Sorry, you need to enable JavaScript to visit this website.

അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ ലഭിച്ചത് 5,000 കോടി

ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ

റിയാദ് - അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ ഈ വർഷം 5,000 കോടി റിയാൽ വരുമാനം ലഭിച്ചതായി ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ വെളിപ്പെടുത്തി. ധനമന്ത്രാലയ ആസ്ഥാനത്ത് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ അറ്റോർണി ജനറൽ പതിനായിരം കോടി ഡോളർ വീണ്ടെടുത്തിട്ടുണ്ട്. അവശേഷിക്കുന്ന തുക വരും വർഷങ്ങളിൽ പൊതുഖജനാവിൽ എത്തും. 
ഈ വർഷം വിദേശ നിക്ഷേപകർക്ക് അനുവദിച്ച ലൈസൻസുകളുടെ എണ്ണത്തിൽ ഇരട്ടിയോളം വർധനവുണ്ട്. ഈ കൊല്ലം വിദേശ നിക്ഷേപകർക്ക് 700 ലൈസൻസുകൾ അനുവദിച്ചു. കഴിഞ്ഞ വർഷം 350 ലൈസൻസുകൾ മാത്രമാണ് അനുവദിച്ചിരുന്നത്. സൗദി അറേബ്യക്കും രാജ്യത്തെ പൗരന്മാർക്കും വേണ്ടി പ്രതിരോധം തീർക്കുന്നതിന് സാധ്യമായ എല്ലാ ശേഷികളും ലഭ്യമാക്കുന്നതിന് ധനമന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. യെമനികൾക്കും സഹായം നൽകും. യെമൻ പുനർനിർമാണത്തിന് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കും. മുൻകൂട്ടി നിർണയിച്ച സമയക്രമം അനുസരിച്ച് സാമ്പത്തിക പരിഷ്‌കരണങ്ങൾ തുടരുകയാണ്. സാമ്പത്തിക വളർച്ചയെ പ്രതികൂലമായി സ്വാധീനിക്കാതെ നോക്കുന്നതിന് പരിഷ്‌കരണങ്ങൾക്ക് വേഗം കൂട്ടുന്നതിന് ആഗ്രഹിക്കുന്നില്ല. 
പദ്ധതികൾ നടപ്പാക്കിയ വകയിൽ സ്വകാര്യ മേഖലക്കുള്ള കുടിശ്ശികകളുമായും സർക്കാറിലേക്ക് അടക്കേണ്ട ഫീസുകളുമായും മറ്റും ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ ശ്രമിക്കുകയാണ്. ടെലികോം സേവനങ്ങൾ നൽകുന്നതിനുള്ള വാർഷിക ഫീസും ലൈസൻസ് ഫീസുമായും ബന്ധപ്പെട്ട് ടെലികോം കമ്പനികളുമായുള്ള തർക്കം പരിഹരിച്ചിട്ടുണ്ട്. സർക്കാർ വകുപ്പുകൾക്ക് ഉൽപന്നങ്ങൾ വിതരണം ചെയ്ത ഇറക്കുമതിക്കാരുമായും വ്യാപാരികളുമായും ഗവൺമെന്റ് പദ്ധതികൾ നടപ്പാക്കിയ കരാറുകാരുമായുമുള്ള തർക്കങ്ങൾ പരിഹരിച്ച് ഈ വർഷം ബില്യൺ കണക്കിന് റിയാൽ വിതരണം ചെയ്തിട്ടുണ്ട്. 
മറ്റു വകുപ്പുകളും സ്ഥാപനങ്ങളുമായുള്ള തർക്കങ്ങൾ വരും ആഴ്ചകളിൽ പരിഹരിക്കുന്നതിന് സാധിക്കുമെന്നാണ് കരുതുന്നതെന്നും മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. അടുത്ത വർഷം ആദ്യ പാദത്തിൽ അഞ്ചു മേഖലകൾ സ്വകാര്യവൽക്കരണത്തിന് സുസജ്ജമാകും. വലിയ തോതിൽ പുതിയ നിക്ഷേപങ്ങൾ രാജ്യത്തേക്ക് ഒഴുകിയെത്തും. ബിസിനസ് സാഹചര്യം മെച്ചപ്പെടുത്തുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. 


 

Latest News