ഭൂട്ടാൻ യാത്രയിൽ എന്റെ പ്രധാന ഉദ്ദേശ്യം അവിടുത്തെ ഗ്രാമീണ ജനതയുടെ യഥാർത്ഥ ജീവിതത്തെ കുറിച്ച് അടുത്തറിയുക എന്നതായിരുന്നു.
ഹിമാലയത്തിന്റെ ഭാഗങ്ങളുള്ള ഭൂട്ടാനിലെ ഉൾഗ്രാമങ്ങളിൽ ഒരു കാഴ്ചക്കാരനെപോലെ അലയണം. അവരോടു കൂട്ടുകൂടണം. അവരുടെ വീട്ടിൽ പോവണം. അവിടുന്ന് ഭക്ഷണം കഴിച്ച്, എനിക്ക് അറിയാത്ത ഭാഷയിലുള്ള അവരുടെ സംസാരം വെറുതെ കേട്ടുകൊണ്ടിരിക്കണം. അങ്ങനെ... അങ്ങനെ..
ഇതെല്ലാം സാധിച്ചു എന്നതിലുള്ള ചാരിതാർഥ്യം പുനാകയിൽ നിന്നും തിരിച്ചുപോരുമ്പോൾ ഞാൻ അനുഭവിച്ചു.
ഭൂട്ടാനിലെ ഒരു ചെറിയ ഹിമാലയൻ നഗരമാണ് പുനാക. പക്ഷെ, നഗരം എന്നൊന്നും പറയാൻ പറ്റില്ലട്ടോ,. തനി ഗ്രാമീണ കാഴ്ചകളുടെ ഇടമാണിത്.
ഭൂട്ടാൻ ഭരണപരമായി പല പ്രവിശ്യകളായി തിരിച്ചിട്ടുണ്ട്. ഓരോ പ്രവിശ്യയിലും ഭരണപരവും, ആത്മീയവും, സൈനികപരവുമായ കേന്ദ്രങ്ങൾ ഉണ്ട്.
1955 വരെ ഭൂട്ടാന്റെ തലസ്ഥാനം പുനാക ആയിരുന്നു. പിന്നീട് തിമ്പുവിലേക്ക് മാറ്റുന്നത് വരെ ഭരണസിരാകേന്ദ്രമായിരുന്നു. 1637ൽ നിർമിച്ച പുനാക തിമ്പുവിനെ അപേക്ഷിച്ചു അല്പം തണുപ്പ് കുറവുള്ള സ്ഥലമാണ്. കാരണം, സമുദ്രനിരപ്പിൽ നിന്നും 4000 അടി ഉയരത്തിലാണ് ഈ ഗ്രാമം. തിമ്പുവാകട്ടെ 8000 അടി ഉയരത്തിലും. മനോഹരമായ ചുരമിറങ്ങി വേണം പുനാക താഴ്‌വരയിൽ എത്താൻ. ഈ വഴിയിൽ മണ്ണിടിച്ചിൽ സാധാരണയാണ്. തണുപ്പ്കാലത്ത് ലാമമാരുടെ താമസ സ്ഥലമാണ് പുനാക. ഈ സമയങ്ങളിൽ തണുപ്പുകാലത്തിന്റെ വരവറിയിച്ചു ലാമമാരുടെ മലയിറക്കം തുടങ്ങിയാൽ പിന്നെ ഭൂട്ടാൻകാർക്ക് പരമ്പരാഗത വേഷം മാറ്റിവെച്ച് ജീൻസും പാന്റ്‌സും ഒക്കെ ധരിക്കാം.
പുനാക സ്ഥിതി ചെയ്യുന്നത് രണ്ടു നദികളുടെ ഇടയിലാണ്. ഇവയുടെ സംഗമസ്ഥലത്താണ് രാജകീയ വിവാഹം നടക്കുന്നത്.
