റിയാദ് - വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെയുള്ള ദിവസങ്ങളിൽ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ അതിശൈത്യത്തിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് അറിയിച്ചു. തബൂക്കിലെ ഹൈറേഞ്ചിലും പ്രവിശ്യയുടെ കിഴക്കു ഭാഗങ്ങളിലും താപനില പൂജ്യം ഡിഗ്രിക്കും താഴെയായി കുറയും. ഹായിൽ, അൽജൗഫ്, ഉത്തര അതിർത്തി പ്രവിശ്യ എന്നിവിടങ്ങളിലും അതിശൈത്യത്തിന് സാധ്യതയുണ്ട്. പുലർച്ചെ ഈ പ്രവിശ്യകളിൽ മഞ്ഞുവീഴ്ചക്കും സാധ്യതയുണ്ട്. കൊടും തണുപ്പിന്റെ സ്വാധീനം അൽഖസീം പ്രവിശ്യയിലേക്കും നീണ്ടേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് പറഞ്ഞു.