ദമാം - അഞ്ചു വർഷത്തിനുള്ളിൽ കിഴക്കൻ പ്രവിശ്യയിൽ മുപ്പതിനായിരം സൗദികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭ്യമാക്കാൻ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖ ധാരണാപത്രം ഒപ്പുവെച്ചു. അടുത്ത വർഷം മുതൽ 2023 വരെയുള്ള കാലത്താണ് ഇത്രയും സൗദികൾക്ക് കിഴക്കൻ പ്രവിശ്യയിലെ സ്വകാര്യ കമ്പനികളിലും സ്ഥാപനങ്ങളിലും തൊഴിൽ ലഭ്യമാക്കുക.
കിഴക്കൻ പ്രവിശ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖ ഡയറക്ടർ അബ്ദുറഹ്മാൻ അൽമുഖ്ബിലും സൗദി അഡ്വാൻസ്ഡ് ബിസിനസ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി അൽഹർബിയുമാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ ആസ്ഥാനത്തു വെച്ച് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
സൗദിവൽക്കരണം ഉയർത്തുന്നതിനും സൗദിവൽക്കരണത്തിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ചക്ക് ഉത്തേജനം നൽകുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം. കിഴക്കൻ പ്രവിശ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ ഗുണഭോക്താക്കളായ അനാഥകൾ, ഭിന്നശേഷിക്കാർ, സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോക്താക്കൾ എന്നിവരെ തൊഴിൽ പരിശീലനത്തിലൂടെ പ്രാപ്തരാക്കി മാറ്റി തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് ധാരണാപത്രം അനുശാസിക്കുന്നു. കൂടാതെ സ്വകാര്യ മേഖലയിൽ സൗദിവൽക്കരണത്തിന്റെ സ്വാധീനം നിരീക്ഷിക്കുകയും നിതാഖാത്ത് അടക്കമുള്ള പദ്ധതികൾ പ്രയോജനപ്പെടുത്തി സൗദിവൽക്കരണം വർധിപ്പിക്കുകയും ചെയ്യും. പദ്ധതി നടപ്പാക്കുന്നതിൽ പങ്കാളിത്തം വഹിക്കുന്ന വകുപ്പുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഈ ലക്ഷ്യത്തോടെ കർമ സമിതി രൂപീകരിക്കുന്നതിനും ധാരണയായിട്ടുണ്ട്. ഫലപ്രദമായി ധാരണാപത്രം നടപ്പാക്കുന്നതിനുള്ള വിശദമായ പദ്ധതികൾക്ക് കർമ സമിതി രൂപംനൽകുകയും സൗദിവൽക്കരണത്തിലുള്ള പുരോഗതിയെ കുറിച്ച് പതിവായി റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്യും.