ചാവക്കാട്- ബ്യൂട്ടീഷ്യൻ ജോലി ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് വീട്ടമ്മയെ ദുബായിൽ കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. മണത്തല കാറ്റാടികടവ് സ്വദേശി 34 കാരിയുടെ പരാതിയിൻമേൽ രണ്ടു പേർക്കെതിരെ ചാവക്കാട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മണത്തല സ്വദേശികളായ പ്രതികൾ നാട്ടിലെത്തിയെങ്കിലും ഒളിവിലാണ്. പ്രതികളിൽ നിന്നുള്ള ഭീഷണിമൂലം വീട്ടമ്മ തൃശൂരിലെ ഒരു ഫ്‌ളാറ്റിൽ രഹസ്യമായി കഴിയുകയാണ്. തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൻമേൽ തൃശൂർ സിറ്റി വനിത പോലീസ് സ്‌റ്റേഷൻ എസ്‌ഐ എം.എ ഷാജിത മുമ്പാകെ വീട്ടമ്മ നൽകിയ മൊഴി ചാവക്കാട് എസ്‌ഐ കെ.ജി ജയപ്രദീപിന് കൈമാറിയാണ് കേസ് രജിസ്റ്റർ ചെയ്തത്. പിതാവും മകനുമാണ് കേസിലെ പ്രതികൾ. സെപ്റ്റംബർ 24ന് ദുബായിലെ ദേരയിലാണ് പ്രതികൾ തന്നെ ആദ്യം ലൈംഗികമായും മാനസികമായും ശാരീരികമായും പീഡിപ്പിച്ചതെന്ന് വീട്ടമ്മ മൊഴിയിൽ പറയുന്നു. പിന്നീട് പലയിടത്തുമായി പീഡനം തുടർന്നു. പ്രതികളുടെ കൈകളിൽ നിന്നും തന്ത്രപരമായി രക്ഷപ്പെട്ട് നാട്ടിലെത്തിയാണ് വീട്ടമ്മ പരാതി നൽകിയത്.
പ്രതികളുടെ അറസ്റ്റ് ഉടൻ നടക്കുമെന്ന് പോലീസ് പറഞ്ഞു. ഒന്നാം പ്രതിയും വീട്ടമ്മയും വർഷങ്ങളായി അറിയുന്നവരാണ്. ഈ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ദുബായിൽ ബ്യൂട്ടീഷ്യൻ ജോലി ശരിയായിട്ടുണ്ടെന്ന് വീട്ടമ്മയെ പറഞ്ഞു വിശ്വസിപ്പിച്ചത്. ആറര ലക്ഷം രൂപയാണ് പ്രതി ആവശ്യപ്പെട്ടത്. വീട്ടമ്മ ഒരു ലക്ഷം രൂപ ബാങ്കിൽ നിന്നും വായ്പയെടുത്ത് പ്രതിക്കു നൽകി. സെപ്റ്റംബർ 21ന് ഇരുവരും കൂടിയാണ് ദുബായിലേക്ക് പോകുന്നത്. ദുബായിൽ കാത്തുനിന്ന രണ്ടാം പ്രതി കൂടി ദേരയിലെ ഫ്‌ളാറ്റിലെത്തി. വീട്ടമ്മയെ മുറിയിലാക്കി പ്രതികൾ രണ്ടുപേരും പോയി. പിറ്റേന്ന് ഒന്നാം പ്രതിയുടെയടുത്തേക്ക് രണ്ടാം പ്രതിയുടെ കൂടെ ചെല്ലണമെന്ന് ഫോണിൽ അറിയിച്ചെങ്കിലും വീട്ടമ്മ പോയില്ല. ഈ കാരണത്തെ തുടർന്ന് രണ്ടാം പ്രതി വീട്ടമ്മയുമായി വാക്കുതർക്കമുണ്ടായി. ഫ്‌ളാറ്റിൽ താമസിച്ചിരുന്ന മലയാളികളായ ഏതാനും സ്ത്രീകളുമായി വന്ന് വീട്ടമ്മയെ രണ്ടാം പ്രതി ഉപദ്രവിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.