മലപ്പുറം- സേവനം അവകാശമാണെന്നു പറയുമെങ്കിലും സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്ന ജനങ്ങൾക്ക് ആ തോന്നലുണ്ടാകുന്നില്ലെന്ന് ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ അഭിപ്രായപ്പെട്ടു. ഭരണ പരിഷ്‌കാര കമ്മീഷൻ ഹിയറിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളാണ് പരമാധികാരികളെങ്കിലും ഭരണ നിർവഹണ കാര്യങ്ങളിൽ അവർക്ക് ആ പരമാധികാരം ലഭിക്കുന്നില്ല. അവരുടെ പരാതികൾ പലപ്പോഴും പരിഹാരമില്ലാതെ അവസാനിക്കുന്നു. ഉദ്യോഗസ്ഥ സംവിധാനത്തിന്റെ കാര്യക്ഷമതയില്ലായ്മ പലപ്പോഴും ജനങ്ങളെ വലക്കുന്നു. നിലവിലുള്ള സംവിധാനത്തെക്കുറിച്ച് ജനങ്ങളിൽ നിന്നു മനസ്സിലാക്കാനാണ് കമ്മീഷൻ പബ്ലിക് ഹിയറിംഗുകൾ സംഘടിപ്പിക്കുന്നത്. ഹിയറിംഗിൽ ലഭിച്ച പരാതികളും നിർദേശങ്ങളും കമ്മീഷൻ സർക്കാറിനു സമർപ്പിക്കുന്ന റിപ്പോർട്ടുകൾക്ക് സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.
കമ്മീഷന്റെ മൂന്നാമത്തെ ഹിയറിംഗാണ് മലപ്പുറത്ത് നടന്നത്. അധികാര വികേന്ദ്രീകരണം നടപ്പാക്കുന്നതിലെ വീഴ്ച, വകുപ്പുകളുടെ ഏകോപനമില്ലായ്മ, സർക്കാർ ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തുടങ്ങിയ വിഷയങ്ങളിൽ ഹിയറിംഗിൽ നിർദേശങ്ങൾ വന്നു. അധികാര വികേന്ദ്രീകരണത്തിൽ അധികാരമല്ല, വിഭവങ്ങളാണ് വികേന്ദ്രീകരിക്കപ്പെട്ടതെന്നും ഇതു ശരിയല്ലെന്നും സംവിധാനത്തിൽ മാറ്റം വരുത്തണമെന്നും നിർദേശം വന്നു. വില്ലേജ് ഓഫീസ് മുതൽ കലക്ടർ വരെയുള്ള സംവിധാനങ്ങളെ തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിലാക്കുക, വില്ലേജ് ഓഫീസുകളിലെ ജോലികൾ ക്രോഡീകരിച്ച് ജോലി ഭാരം കുറക്കുക. ഓരോ സർക്കാർ ഓഫീസുകളിലും നൽകേണ്ട അപേക്ഷകളിൽ എന്തെല്ലാം രേഖകൾ സമർപ്പിക്കണമെന്നത് അപേക്ഷകളിൽ തന്നെ വ്യക്തമായി രേഖപ്പെടുത്തുക, അപേക്ഷകൾ മലയാളത്തിലാക്കുക, സമാന സ്വഭാവമുള്ള സേവനങ്ങൾ ഒരു കുടക്കീഴിലാക്കുക, ഗ്രാമീണ സിവിൽ സ്റ്റേഷനുകൾ സ്ഥാപിക്കുക, ജനന-മരണ സർട്ടിഫിക്കറ്റുകളിലെ തെറ്റ് തിരുത്തുന്ന നടപടികൾ ലഘൂകരിക്കുക, സർക്കാർ സേവനങ്ങൾക്കായുള്ള സോഫ്റ്റ്വെയറുകൾ പൊതുജന സൗഹൃദമാക്കുക, വാർഷിക പദ്ധതികളുടെ മാർഗരേഖകൾക്ക് ഏകോപിത രൂപമുണ്ടാക്കുക തുടങ്ങിയ നിരവധി നിർദേശങ്ങൾ അവതരിപ്പിച്ചു. ആകെ 177 പരാതികളും നിർദേശങ്ങളുമാണ് കമ്മീഷൻ മുമ്പാകെ സമർപ്പിക്കപ്പെട്ടത്. ലഭിച്ച നിർദേശങ്ങളിൽ തുടർ നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ ചെയർമാൻ അറിയിച്ചു.
പി. ഉബൈദുള്ള എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണൻ, നഗരസഭാ ചെയർപേഴ്സൻ സി.എച്ച്. ജമീല, മെമ്പർ സെക്രട്ടറി ഷീല തോമസ്, എ.ഡി.എം വി. രാമചന്ദ്രൻ, ഡെപ്യൂട്ടി കലക്ടർ ടിറ്റി ആനി ജോർജ്, അണ്ടർ സെക്രട്ടറിമാരായ സി.ജെ. സുരേഷ് കുമാർ, ടി.എസ്. പ്രവൺ കുമാർ, സെക്ഷൻ ഓഫീസർ രാജീവ് മാത്യു, ഡെപ്യൂട്ടി കലക്ടർമാരായ സി. അബ്ദുൽ റഷീദ്, ഡോ. ജെ.ഒ. അരുൺ, എൻ. അനിൽ തുടങ്ങിയവർ പങ്കെടുത്തു.