കണ്ണൂർ- ഡി.സി.സി ആസ്ഥാനമന്ദിരം പൂർത്തിയാക്കുന്നതിനു സ്വന്തം വീട് വിൽപന നടത്തിയ ഡി.സി.സി പ്രസിഡണ്ട് പൊതുപ്രവർത്തകർക്കു മാതൃകയാവുന്നു. കണ്ണൂർ ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനിയാണ് സ്വന്തം വീടു വിറ്റ് പണം കണ്ടെത്തി ഡി.സി.സി ആസ്ഥാന മന്ദിരത്തിന്റെ പണി പൂർത്തിയാക്കുന്നത്. മന്ദിരം അടുത്ത മാസം 26ന് ഉദ്ഘാടനം ചെയ്യാനാണ് നീക്കം.
മൂന്നു നിലകളിലായി പണിയുന്ന കോൺഗ്രസ് ജില്ലാ കമ്മറ്റി ഓഫീസിന്റെ നിർമാണം അനിശ്ചിതമായി നീണ്ടു പോയതോടെയാണ് തളിപ്പറമ്പിലുള്ള തന്റെ വീട് 38 ലക്ഷം രൂപക്ക് വിറ്റ് ഈ പണം നിർമാണ പ്രവർത്തനങ്ങൾക്കുപയോഗിക്കാൻ തീരുമാനിച്ചത്. അഞ്ചു വർഷം മുമ്പ് 40 ലക്ഷം രൂപയ്ക്ക് നിർമിച്ചതായിരുന്നു ഈ വീട്. രണ്ട് വർഷം മുമ്പ് സതീശൻ ഡി.സി.സി പ്രസിഡണ്ടായി ചുമതലയേറ്റ സമയത്തും ആസ്ഥാനമന്ദിര നിർമാണം എങ്ങുമെത്തിയിരുന്നില്ല. തന്റെ കാലത്തു തന്നെ നിർമാണം പൂർത്തിയാക്കുമെന്നും അതിനു വീടു വിൽക്കേണ്ടി വന്നാൽ പോലും തയാറാകുമെന്നും സതീശൻ ഉറപ്പു നൽകിയിരുന്നു. ഈ വാക്കാണ് പാലിക്കപ്പെട്ടത്.
സാങ്കേതിക പ്രശ്‌നങ്ങളും സാമ്പത്തിക പ്രയാസങ്ങളുമാണ് ഓഫീസ് നിർമാണത്തിനു തടസ്സമായത്. ഒടുവിൽ ആദ്യ കരാറുകാരനെ ഒഴിവാക്കി, ഡി.സി.സി സ്വയം നിർമാണ മേൽനോട്ടം ഏറ്റെടുക്കുകയായിരുന്നു. കരാറുകാരു നൽകാനുള്ള 60 ലക്ഷത്തിൽ പകുതി കൊടുത്ത്, കെ.സുധാകരന്റെ മേൽനോട്ടത്തിൽ അഭ്യുദയകാംക്ഷികളിൽ നിന്ന് സാധന സാമഗ്രികൾ സംഘടിപ്പിച്ചാണ് നിർമാണം പുനരാരംഭിച്ചത്. കരാറുകാരന്റെ ബാക്കി പണം നൽകുന്നതിനും നിർമാണം പൂർത്തിയാക്കുന്നതിനുമാണ് വീട് വിറ്റ തുക വിനിയോഗിച്ചത്.
പാർട്ടിയെ ഉപയോഗിച്ച് പണമുണ്ടാക്കുന്ന രാഷ്ട്രീയ നേതാക്കളുള്ള വർത്തമാന കാലത്ത് സ്വന്തം വീട് വിറ്റ് പാർട്ടിക്കു പണം നൽകിയ ഈ യുവ നേതാവ് വ്യത്യസ്തനാവുകയാണ്.