റിയാദ് - ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ നാലു ഇന്ത്യക്കാരെ രണ്ടു മാസത്തിനിടെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തതായി ദേശീയ സുരക്ഷാ ഏജൻസി അറിയിച്ചു. സെപ്റ്റംബർ 25 മുതൽ ഡിസംബർ 12 വരെയുള്ള കാലത്ത് നാലു ഇന്ത്യക്കാർ അടക്കം 177 ഭീകരരെയാണ് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തത്. ഇവരെ വിവിധ പ്രവിശ്യകളിലെ ജനറൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ജയിലുകളിൽ അടച്ചു.
രണ്ടു മാസത്തിനിടെ അറസ്റ്റിലായ ഭീകരരിൽ 94 പേർ സൗദികളാണ്. 23 സിറിയക്കാരും 19 യെമനികളും 16 ഈജിപ്തുകാരും ഏഴു ഫിലിപ്പിനോകളും നാലു ബംഗ്ലാദേശുകാരും സുഡാൻ, താജിക്കിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഈരണ്ടു പേർ വീതവും ലെബനോൻ, റഷ്യ, കസാക്കിസ്ഥാൻ, മ്യാന്മർ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും രണ്ടു മാസത്തിനിടെ സുരക്ഷാ വകുപ്പുകളുടെ പിടിയിലായിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് സൗദിയിൽ 5,397 ഭീകരർ അറസ്റ്റിലുണ്ട്. കേസ് വിചാരണ ഘട്ടത്തിലുള്ളവരും അന്വേഷണ ഘട്ടത്തിലുള്ളവരും ശിക്ഷ അനുഭവിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.