വെള്ളപ്പൊക്ക ഭീഷണി മറികടക്കാൻ ഇരു വശവും പുഴയുടെ ആഴം കൂട്ടിയിട്ടുണ്ട്. താഴ്‌വര നെൽകൃഷിക്ക് പ്രസിദ്ധമാണ്. കൂടാതെ മുളക് കൃഷിയും, ആപ്പിൾ തോട്ടങ്ങളും. പിന്നെ നിഷ്‌കളങ്കരായ ഗ്രാമീണരും..കുത്തിയൊഴുകുന്ന നദിയും. നെൽ വയലുകളിൽ കർഷക വീടുകൾ കണ്ടു. മൺകട്ടകളും തടിയും കൊണ്ടുണ്ടാക്കിയതാണ് വീടുകൾ. എല്ലാവീടിനും രണ്ടുനില ഉണ്ടാകും അതിനു മുകളിൽ ധാന്യങ്ങൾ സൂക്ഷിക്കാൻ പത്തായപ്പുരകളും.
ഇവിടെ അധികം കടകളോ, ഹോട്ടലുകളോ ഇല്ല. താമസിക്കാൻ ഒരു മുറി കിട്ടാൻ ഞങ്ങൾക്ക് കുറച്ച് തെരയേണ്ടി വന്നു. 1500 രൂപയ്ക്കു 3 പേർക്ക് നിൽക്കാവുന്ന ഒരു റൂം കിട്ടി. തൊട്ടടുത്തു തന്നെ ഒരു സ്ത്രീയുടെ വീട്ടിൽ മോമൊ കടയുണ്ടായിരുന്നു. നല്ല മുളക് ബജിയും ഇറച്ചി വേവിച്ച മോമൊയും. പിന്നെ ആ സ്ത്രീയുടെയും മക്കളുടെയും സൽക്കാരവും..ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ ഞങ്ങൾ അവിടുന്ന് ഭക്ഷണം കഴിച്ചു.
അടുത്ത ദിവസവും ഇവിടുന്ന് തന്നെയാണ് ഭക്ഷണം കഴിച്ചത്. നദിയുടെ തീരത്താണ് ഇവിടുത്തെ ചന്ത. ഒരു സ്‌കൂളും കുട്ടികളുടെ പാർക്കും ഉണ്ട്.
അന്ന് വൈകുന്നേരം മഞ്ഞും കൊണ്ട് പുറത്തിറങ്ങി. കയ്യിൽ ആ നാട്ടിൽ എടുക്കാത്ത നമ്മുടെ 2000 രൂപ മാത്രം. മൊബൈലിൽ ഇന്റർനെറ്റോ, വിളിക്കാൻ പൈസയോ ഇല്ലാതെ കഴിഞ്ഞ മൂന്ന് ദിവസമായി നാടുമായി ഒരു ബന്ധവുമില്ലാതെ കഴിഞ്ഞു. അവിടെ കണ്ടു മുട്ടിയ മലയാളി അധ്യാപകന്റെ ഫോൺ ഉപയോഗിച്ചാണ് വിളിച്ചത്. ഭൂട്ടാനിൽ കുറേ മലയാളി അധ്യാപകർ ഉണ്ട്. അതുകൊണ്ട് ഭൂട്ടാനികൾക്ക് മലയാളികളോട് ബഹുമാനമാണ്. രാവിലെ 6 മണിക്ക് ചന്ത ലക്ഷ്യമാക്കി നടന്നു. ഭാഗ്യം ഇന്ന് ഗ്രാമ ചന്തയുടെ ദിവസമാണ്. നാട്ടുകാർ അവരുടെ ഉത്പന്നങ്ങൾ കൊണ്ടുവന്നു വിൽക്കുന്നു. നാട്ടിൽ നമുക്ക് അന്യമാകുന്ന കാഴ്ചകൾ.. നിറയെ.
ഒരു മൂലയിൽ ചായയും മോമോയും വിൽക്കുന്ന ചേച്ചി ഉണ്ട്.. അവർ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നു. ധൃതിയിൽ അവിടെ ഒന്ന് ചുറ്റിക്കറങ്ങി ഞങ്ങൾ തിരിച്ചുപോന്നു. നേരെ തിമ്പുവിലേക്കുള്ള ബസ് കിട്ടി. അടുത്ത 6 മണിക്കൂർ നാട്ടുകാരുടെ കൂടെ അടിപൊളി യാത്രയായിരുന്നു... ഇടക്ക് മഴയും മണ്ണിടിച്ചിലും.