റിയാദ് - വിദേശികൾക്കുള്ള ലെവി ആവശ്യമെന്നു തോന്നിയാൽ സർക്കാർ പുനഃപരിശോധിക്കുമെന്ന് സാമ്പത്തിക, ആസൂത്രണ മന്ത്രി മുഹമ്മദ് അൽതുവൈജിരി പറഞ്ഞു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥക്ക് സംഭാവനകൾ നൽകുന്നതിനും ചില പ്രത്യേക മേഖലകൾക്കും വ്യവസായങ്ങൾക്കും ഉത്തേജനം ആവശ്യമാണെന്ന് ബോധ്യപ്പെടുന്ന പക്ഷം ലെവി പുനഃപരിശോധിക്കുന്നതിന് ഗവൺമെന്റ് ഒരുക്കമാണെന്ന് ലെവിയിൽ വല്ല ഭേദഗതികളും വരുത്തുമോയെന്ന ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
അടുത്ത വർഷം ലെവി ഇനത്തിലുള്ള വരുമാനം ഇരട്ടിയായി വർധിക്കുമെന്ന് ബജറ്റ് കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ലെവി ഇനത്തിൽ 2,800 കോടി റിയാലാണ് വരുമാനം ലഭിച്ചത്. അടുത്ത കൊല്ലം ഇത് 5,640 കോടി റിയാലായി ഉയരുമെന്നാണ് കണക്കാക്കുന്നത്.