബസ് വടകര വരെയാക്കി.
കഴിഞ്ഞ രണ്ട് ദശകങ്ങൾക്കിടെ യാത്രക്കാരുടെ എണ്ണം കൂടിയത് പോലെ സൗകര്യങ്ങളും വർധിച്ചു. കൊങ്കൺ പാത തുറന്ന് വടക്കൻ കേരളത്തിലൂടെ ദീർഘദൂര ട്രെയിൻ സർവീസുകൾ ആരംഭിച്ചതിനാൽ ട്രാൻസ്‌പോർട്ട് ബസുകളെ കാര്യമായി ആരും ഗൗനിക്കാറില്ല. എറണാകുളം, കോട്ടയം, തൃശൂർ നഗരങ്ങളിൽ നിന്ന് ആളുകൾക്ക് സുപരിചിതമായ വടക്കൻ കേരളത്തിലെ പട്ടണങ്ങളിലേക്ക് രാപ്പകൽ വ്യത്യാസമില്ലാതെ സ്വകാര്യ ബസ് സർവീസുകൾ തുടങ്ങി.
യു.ഡി.എഫ് സർക്കാറിൽ ഗണേഷ് കുമാർ മന്ത്രിയായ കാലത്താണ് ഇതിനെയൊന്ന് ശരിപ്പെടുത്താൻ ശ്രമമുണ്ടായത്. തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും എ.സി വോൾവോ സർവീസുകൾ ആരംഭിച്ച് സ്വകാര്യ ബസുകളുമായി മത്സരിക്കാൻ ശ്രമം തുടങ്ങി.
അയൽ സംസ്ഥാനങ്ങളായ കർണാടക, തമിഴുനാട് എന്നിവയും പൊതുഗതഗാത സംവിധാനമായ ബസ് സർവീസുകൾ സർക്കാർ നേരിട്ട് നടത്തുന്നവരാണ്. ഇരു സംസ്ഥാനങ്ങളും എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നറിയാൻ മന്ത്രിക്കും പരിവാരങ്ങൾക്കും ബാംഗ്ലൂരും ചെന്നൈയും സന്ദർശിക്കാവുന്നതാണ്. ഇന്ത്യയിൽ ഏറ്റവും മികച്ച നിലയിൽ സിറ്റി സർവീസ് ഉൾപ്പെടെ ബസ് റൂട്ടുകൾ നടത്തുന്ന ബെസ്റ്റിന്റെ രീതി പഠിക്കാൻ ഇവർക്ക് മുംബൈയും ടൂർ പ്രോഗ്രാമിൽ ഉൾപ്പെടുത്താം.
പട്ടണങ്ങൾക്കിടയിൽ സാധാരണ ചാർജ് ഈടാക്കി സർവീസ് നടത്തിയാൽ ആളുകൾ ഉപയോഗപ്പെടുത്തുമെന്നതിന് തെളിവാണ് തെക്കൻ കേരളത്തിലെ വേണാടും ഉത്തര കേരളത്തിലെ മലബാർ സർവീസുകളും. സ്വകാര്യ ബസുകൾ അരങ്ങ് തകർക്കുന്ന മലപ്പുറം ജില്ലയിൽ പോലും മഞ്ചേരി വഴി വഴിക്കടവിലേക്ക് സർവീസ് നടത്തുന്ന മലബാർ ബസിനെ ആളുകൾ കാത്തിരിക്കുന്നു. സ്വകാര്യ ബസുകൾക്കില്ലാത്ത സുരക്ഷിതത്വം ഉറപ്പു വരുത്തുന്നുവെന്നതാണ് പൊതുമേഖല ജനങ്ങളെ ആകർഷിക്കാൻ കാരണം.
പുതുതായി ജോലിക്ക് ചേരുന്ന കണ്ടക്ടർമാർ നാല് വർഷം സേവനം ചെയ്യുമെന്ന് ഉറപ്പു വരുത്തുന്ന ബോണ്ടുകളിൽ ഒപ്പു വെക്കണമെന്ന് കെ.എസ്.ആർ.ടി മാനേജിംഗ് ഡയറക്ടർ ഇന്നലെ നിർദേശിക്കുകയുണ്ടായി. ഇതൊരു നല്ല നിർദേശമാണെന്നതിൽ സംശയമില്ല. എന്നാൽ ആരെങ്കിലും തൊഴിൽ കോടതിയെ സമീപിച്ചാൽ ഇത് നടക്കുമോ എന്നതിലും സംശയമുണ്ട്. എം പാനലുകാരെ കണ്ണിൽ ചോരയില്ലാതെ പിരിച്ചുവിട്ടത് ശരിയായോ എന്ന അഭിപ്രായമുള്ളവരുണ്ട്. ഏറ്റവും ചുരുങ്ങിയത് ഒരു മാസം മുമ്പെങ്കിലും അറിയിപ്പ് നൽകേണ്ടിയിരുന്നതല്ലേ എന്ന ചോദ്യവും ന്യായം.
കേരളത്തിലെ സർക്കാർ സ്‌കൂളുകളിൽ മ്യൂസിക് ടീച്ചർ തസ്തികയിലേക്ക് സർക്കാർ പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിക്കാത്ത കാലത്ത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് പലരും ജോലിയിൽ പ്രവേശിച്ചത്. ആറ് മാസം കഴിഞ്ഞ് ഒരാഴ്ച ജോലി ചെയ്യാൻ അവസരം സിദ്ധിച്ച ഒരാൾ ഹൈക്കോടതിയിലെ മികച്ച അഭിഭാഷകന്റെ സേവനം ഉപയോഗപ്പെടുത്തി പിരിച്ചുവിടലിന് സ്റ്റേ വാങ്ങിയത് പോലുള്ള അനുഭവങ്ങളുമുണ്ട്. 179 ദിവസത്തിൽ കൂടുതൽ ജോലി ചെയ്താൽ സ്ഥിരപ്പെടാൻ അർഹതയുണ്ടെന്ന ന്യായമാണ് നീതിപീഠം പരിഗണിച്ചത്.