Sorry, you need to enable JavaScript to visit this website.

കരിപ്പൂരിൽ ജംബോ വിമാനങ്ങളുടെ സർവീസിന് അനുകൂലമെന്ന് എയർ ഇന്ത്യ

കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ ജംബോ ഉൾപ്പെടെയുള്ള വലിയ വിമാനങ്ങളുടെ സർവീസിന് അനുയോജ്യമാണെന്ന് എയർ ഇന്ത്യ. എയർ ഇന്ത്യ വിമാനങ്ങൾ സർവീസ് ആരംഭിക്കിക്കുന്നതിന്റെ മുന്നോടിയായുള്ള സുരക്ഷാ പരിശോധനകൾക്ക് കരിപ്പൂരിലെത്തിയ എയർ ഇന്ത്യ ഉന്നതതല സംഘമാണ് കരിപ്പൂർ ജംബോ വിമാന സർവീസുകൾക്കും അനുകൂലമാണെന്ന് അറിയിച്ചത്. എയർ ഇന്ത്യ നോഡൽ ഓഫീസർ പി. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ കരിപ്പൂരിൽ സുരക്ഷാ പരിശോധനക്കെത്തിയത്. കരിപ്പൂരിൽ നിന്നും വലിയ വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് എയർ ഇന്ത്യയുടെ പരിശോധന.
  കോഡ് ഇ വിമാനങ്ങൾക്ക് അനുയോജ്യമായ റൺവേ ജംബോ വിമാനങ്ങൾക്കും ഉപയോഗയോഗ്യമാണെന്നാണ് എയർ ഇന്ത്യാ സംഘത്തിന്റെ വിലയിരുത്തൽ. കോഡ് ഇ വിമാനങ്ങൾക്കാവശ്യമായ സാഹചര്യങ്ങൾ തന്നെയാണ് ജംബോ വിമാനങ്ങൾക്കും ആവശ്യം. ഇതിനു വ്യത്യസ്തമായി റൺവേ ടച്ചിംഗ് ലൈനിന്റെ കാര്യക്ഷമത, ഘർഷണം, സുരക്ഷാ ക്രമീകരണങ്ങൾ, റൺവേയുടെ ഇരുവശങ്ങളിലുമായുള്ള റിസയുടെ നീളം എന്നിവയാണ് കൂടുതലായി ആവശ്യമുള്ളത്. അതോടൊപ്പം വിമാനം നിർത്തിയിടുന്ന ഏപ്രണിൽ ആവശ്യമായ സൗകര്യങ്ങളും ലഭ്യമാക്കണം. സാധാരണ മൂന്ന് വിമാനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലം വേണം ഒരു ജംബോ വിമാനം പാർക്ക് ചെയ്യാൻ. എന്നാൽ കരിപ്പൂരിൽ നിലവിലെ സാഹചര്യങ്ങളിൽ ചെറിയ മാറ്റം വരുത്തിയാൽ ജംബോ വിമാനങ്ങൾക്ക് നിലത്തിറങ്ങാനും സർവീസ് നടത്താനും കഴിയുമെന്നാണ് സംഘത്തിന്റെ വിലയിരുത്തൽ. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി ഡി.ജി.സി.എക്ക് റിപ്പോർട്ട് നൽകാൻ സംഘം തീരുമാനിച്ചു.
   എയർ ഇന്ത്യ ഫ്‌ളൈറ്റ് ഓപറേഷൻ സീനിയർ മാനേജർ ഷിവങ്കർ ബസു, സീനിയർ മാനേജർ ഡി. ശ്യാം സുന്ദർ റാവു, ഗ്രൗണ്ട് ഹാന്റലിംഗ് അസി.ജനറൽ മാനേജർ പി.എൻ. അനിൽരാജ്, സ്റ്റേഷൻ മാനേജർ റാസ അലിഖാൻ, എയർപോർട്ട് മാനേജർ ആനന്ദ സുബ്‌റാം, ആക്ടിംഗ് എയർപോർട്ട് ഡയറക്ടർ കെ. മുഹമ്മദ് ഷാഹിദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കരിപ്പൂരിൽ നിന്നും കോഡ് ഇ വിഭാഗത്തിൽ വരുന്ന ഇടത്തരം വിമാനങ്ങൾക്ക് സർവീസ് ആരംഭിക്കാൻ ഡി.ജി.സി.എ അനുമതി നൽകിയിരുന്നു. ഇതിനെ തുടർന്ന് സൗദി എയർലൈൻസ് കരിപ്പൂരിൽ നിന്നും ജിദ്ദ, റിയാദ് സർവീസുകൾ ആരംഭിച്ചിരുന്നു. എന്നാൽ എയർ ഇന്ത്യക്ക് ഇത്തരം വിമാനങ്ങൾ സർവീസിന് എത്തിക്കാൻ കഴിയാത്തതിനാലാണ് ബോയിംഗ് 747 ജംബോ വിമാനം സർവീസിനെത്തിക്കാൻ തീരുമാനിച്ചത്.
 

Latest News