അൽഹസ- മരുഭൂമിയിൽ ഇത് ഫുഖാഅ വിളയും സുവർണ്ണകാലം. അടുത്തിടെയുണ്ടായ മഴയെ തുടർന്നു കിഴക്കൻ പ്രവിശ്യയിൽ ഫുഖാഅയുടെ വിളവെടുപ്പു കാലമെത്തി. ഒരു മാസത്തോളം ഫുഖാഅ ചാകരയാണ്. ഉരുളക്കിഴങ്ങിന്റെ രൂപഭാവങ്ങളിലും വലിപ്പത്തിലുമുള്ള ഫുഖാഅ ഒരു കൂൺ ഇനമാണ്. ഇത് നിരവധി പേരുകളിലാണറിയപ്പെടുന്നത്. സ്വദേശികൾ ഫുഖാഅ, ഫിഗ എന്നീ പേരുകളിൽ ഇതിനെ വിളിക്കുമ്പോൾ വിദേശികൾ 'ബൊത്തത്തോ സഹ്‌റാഅ '(മരുഭൂമിയിലെ ഉരുളക്കിഴങ്ങ്) എന്നാണ് പറയുന്നത്. ഫുഖാഅയുടെ യഥാർഥത്ഥ അറബിപദം 'ഖമാഅ' എന്നാണ്. ഭൂമി പിളർന്നു വരുന്നത് കൊണ്ടാണ് ഫുഖാഅ എന്നു വിളിക്കപ്പെടുന്നത്. വളർച്ചയെത്തിയവ പുറത്തുവരണമെങ്കിൽ മഴ പെയ്യണം. അല്ലെങ്കിൽ ഇവ പുറത്ത് വരില്ല. ജനുവരിയിലാണ് സാധാരണ കാണപ്പെടാറെങ്കിലും ചില വർഷങ്ങളിൽ മാറ്റമുണ്ടാകും.
ഇലയൊന്നുമില്ലാത്ത ഇവയെ കണ്ടെത്തുന്നത് മണ്ണ് വിഘടിച്ചുനില്ക്കുന്നത് നോക്കിയാണ്. ചിലപ്പോൾ പുറത്തേക്കു തള്ളിയിരിക്കും. വെയിലിനു ശക്തിയേറുന്നതോടെ ഇവ അപ്രത്യക്ഷമാകും.
ഈത്തപ്പഴത്തിന്റെ സമാനപേരുകളിലാണ് ഫുഖാഅ ഇനങ്ങളും അറിയപ്പെടുന്നത്. സുബൈദി, ഖഌസ്, ശേഷി, ഖുനൈസ്, റിഷീസ് തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടവയാണ്. സുബൈദിയാണ് ഏറ്റവും മേന്മയേറിയതും വില കൂടിയതും. ഇതിനു വെള്ളനിറവും വലിപ്പക്കൂടുതലുമാണ്. ഒരു കിലോ നൂറ് റിയാലിനുമേൽ വിലയുണ്ടാവും. സുബൈദി എന്ന പേരും ഇനവും ഈത്തപ്പഴത്തിന്റെ വർഗത്തിലില്ല. നെല്ലിക്കയുടേതു മുതൽ ഉരുളൻ കിഴങ്ങിന്റെ വലിപ്പം വരെയുള്ളവ ഫുഖാഅയുടെ ചാകരയിൽ ചന്തകളിൽ ലഭിക്കും. ഇവ വർഷങ്ങൾ ഫ്രീസറിൽ സൂക്ഷിച്ചുവെക്കുന്ന സ്വദേശികളുമുണ്ട്. അപൂർവ്വമായി മഴ ലഭിക്കുമ്പോൾ മാത്രമേ ഇത് ലഭ്യമാകൂ എന്നതാണ് ഇങ്ങനെ ചെയ്യാൻ കാരണം. സാധാരണരീതിയിൽ പ്രത്യേക സംരക്ഷണമില്ലാതെ ഒരു മാസം വരെ പുറമേ സൂക്ഷിക്കാം.
ഇതിന്റെ രുചിയെക്കുറിച്ച് സ്വദേശികൾ പറയുന്നത് 'റുമൽ '(മണൽ) പോലെ എന്നാണ്. മലയാളത്തിൽ'കറുമുറാ' യെന്നു പറയും പോലെ. ശരീരത്തിലെ വിഷാംശങ്ങൾ നീക്കി ശുദ്ധീകരിക്കാനും, ലൈംഗിക ശേഷി വർധിപ്പിക്കുകയും ചെയ്യാനുള്ള ഗുണമുള്ളവയാണിത്. സൗദി അറേബ്യയുടെ വടക്കൻ മേഖലകളിലും ഫിഗ കാണപ്പെടുന്നുവെങ്കിലും കിഴക്കൻ പ്രവിശ്യയാണ് ഇതിൽ സമ്പന്നം. ഹാഫ് മൂൺ ബീച്ച്, ഹസയുടെ വിവിധ ഭാഗങ്ങൾ, അറൈറ, ജൂദ, നാരിയ, ഹഫർ അൽബാത്തിൽ എന്നീ സ്ഥലങ്ങൾ ഇതിൽ പ്രധാനങ്ങളാണ്. മുൻകാലങ്ങളിൽ ഖത്തർ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നും അൽഹസയിൽ ഫുഖാഅ വാങ്ങാൻ ആളുകളെത്തിയിരുന്നു.