- ഹർത്താലിനെ ചെറുക്കുമെന്ന് വ്യാപാരി വാഹന ഉടമാ സംഘടനകൾ
കോഴിക്കോട്- ഇനി ഹർത്താലുകൾ അരുതെന്ന് കച്ചവടക്കാരുടെയും ബസ് ലോറി ഉടമകളുടെയും സംഘടനകൾ.
2019 ഹർത്താൽ ഇല്ലാത്ത വർഷം ആയി ആചരിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസീറുദ്ദീൻ അറിയിച്ചു.
വ്യാപാരി വ്യവസായി വാഹന മേഖലകളിൽ പ്രവർത്തിക്കുന്ന 36 സംഘടനാ പ്രതിനിധികൾ ഇന്നലെ കോഴിക്കോട്ട് യോഗം ചേർന്നാണ് ഈ തീരുമാനമെടുത്തത്. ടി. നസീറുദ്ദീൻ ചെയർമാനായി സംസ്ഥാന തലത്തിൽ ഹർത്താൽ വിരുദ്ധ സമിതി രൂപീകരിച്ചു. ജനുവരി ഒന്നിനകം ഈ സമിതിയുടെ നേതൃത്വത്തിൽ ജില്ലാ തലത്തിൽ വിപുലമായ യോഗങ്ങൾ വിളിച്ചു ചേർക്കും.
എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളെയും ഈ സമിതിയുടെ നേതൃത്വത്തിൽ നേരിട്ട് കണ്ട് അഭ്യർത്ഥന നടത്തുമെന്ന് നസീറുദ്ദീൻ പറഞ്ഞു. ജനുവരി ആദ്യ വാരത്തിൽ യോഗം ചേർന്ന് കൂടുതൽ ഭാവി പരിപാടികൾ തീരുമാനിക്കും.
ഹർത്താലിനെ എങ്ങനെ ഇല്ലാതാക്കാമെന്നതിനെക്കുറിച്ച് സംസ്ഥാനത്തെ എല്ലാ മേഖലകളിലും വിവിധ തലങ്ങളിൽ ചർച്ച നടക്കണം. സ്വയം രക്ഷക്ക് വ്യാപാരികൾക്കും മറ്റും എന്തും ചെയ്യാൻ കഴിയുമെന്നും ആരായുന്നുണ്ട്. ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വിധികൾ ഇക്കാര്യത്തിൽ അനുകൂലമായി ഉണ്ട്. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ ഇൻഷുറൻസ് കമ്പനികളുമായി ബന്ധപ്പെട്ടും നടത്തും.
ഹർത്താൽ അല്ലാത്ത പുതിയ സമര മുറകൾ വേണമെന്ന് നേരത്തെ ഹർത്താലിനെ അനുകൂലിച്ച മന്ത്രിമാരടക്കം ഇപ്പോൾ പറയുന്നുണ്ടെന്നത് സ്വാഗതാർഹമാണ്.
ഈ സമിതിയുടെ തീരുമാനം അനുസരിക്കുമെന്ന് ബസ്, ലോറി ഉടമ സംഘടനാ പ്രതിനിധികളും യോഗത്തിൽ അറിയിച്ചു.