Sorry, you need to enable JavaScript to visit this website.

റസൂൽ പൂക്കുട്ടിയുടെ തൃശൂർ പൂരം സിനിമ ഓസ്‌കറിന്റെ ചുരുക്കപ്പട്ടികയിൽ

തൃശൂർ- ഓസ്‌കർ ജേതാവായ റസൂൽ പൂക്കുട്ടിയുടെ തൃശൂർ പൂരത്തിന്റെ താളമേളാദികൾ നിറഞ്ഞ സിനിമ 'ദ സൗണ്ട് സ്റ്റോറി' ഓസ്‌കർ അവാർഡിനുള്ള ചുരുക്കപ്പട്ടികയിൽ. ലോകമെങ്ങുമുള്ള സിനിമകളിൽ നിന്ന് 347 സിനിമകളാണ് ചുരുക്കപ്പട്ടികയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. സിനിമയുടെ വിജയത്തിൽ സന്തോഷമുണ്ടെന്ന് റസൂൽ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. 
അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്ട് ആൻഡ് സയൻസ് ഇതാദ്യമായാണ് ചുരുക്കപ്പട്ടിക പുറത്തു വിടുന്നത്. ജനുവരി 22 നു നാമനിർദേശം പൂർത്തിയാക്കും. ഫെബ്രുവരി 24 നാണ് ഓസ്‌കർ അവാർഡ് പ്രഖ്യാപനവും പുരസ്‌കാര ദാനവും. 
ഓസ്‌കർ അവർഡ് നിർണയ സമിതി അംഗങ്ങൾക്കു വേണ്ടി ഡിസംബർ ഏഴു മുതൽ 13 വരെ അമേരിക്കയിലെ ലോസ് ആഞ്ചലസിൽ നോർത്ത് ഹോളിവുഡിലുള്ള റീജൻസി വാലി പ്ലാസയിലാണ് ദ സൗണ്ട് സ്റ്റോറി പ്രദർശിപ്പിച്ച്ത്. 
തൃശൂർ പൂരത്തിന്റെ ശബ്ദ, മേള, വർണ വിസ്മയങ്ങൾ പകർത്തിയെടുത്ത സിനിമയാണിത്. അന്ധർക്ക് ശബ്ദ വിസ്മയങ്ങളിലൂടെ തൃശൂർ പൂരം അനുഭവവേദ്യമാക്കണമെന്ന റസൂൽ പൂക്കുട്ടിയുടെ സ്വപ്‌നമാണ് ഈ സിനിമയിലൂടെ സാക്ഷാത്കരിച്ചിരിക്കുന്നത്. പ്രസാദ് പ്രഭാകർ സംവിധാനം ചെയ്ത സിനിമ പാംസ്റ്റോൺ മൾട്ടിമീഡിയക്കുവേണ്ടി രാജീവ് പനയ്ക്കലാണു നിർമിച്ചത്.
തൃശൂർ പൂരത്തിന്റെ തിരക്കിനിടയിൽ നഗരത്തിന്റെ പലയിടത്തായി സ്ഥാപിച്ച ത്രീഡി കാമറകൾ ഉൾപ്പെടെ 42 എച്ച്ഡി കാമറകളും 128 ട്രാക്ക് മൈക്രോ ഫോണുകളും ഉപയോഗിച്ചു ദൃശ്യങ്ങളും ശബ്ദ വിസ്മയങ്ങളുമെല്ലാം നാലു ദിവസം തുടർച്ചയായാണ് ഒപ്പിയെടുത്തത്. പിന്നീടു സിനിമയ്ക്കുവേണ്ട ചേരുവകൾ ചിത്രീകരിച്ചു. ഇത്രയേറെ കാമറകളിൽ ചിത്രീകരിച്ച ഭാഗങ്ങൾ എഡിറ്റു ചെയ്ത് സംയോജിപ്പിച്ചെടുക്കാൻ ഒരു വർഷത്തിലേറെ സമയം വേണ്ടിവന്നു. പൂരത്തിന്റെ ശബ്ദതരംഗങ്ങൾ പകർത്തുമ്പോൾ റസൂൽ പൂക്കുട്ടി സിനിമയിൽ അഭിനയിക്കുകയാണെന്ന് അറിയാതെ വളരെ തന്മയത്വത്തോടെയാണ് പ്രസാദ് പ്രഭാകർ സംവിധാനം ചെയ്തത്. 
ചെന്നൈ ചലച്ചിത്രോൽസവത്തിലേക്കും ദ സൗണ്ട് സ്റ്റോറി' തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒരേ സമയം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗഌഷ് എന്നീ അഞ്ചു ഭാഷകളിൽ സജ്ജമാക്കിയ സിനിമ വൈകാതെ തന്നെ ഇന്ത്യയിൽ റിലീസാകും. സോണിയാണ് സിനിമയുടെ ഓഡിയോ വിതരണാവകാശം എടുത്തിരിക്കുന്നത്.

 

Latest News