Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സുകുമാരന്‍ നായര്‍ക്കെതിരെ കോടിയേരി; ആര്‍.എസ്.എസിന്റെ വര്‍ഗീയ സമരങ്ങള്‍ക്ക് തീ പകരുന്നു

തിരുവനന്തപുരം- ആര്‍.എസ്.എസിന്റേയും ബി.ജെ.പിയുടേയും  വര്‍ഗീയ സമരങ്ങള്‍ക്കു തീ പകരാനുള്ള നടപടിയാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ സ്വീകരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. ഡിസംബര്‍ 26ന് ആര്‍.എസ്.എസ് നടത്തുന്ന 'അയ്യപ്പജ്യോതി' യില്‍ പങ്കെടുക്കാനുള്ള സുകുമാരന്‍നായരുടെ ആഹ്വാനം എന്‍.എസ്.എസിന്റെ പാരമ്പര്യത്തിന് നിരക്കുന്നതല്ലെന്നും കോടിയേരി പറഞ്ഞു.

അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനുള്ള ആഹ്വാനം എന്‍.എസ്.എസ് പാരമ്പര്യത്തിനു നിരക്കുന്നതല്ല. വനിതാ മതിലില്‍ തെളിയുന്നതു മന്നത്തിന്റേയും ചട്ടമ്പിസ്വാമിയുടേയും ആശയമാണ്. ആര്‍എസ്എസിനു കൂട്ടുനില്‍ക്കുന്ന നടപടി ചരിത്രപരമായ തലകുത്തി വീഴ്ചയായിരിക്കുമെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി കുറ്റപ്പെടുത്തി. സ.ിപി.എം, എന്‍.എസ്.എസ് നേതാക്കള്‍ തമ്മിലുള്ള വാക്‌പോരിന്റെ തുടര്‍ച്ചയാണ് കോടിയേരിയുടെ ലേഖനം.

കോടിയേരിയുടെ ലേഖനത്തില്‍നിന്ന് :

കേരള നവോത്ഥാനത്തില്‍ പങ്കുവഹിച്ച ചരിത്ര പുരുഷന്മാരില്‍ പ്രധാനിയായ മന്നത്ത് പത്മനാഭന്റെ പാതയില്‍നിന്നുള്ള വ്യതിചലനമാണ് എന്‍.എസ്.എസ് നേതാവില്‍ ഇന്നു കാണുന്നത്. മന്നത്തിന്റെ പൊതുജീവിതത്തില്‍ ഒരു ഘട്ടത്തില്‍ കമ്യൂണിസ്റ്റ് വിരുദ്ധ വിമോചനസമരത്തിന്റെ നേതൃപദവി വഹിച്ചിരുന്നൂവെന്നതു വിസ്മരിക്കുന്നില്ല.

പക്ഷേ, അപ്രകാരമൊന്ന് ഒരു ചെറിയ കാലയളവില്‍ സംഭവിച്ചതൊഴിച്ചാല്‍ അദ്ദേഹത്തിന്റെ ജീവിതം പൊതുവില്‍ നവോത്ഥാന വീക്ഷണത്തേയും ദുരാചാരങ്ങള്‍ അവസാനിപ്പിക്കാനുള്ള പോരാട്ടങ്ങളേയും ശക്തിപ്പെടുത്തുന്നതായിരുന്നു. അതു മറന്നുകൊണ്ടാണ് അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ സമരം നയിച്ച എന്‍.എസ്.എസിനെ ആര്‍.എസ്.എസിന്റെ തൊഴുത്തില്‍ കെട്ടാന്‍ നോക്കുന്നത്.

നായര്‍ സമുദായത്തിനുവേണ്ടി മന്നത്ത് പത്മനാഭന്‍ തുടങ്ങിയ യജ്ഞം ഹിന്ദുസമുദായത്തിന്റെ പൊതു സമുദ്ധാരണത്തിനും ഒപ്പം സര്‍വസമുദായ മൈത്രിക്കും വേണ്ടിയായി വളര്‍ന്നിരുന്നു. അനാചാരങ്ങളേയും ബ്രാഹ്മണാധിപത്യത്തേയും ചെറുക്കാനും തോല്‍പ്പിക്കാനും അസാമാന്യ ധൈര്യം അദ്ദേഹം കാട്ടി. അനാചാരങ്ങള്‍ക്ക് അറുതി വരുത്താനും ബ്രാഹ്മണ മേധാവിത്തത്തെ പിടിച്ചുലയ്ക്കാനും മന്നത്ത് ശ്രദ്ധാലുവായിരുന്നു.

ആ വെളിച്ചത്തിലൂടെ എന്‍.എസ്.എസിനെ മുന്നോട്ട് നയിക്കേണ്ട ചരിത്രപരമായ കടമ ഇന്നത്തെ നേതൃത്വം വിസ്മരിക്കുകയാണ്. അതിനെ ആ സമുദായത്തിലെ ചിന്താശീലര്‍ ചോദ്യം ചെയ്യും. പഴക്കമുള്ള ആചാരങ്ങളെ ലംഘിക്കുന്നവരുടെ ശവം കൃഷ്ണപരുന്തുകള്‍ കൊത്തിവലിക്കുമെന്ന് ശബരിമലയുടെ പേരില്‍ ആക്രോശിക്കുന്നവര്‍ മന്നത്തിന്റെ നവോത്ഥാന വഴികളാണ് മറക്കുന്നത്.

ആര്‍.എസ്.എസ്  ബി.ജെ.പി വര്‍ഗീയ സമരങ്ങള്‍ക്കു തീ പകരാനുള്ള നടപടിയാണ് എന്‍.എസ.്എസ് ജനറല്‍ സെക്രട്ടറിയില്‍ നിന്നുമുണ്ടായിരിക്കുന്നത്. ഡിസംബര്‍ 26ന് ആര്‍.എസ്.എസ് നടത്തുന്ന 'അയ്യപ്പജ്യോതി' യില്‍ പങ്കെടുക്കാനുള്ള സുകുമാരന്‍നായരുടെ ആഹ്വാനം എന്‍.എസ്.എസിന്റെ പാരമ്പര്യത്തിന് നിരക്കുന്നതല്ല.

മന്നത്തിന്റെയും ചട്ടമ്പിസ്വാമിയുടേയുമെല്ലാം ആശയമാണ് വനിതാമതിലില്‍ തെളിയുന്നത്. മതിലില്‍ വിള്ളല്‍ വീഴ്ത്താനുള്ള ആര്‍.എസ്.എസ് ശ്രമത്തിന് കൂട്ടുനില്‍ക്കുന്ന എന്‍.എസ്.എസ് നേതൃത്വത്തിന്റെ നടപടി ചരിത്രപരമായ തലകുത്തിവീഴ്ചയാണ്. ഈ വഴിതെറ്റലില്‍നിന്ന് മോചിതമാകാന്‍ വീണ്ടുവിചാരത്തിന് എന്‍.എസ്.എസ് നേതൃത്വം തയാറാകണം.

 

Latest News