റിയാദ് - യെമന് ഏറ്റവും കൂടുതൽ സഹായം നൽകുന്നത് സൗദി അറേബ്യയും യു.എ.ഇയുമാണെന്ന് സൗദി വിദേശ മന്ത്രാലയം പറഞ്ഞു.
യെമനിൽ സഹായം എത്തിക്കുന്നതിനുള്ള യു.എൻ പദ്ധതി അനുസരിച്ച് ഏറ്റവും കൂടുതൽ സഹായം നൽകുന്നത് സൗദി അറേബ്യയും യു.എ.ഇയുമാണ്. ഇറാൻ ഒരു സഹായവും നൽകിയിട്ടില്ല. മിസൈലുകളും ആയുധങ്ങളും നീട്ടിക്കൊണ്ടുപോകുന്നതിനും യെമൻ ജനതയെ ഏറ്റവും കൊടിയ ദുരിതങ്ങളിലാക്കുന്നതിനും ഇടയാക്കി.
ഈ വർഷം യെമനിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന് 300 കോടിയോളം ഡോളർ സഹായം ലഭ്യമാക്കുന്നതിന് യു.എൻ അപേക്ഷിച്ചിരുന്നു. അടുത്ത വർഷം 400 കോടി ഡോളർ ആവശ്യപ്പെടുമെന്നാണ് കരുതുന്നത്. യു.എൻ ആവശ്യപ്പെട്ട പണത്തിന്റെ പകുതിയും സൗദി അറേബ്യയും യു.എ.ഇയുമാണ് നൽകിയത്. യു.എൻ പദ്ധതിക്ക് ഏറ്റവും കൂടുതൽ സഹായം നൽകിയതും സൗദി അറേബ്യയും യു.എ.ഇയുമാണ്. മൂന്നാം സ്ഥാനത്ത് അമേരിക്കയും നാലാം സ്ഥാനത്ത് കുവൈത്തും അഞ്ചാം സ്ഥാനത്ത് ബ്രിട്ടനുമാണ്. തൊട്ടുപിന്നിൽ ജർമനിയും യൂറോപ്യൻ യൂനിയനും ഐക്യരാഷ്ട്ര സംഘടനയും ജപ്പാനും കാനഡയുമാണ്.
യെമന് സഹായം നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇറാനില്ല. എന്നാൽ ഹൂത്തികൾക്ക് ഇറാൻ ആയുധങ്ങളും സൈനികോപകരണങ്ങളും നൽകുന്നു. അഞ്ചു വർഷമായി യെമൻ സംഘർഷം ദീർഘിപ്പിക്കുന്നതിന് ഇത് ഇടയാക്കി. ബുർകാൻ, ബുർകാൻ 1, ഹുവാസംഗ് 5, സ്‌കഡ്, ഖാഹിർ 1, സിൽസാൽ 3, സ്‌കഡ് 2, തുഷ്‌ക എന്നീ മിസൈലുകൾ ഇറാൻ ഹൂത്തികൾക്ക് നൽകുന്നു. ലോക ഭക്ഷ്യസുരക്ഷാ പദ്ധതി, യു.എൻ ചിൽഡ്രൻസ് ഫണ്ട്, ലോകാരോഗ്യ സംഘടന, അഭയാർഥി കാര്യങ്ങൾക്കുള്ള യു.എൻ ഏജൻസി എന്നിവക്കാണ് സൗദി അറേബ്യയും യു.എ.ഇയും ഏറ്റവും കൂടുതൽ സഹായം നൽകിയതെന്നും വിദേശ മന്ത്രാലയം പറഞ്ഞു.