ദുബായ്- അനധികൃതമായി യാത്രക്കാരെ കാറില്‍ കയറ്റി കള്ള ടാക്‌സി ഓടിച്ചാല്‍ അരലക്ഷം ദിര്‍ഹം കനത്ത പിഴയ്ക്കു പുറമെ ഡ്രൈവര്‍മാരെ യുഎഇയില്‍ നിന്ന് നാടുകടത്തുമെന്നും റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) മുന്നറിയിപ്പ്. കഴിഞ്ഞ നാലു മാസത്തിനിടെ ഇത്തരത്തില്‍ അനധികൃതമായി യാത്രക്കാരെ കൊണ്ടു പോയ 39 ഡ്രൈവര്‍മാരെ പിടികൂടുകയും ഇവരില്‍ ആറു പേരെ നാടുകടത്തുകയും ചെയ്തു. ബാക്കിയുള്ളവരുടെ രേഖകളും പരിശോധിച്ചു വരികയാണ്. ഇവരില്‍ ആവര്‍ത്തിച്ച് നിയമംലംഘിച്ചവരെ കണ്ടെത്തിയാല്‍ അവരേയും നാടുകടത്തുമെന്ന് ആര്‍ടിഎ പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് നിരീക്ഷണ വിഭാഗം ഡയറക്ടര്‍ മുഹമ്മദ് നബ്ഹാന്‍ അറിയിച്ചു.
കള്ള ടാക്‌സിക്കാരെ പിടികൂടാന്‍ എയര്‍പോര്‍ട്ട്, മാളുകള്‍ തുടങ്ങി യാത്രക്കാര്‍ കൂടുന്ന സ്ഥലങ്ങളിലും മറ്റു പൊതു ഇടങ്ങളിലും ആര്‍ടിഎ നിരീക്ഷണം ശക്തമാക്കി അനധികൃത ഡ്രൈവര്‍മാരെ പിടികൂടും. 2016ലെ ചട്ട ഭേദഗതി പ്രകാരം കള്ള ടാക്‌സി ഓടിച്ച് ആദ്യ തവണ പിടിയിലാകുന്നവര്‍ക്ക് 20,000 ദിര്‍ഹം ആണു പിഴ. വീണ്ടും പിടിക്കപ്പെട്ടാല്‍ പിഴ 50,000 ദിര്‍ഹം വരെ ഉയരും. മാത്രവുമല്ല കള്ള ടാക്‌സിയായി ഓടിച്ച കാറും പിടികൂടി ഡ്രൈവര്‍ക്കെതിരെ കേസും ചുമത്തും. ഇതേ കുറ്റത്തിന് മൂന്നോ നാലോ തവണ പിടിക്കപ്പെട്ട ഡ്രൈവറാണെങ്കില്‍ നാടുകടത്താന്‍ ആര്‍ടിഎ ശുപാര്‍ശ ചെയ്യുമെന്നും നബ്ഹാന്‍ മുന്നറിയിപ്പു നല്‍കി. ചിലര്‍ കാര്‍ പിടിക്കപ്പെട്ടാല്‍ തുച്ഛം വിലയ്ക്ക് സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങി ഇതു തുടരുന്നുണ്ട്. ഇത്തരക്കാര്‍ വീണ്ടും പിടിക്കപ്പെട്ടാല്‍ നാടുകടത്തപ്പെടും. ഇവരുടെ കേസ് വിവരങ്ങള്‍ രേഖകളിലുണ്ടാകും. ഇതു കണ്ടെത്താന്‍ എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു. കള്ള ടാക്‌സി ദുബായിയുടെ പ്രതിച്ഛായ മോശമാക്കുന്നതിനാലാണ് നടപടി ശക്തമാക്കുന്നത്. എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ ഒന്നില്‍ നിന്ന് ടെര്‍മിനല്‍ രണ്ടിലേക്ക് പോകാന്‍ ഒരു കള്ളടാക്‌സിക്കാരന്‍ 500 ദിര്‍ഹം ചാര്‍ജ് ചോദിച്ചതായി ഒരു വിദേശ ടൂറിസ്റ്റിന്റെ പരാതി ലഭിച്ചിരുന്നുവെന്നും നബ്ഹാന്‍ ചൂണ്ടിക്കാട്ടി. കള്ള ടാക്‌സികള്‍ തടയാന്‍ പൊതു ഗതാഗത സേവനങ്ങള്‍ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 8009090 എന്ന ടോള്‍ ഫ്രീ നമ്പറില്‍ കള്ള ടാക്‌സിക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ ആര്‍ടിഎയെ അറിയിക്കാം.