ഖുന്‍ഫുദ- വാഹനാപകടത്തില്‍ മരിച്ച വേങ്ങര കോട്ടുമല സ്വദേശി പറ്റൊടുവില്‍ ഇസ്ഹാഖിന്റെ ഭാര്യ സഹ്‌റാ ബാനു(30) വിന്റെയും മകന്‍ മുഹമ്മദ് ഷാനു(9)വിന്റെയും മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖുന്‍ഫുദ ഖാലിദിയ്യ ഖബര്‍സ്ഥാനില്‍ മറവുചെയ്തു. ഞായറാഴ്ച ഖുന്‍ഫുദയില്‍നിന്ന് 80 കിമീ അകലെ സവാല്‍ ഹയിലിലായിരുന്നു അപകടം. ഇസ്ഹാഖും കുടംബവും സഞ്ചരിച്ച വാന്‍ ലോറിയില്‍ ഇടിക്കുകയും സഹ്‌റാബാനുവും മൂത്ത മകന്‍ ഷാനുവും തല്‍ക്ഷണം മരിക്കുകയുമായിരുന്നു. അപകടത്തില്‍ ഇസ്ഹാഖ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇളയ മകള്‍ ഇസ്സ ഫാത്തിമ ഗുരുതരമായ പരിക്കുകളോടെ ജിദ്ദ കിംഗ് അബ്ദുള്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകടത്തിന്റെ രണ്ട് ദിവസം മുമ്പാണ് ഇസ് ഹാഖിന്റെ കുടുംബം സന്ദര്‍ശക വിസയില്‍ ഖന്‍ഫുദയിലെത്തിയത്. ഷിക്കേക്കിലുള്ള സഹോദരനെ സന്ദര്‍ശിക്കാന്‍ പോകുമ്പോഴായിരുന്നു ഏവരേയും കണ്ണീരിലാഴ്ത്തിയ ദുരന്തം.
അല്‍ ഹാസ്മി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഖുന്‍ഫുദ ബ്രാഞ്ചിലെ ഡ്രൈവറാണ് ഇസ്ഹാഖ്.
ഖുന്‍ഫുദ മലയാളികള്‍ക്കിടയില്‍ നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഇസ്ഹാഖിന്റെ കുടംബത്തിനുണ്ടായ അപ്രതീക്ഷിത നാടിന്റെ മുഴുവന്‍ ദുഃഖമായ കാഴ്ചയാണ് സംസ്‌കാര ചടങ്ങില്‍ കണ്ടത്.
അടുത്തടുത്തായി ഒരുക്കിയ ഖബറുകളില്‍ ആദ്യം ഷാനുവിന്റെയും പിന്നീട് സഹറയുടെയും മയ്യിത്തുകള്‍ ഖബറടക്കുമ്പോള്‍ ഇസ്ഹാഖിനെയും ബന്ധുക്കളേയും ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ സുഹൃത്തുക്കള്‍ വിതുമ്പി. പഠിക്കാന്‍ മിടുക്കനായിരുന്ന ഷാനു സകൂളില്‍നിന്ന് അവധിയെടുത്താണ് ഉമ്മയ്ക്കും സഹോാദരിക്കുമൊപ്പം ഖുന്‍ഫുദയിലെത്തിയത്. ഉമ്മയും ഇക്കാക്കയും വിട പറഞ്ഞതറിയാതെ ഇസമോള്‍ ഇപ്പോഴും വെന്റിലേറ്ററിലാണ്. ഇസ്ഹാഖിന് മകന്റേയും ഭാര്യയുടേയും വേര്‍പാട് വരുത്തിയ നഷ്ടം സഹിക്കാനുള്ള കരുത്തുനല്‍കാനും ഇസ മോളെ ജീവിതത്തിലേക്ക് തിരികയെത്തിക്കാനുമുള്ള പ്രാര്‍ഥനയിലാണ് ഖുന്‍ഫുദയിലെ പ്രവാസി മലയാളികള്‍.