വേങ്ങര- മലപ്പുറം ജില്ലയിലെ വേങ്ങരയ്ക്കടുത്ത കിളിനിക്കോട്ട് സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ കോളെജ് വിദ്യാര്‍ത്ഥിനികളെ സദാചാര പോലീസ് ചമഞ്ഞ് സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ച സംഭവത്തില്‍ വേങ്ങര പോലീസ് ആറു പേര്‍ക്കെതിരെ കേസെടുത്തു. പെണ്‍കുട്ടികളുടെ പരാതിയിലാണ് കേസ്. പെണ്‍കുട്ടികള്‍ തങ്ങള്‍ക്ക് കിളിനക്കോട്ട് വച്ചുണ്ടായ ദുരനുഭവം ഒരു വിഡിയോയിലൂടെ കൂട്ടുകാരുമായി പങ്കുവച്ചിരുന്നു. കൂട്ടുകാര്‍ക്കു മാത്രമായ തമാശയായി ചെയ്ത ഈ വിഡിയോ പുറത്താകുകയും കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ മറ്റൊരു തലത്തിലേക്ക് പോയത്. ഇതിനു മറുപടിയായി കിളിനക്കോട്ടെ ഏതാനും യുവാക്കള്‍ പെണ്‍കുട്ടികളെ അധിക്ഷേപിച്ച് വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികള്‍ക്കു നേരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ സൈബര്‍ ആക്രമണവും അരങ്ങേറി. തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ വസ്തുതകള്‍ വെളിപ്പെടുത്തി പോലീസില്‍ പരാതി നല്‍കിയത്.
അപവാദം പരത്തുന്ന തരത്തില്‍ സന്ദേശം പോസ്റ്റ് ചെയ്തെന്ന പരാതിയില്‍ ഐ.പി.സി 143, 147, 506 വകുപ്പുകള്‍ ചുമത്തിയാണ് ആറു പേര്‍ക്കെതിരെ പോലീസ് കേസെടുത്തത്. ആറു പേരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും വേങ്ങര പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സംഗീത് പുനത്തില്‍ മലയാളം ന്യൂസിനോട് പറഞ്ഞു. കണ്ണമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് പുള്ളാട്ട് ഷംസും പ്രതികളില്‍ ഉള്‍പ്പെടും.
കല്യാണ വീടിനു സമീപത്തു വച്ചു സുഹൃത്തുക്കള്‍ക്കൊപ്പം പെണ്‍കുട്ടികള്‍ സെല്‍ഫി എടുത്തിരുന്നു. ഇത് നിരീക്ഷിച്ച പ്രദേശത്തെ യുവാക്കളാണ് മോറല്‍ പോലീസ് ചമഞ്ഞ് പെണ്‍കുട്ടികളെ ഉപദേശിക്കാനെത്തിയത്. ഇവര്‍ മോശമായി സംസാരിച്ചതായും തങ്ങളേയും കുടുംബത്തേയും അവഹേളിച്ചതായും പെണ്‍കുട്ടികള്‍ ആരോപിച്ചിരുന്നു. ഈ യുവാക്കള്‍ തങ്ങളുടെ വിഡിയോ പകര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് കിളിനക്കോട്ട് വച്ചുണ്ടായ ദുരനുഭവം പെണ്‍കുട്ടികള്‍ വിഡിയോയിലൂടെ കൂട്ടുകാരോട് പങ്കുവച്ചത്. തങ്ങളുടെ ഫോട്ടോ വച്ച് വല്ല വിഡിയോകളും പുറത്തു വന്നാല്‍ അത് ഫേയ്ക്കായിരിക്കുമെന്നും യുവാക്കള്‍ തങ്ങളുടെ വീഡിയോ പകര്‍ത്തിയിട്ടുണ്ടെന്നും പെണ്‍കുട്ടികള്‍ ഈ വിഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് വൈറലായതോടെ കിളിനക്കോട് നിന്നുള്ള യുവാക്കളെന്ന പേരില്‍ ഇവരെ അധിക്ഷേപിച്ചും മോശമായി ചിത്രീകരിച്ചും വിഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതും വൈറലായതോടെയാണ് പ്രശ്‌നം പോലീസിലെത്തിയത്.