വിനോദ സഞ്ചാരികൾക്ക് കാഴ്ചയുടെ വിരുന്നൊരുക്കിയും നട്ടുച്ചയ്ക്കും കോടമഞ്ഞിന്റെ കുളിരേകിയും പീരുമേടിനടുത്ത് പാഞ്ചാലിമേട് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാകുന്നു. പച്ചപ്പ് നിറഞ്ഞ മൊട്ടക്കുന്നുകളും അടിവാരവും ദൂരക്കാഴ്ചയും ആസ്വദിക്കാൻ ഇവിടെയെത്തുന്നവർക്കായി വിപുലമായ സൗകര്യങ്ങളാണ് ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നത്.
സഞ്ചാരികളെ വരവേൽക്കാൻ മികച്ച പ്രവേശന കവാടം, നടപ്പാത, കൽമണ്ഡപങ്ങൾ, വിശ്രമകേന്ദ്രം, റെയിൻ ഷെൽട്ടർ, ഇരിപ്പിടങ്ങൾ, കോഫി ഷോപ്പ്, ടോയ്ലറ്റ് സൗകര്യം, സോളാർ വിളക്കുകൾ എന്നിവയെല്ലാം ക്രമീകരിച്ചിരിക്കുന്നു.
പ്രകൃതി മനോഹരമായ മലനിരകളും കോടമഞ്ഞും അലങ്കരിക്കുന്ന പാഞ്ചാലിമേട്ടിൽ നിന്നാൽ തെളിഞ്ഞ അന്തരീക്ഷത്തിൽ ആലപ്പുഴ ബീച്ചിന്റെയും ലൈറ്റ് ഹൗസിന്റെയും വിദൂര കാഴ്ചയും ദൃശ്യമാണ്. ഇവിടെ നിർമിച്ചിരിക്കുന്ന ഇടുക്കിയുടെ പഴയകാല ഓർമ പുതുക്കുന്ന ഏറുമാടം സഞ്ചാരികൾക്ക് ഫോട്ടോ എടുക്കുവാനും കയറുവാനും ഏറെ പ്രിയപ്പെട്ടതാണ്. വിനോദ സഞ്ചാര കേന്ദ്രമെന്നതിനു പുറമെ മഹാഭാരതവുമായി ബന്ധപ്പെട്ട് പഞ്ചപാണ്ഡവർ വനവാസകാലത്ത് താമസിച്ചിരുന്നുവെന്ന ഐതിഹ്യവും പാഞ്ചാലിമേടിനുണ്ട്. പഞ്ചപാണ്ഡവർ ഇരുന്നുവെന്ന് കരുതപ്പെടുന്ന കൽപാളികളും പാഞ്ചാലി താമസിച്ചിരുന്നുവെന്ന് പറയുന്ന ഭീമൻ ഗുഹയും ഈ ഐതിഹ്യത്തിന് ആക്കം കൂട്ടുന്നു. ഇതാണ് ഈ പ്രദേശത്തിന് പാഞ്ചാലിമേട് എന്ന പേരു വരാൻ കാരണമെന്നും കരുതപ്പെടുന്നു. പാഞ്ചാലിമേടിന്റെ മറ്റൊരു പ്രത്യേകത തീർത്ഥാടന പ്രാധാന്യമാണ്.
ശബരിമല പൊന്നമ്പലമേട്ടിൽ തെളിയുന്ന മകരവിളക്ക് പാഞ്ചാലിമേട്ടിൽ നിന്നും കാണുവാൻ കഴിയും. മകരവിളക്ക് ദിവസം മാത്രം ഭക്തജനങ്ങളടക്കം അയ്യായിരത്തിലധികം പേരാണ് മകരവിളക്ക് നേരിട്ട് ദർശിക്കുന്നതിനായി ഇവിടെയെത്തുന്നത്. മൂന്നര കോടി രൂപയോളം ചെലവഴിച്ചുള്ള നിർമാണ പ്രവർത്തനങ്ങളാണ് പാഞ്ചാലിമേട് വിനോദ സഞ്ചാര കേന്ദ്രത്തിന്റെ വികസനത്തിന് ആദ്യ ഘട്ടമായി നടന്നത്. സാഹസിക യാത്രയ്ക്ക് യോജിച്ച സ്ഥലമായതിനാൽ ട്രക്കിംഗ് ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്കായി പാഞ്ചാലിമേടിന്റെ തന്നെ ഭാഗമായ ഭീമൻഗുഹയിലേക്ക് ഗൈഡഡ് ട്രക്കിംഗ് സൗകര്യമേർപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ഡി.ടി.പി.സി.