Sorry, you need to enable JavaScript to visit this website.

ദുബായില്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ വക സൗജന്യ ഇന്‍ഷുറന്‍സ്; ആര്‍ക്കെല്ലാം ലഭിക്കും? അറിയേണ്ടതെല്ലാം

ദുബായ്- സാമ്പത്തികമായി പ്രയാസങ്ങള്‍ നേരിടുന്ന പ്രവാസികള്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ തീര്‍ത്തും സൗജന്യമായി നല്‍കുന്ന പദ്ധതി ദുബായ് ഹെല്‍ത്ത് അതോറിറ്റി അവതരിപ്പിച്ചു. യുഎഇ രാഷ്ട്ര ശില്‍പ്പി ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ നൂറാം ജന്മവാര്‍ഷികമായി ആചരിക്കുന്ന 2018 ഇയര്‍ ഓഫ് സായിദ് പദ്ധതിയുടെ ഭാഗമായാണീ സൗജന്യ ഇന്‍ഷുറന്‍സ്. തെരഞ്ഞെടുക്കപ്പെടുന്ന 100 പ്രവാസികള്‍ക്കാണ് ഇതു നല്‍കുക. ഒരു വര്‍ഷം കാലാവധിയുള്ള ഇയര്‍ ഓഫ് സായിദ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കാര്‍ഡ് ലഭിക്കുന്നവര്‍ക്ക് പരമാവധി ഒന്നര ലക്ഷം ദിര്‍ഹത്തിന്റെ ചികിത്സാ, ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ സൗജന്യമായി ലഭിക്കും. ഇയര്‍ ഓഫ് സായിദിന്റെ ഭാഗമായി ഹെല്‍ത്ത് അതോറിറ്റി സംഘടിപ്പിച്ച പരിപാടികളുടെ അവലോകന ചടങ്ങിലാണ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖുതാമി സൗജന്യ ഇന്‍ഷൂറന്‍സ് പദ്ധതി പ്രഖ്യാപിച്ചത്. ഈ വര്‍ഷം അര്‍ഹരായ 100 പ്രവാസികളെ തെരഞ്ഞെടുത്തു കഴിഞ്ഞു.

ആര്‍ക്കെല്ലാം ലഭിക്കും? 
ആശ്രിതരുടെ ചെലവുകള്‍ വഹിക്കാന്‍ സാമ്പത്തിക ശേഷി ഇല്ലാത്തവരും വലിയ കുടുംബമുള്ളവരുമായ പ്രവാസികള്‍ക്കാണ് അര്‍ഹത. ഇവരുടെ ആരോഗ്യ പരിരക്ഷാ ചെലവുകള്‍ ഇയര്‍ ഓഫ് സായിദ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കാര്‍ഡ് മുഖേന സൗജന്യമാക്കും. 

കാലാവധി കഴിഞ്ഞാല്‍ എന്തു ചെയ്യും
ഒരു വര്‍ഷത്തേക്കാണ് ഈ സൗജന്യ ഇന്‍ഷൂറന്‍സ് നല്‍കുന്നത്. കാലാവധി തീര്‍ന്നാല്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ പരിശോധിച്ച് സാമ്പത്തിക സഹായങ്ങള്‍ക്ക് അര്‍ഹരാണെന്ന് ബോധ്യപ്പെട്ടാല്‍ അടുത്ത വര്‍ഷത്തേക്കും പുതുക്കി നല്‍കും. ഇല്ലെങ്കില്‍ പട്ടികയില്‍ നിന്ന് പുറത്താക്കി പകരം പുതിയ ആളുകളെ കണ്ടെത്തും.

ഇതു നിര്‍ബന്ധ ഇന്‍ഷൂറന്‍സിന്റെ ഭാഗമാണോ? ഏതൊക്കെ ചെലവുകള്‍ ഉള്‍പ്പെടും?
അതെ. മാസം 4,000 ദിര്‍ഹമില്‍ താഴെ ശമ്പളം വാങ്ങുന്നവര്‍ക്കുള്ള നിര്‍ബന്ധ ഇന്‍ഷൂറന്‍സ് പദ്ധതിയായ എസന്‍ഷ്യല്‍ ബെനഫിറ്റ് പ്ലാന്‍ (ഇ.ബി.പി)ന്റെ ഭാഗമാണ് ഇയര്‍ ഓഫ് സായിദ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കാര്‍ഡും. ഇബിപിയുടെ വാര്‍ഷിക ചെലവ് 650 മുതല്‍ 725 ദിര്‍ഹം വരെയാണ്. ഇബിപി കവര്‍ ചെയ്യുന്ന എല്ലാ അടിയന്തര ചികിത്സാ ചെലവുകളും ശസ്ത്രക്രിയ, പ്രസവം, കാന്‍സര്‍ ചികിത്സ തുടങ്ങിയവയ്ക്കുള്ള ചെലവുകളും പുതിയ സൗജന്യ ഇന്‍ഷൂറന്‍സും കവര്‍ ചെയ്യും. ഒരു വര്‍ഷം പരമാവധി 1,50,000 ദിര്‍ഹമിന്റെ ചികിത്സാ ചെലവുകള്‍ ഇതുവഴി സൗജന്യമായി ലഭിക്കും. 

ആരാണ് നല്‍കുന്നത്?
ദുബായ് ഹെല്‍ത്ത് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത 12 ഇന്‍ഷൂറന്‍സ് കമ്പനികളാണ് ഇയര്‍ ഓഫ് സായിദ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ചെലവുകള്‍ വഹിക്കുന്നത്. ഈ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നുളള സംഭാവനയാണ് വിനിയോഗപ്പെടുത്തുന്നത്. ഈ വര്‍ഷം മുഴുവന്‍ തുകയും ഒരു കമ്പനി മാത്രം സ്‌പോണ്‍സര്‍ ചെയ്തതാണ്. ബാക്കി വരുന്ന ഫണ്ട് മറ്റു സേവനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുമെന്ന് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. സൗജന്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് ആവശ്യമുള്ളവര്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ ഹെല്‍ത്ത് ഫണ്ടിങ് ഡിപാര്‍ട്‌മെന്റുമായി ബന്ധപ്പെടുക. 

Latest News