Sorry, you need to enable JavaScript to visit this website.

വനിതാ മതിലിന് ഒരു രൂപ പോലും സർക്കാർ ചെലവിടില്ല-മുഖ്യമന്ത്രി

തിരുവനന്തപുരം- ജനുവരി ഒന്നിന് കേരളത്തിൽ നടത്തുന്ന വനിതാ മതിലിന് ഒരു രൂപ പോലും സർക്കാർ ഫണ്ടിൽനിന്ന് ചെലവിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിതാ സബ് കമ്മിറ്റിയുടെ നവോത്ഥാന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വനിതാമതിലിന് സ്ത്രീ ശാക്തീകരണത്തിനുള്ള അൻപത് കോടി രൂപ ചെലവിടുമെന്ന പ്രചാരണം തെറ്റിദ്ധാരണയിൽനിന്ന് ഉടലെടുത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാന മൂല്യങ്ങൾ ആവശ്യമാണെന്ന് തോന്നുന്ന ആർക്കും വനിതാമതിലിൽ പങ്കെടുക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 
നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി നടത്തുമെന്ന് പ്രഖ്യാപിച്ച വനിതാ മതിലിന്റെ ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്ന് ഹൈക്കോടതിയിൽ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇത് വിവാദമായ സഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന വന്നത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി 50 കോടി രൂപ സർക്കാർ നീക്കിവെച്ചിട്ടുണ്ട്. വനിതാ മതിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്ന പരിപാടിയുടെ ഭാഗമാണ്. 'സാമ്പത്തിക വർഷം അവസാനിക്കാറായ സാഹചര്യത്തിൽ  ഇത്തരം പ്രചാരണങ്ങൾക്കായി നീക്കിവെച്ചിരിക്കുന്ന പണം വിനിയോഗിക്കേണ്ടതുണ്ടെന്നും  ഡിവിഷൻ ബെഞ്ചിനു മുമ്പാകെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.   'സ്ത്രീ വിമോചനവും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതും എൽ.ഡി.എഫ് സർക്കാറിന്റെ പ്രഖ്യാപിത നയമാണ്. ഐ.എഫ്.എഫ്.കെയും യുവജനോത്സവവും കേരളോത്സവവും കൊച്ചി ബിനാലെയും പോലെയാണ് വനിതാ മതിൽ. ലിംഗ വിവേചനം അവസാനിപ്പിക്കാൻ സർക്കാർ നേരിട്ട് നടത്തുന്ന പരിപാടിയായി മാത്രം ഇതിനെ കണ്ടാൽ മതിയെന്നുമായിരുന്നു സത്യവാങ്മൂലത്തിലെ വാചകം. 
വനിതാ മതിൽ സംഘടിപ്പിക്കുന്നത് സർക്കാറിന്റെ രാഷ്ട്രീയ പ്രചാരണത്തിനു വേണ്ടിയാണെന്ന് ആരോപിച്ചുകൊണ്ടുള്ള ഏതാനും ഹരജികളാണ് ഹൈക്കോടതിക്ക് മുന്നിലുള്ളത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിനോട് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെടുകയായിരുന്നു. 
വനിതാമതിലിന് വേണ്ടി തുക ചെലവിടില്ലെന്ന് മുഖ്യമന്ത്രി നേരത്തെ നിയമസഭയിൽ പറഞ്ഞിരുന്നു. വനിതാ മതിലിന്റെ സംഘാടനത്തിനായി സർക്കാർ ഫണ്ട് ഉപയോഗിക്കാൻ യാതൊരു ഉദ്ദേശ്യവുമില്ല. അതിനുള്ള പണം ഇത് സംഘടിപ്പിക്കാൻ നേതൃത്വം നൽകുന്നവരും അവരെ പിന്തുണക്കുന്നവരും ജനങ്ങളിൽ കണ്ടെത്തുന്നുമെന്ന നിലയാണുള്ളതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. 

Latest News