ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാനുള്ള ആർജവം സർക്കാരിനില്ല. അത് ശക്തമായി ഉന്നയിക്കാനുള്ള ആർജവം സി.പി.എമ്മിനുമില്ല. ശബരിമല വിഷയത്തിൽ വനിതാ മതിൽ നിർമിച്ചാൽ വിജയിക്കില്ല. ഇപ്പോൾ പങ്കെടുക്കുന്ന സാമുദായിക സംഘടനകളുടെ മാത്രമല്ല, സി.പി.എം അനുഭാവികളായ സ്ത്രീകളിൽ വലിയൊരു വിഭാഗവും അതിൽ പങ്കെടുക്കില്ല.
നവവത്സര ദിനത്തിൽ സർക്കാരിന്റെ നേതൃത്വത്തിലുയരുന്ന വനിതാ മതിലിൽ പങ്കെടുക്കില്ല എന്നു പ്രഖ്യാപിച്ച പ്രൊഫ. സാറാ ജോസഫിന്റെ നിലപാടുകളോട് വിയോജിച്ച് സി.പി.എം പ്രവർത്തകയും എഴുത്തുകാരിയുമായ സുജ സൂസൻ ജോർജ്ജ് എഴുതിയ തുറന്ന കത്ത് വനിതാ മതിലിനെതിരായി ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി പറയാൻ ശ്രമിക്കുന്നെങ്കിലും പരാജയപ്പെടുന്നതായാണ് കാണുന്നത്.
തുടക്കത്തിൽ വനിതാ മതിലിനോട് അനുഭാവപൂർണമായ സമീപനം സ്വീകരിക്കുകയും ഇടതുപക്ഷക്കാരുടെ മുൻകൈയിൽ തൃശൂരിൽ നടന്ന ജനാഭിമാന സമ്മേളനത്തിന്റെ അധ്യക്ഷയായിരിക്കുകയും ചെയ്ത സാറാ ജോസഫ് പിന്നീട് മൂന്നു തവണ നിലപാട് മാറിയിരുന്നു. ശബരിമല കയറാൻ ശ്രമിച്ച രഹ്ന ഫാത്തിമക്കെതിരെ ജാമ്യമില്ലാത്ത കേസെടുക്കുകയും ജയിലിലിടുകയും ചെയ്തപ്പോൾ ഈ സർക്കാരിന്റെ വനിതാ മതിലിനൊപ്പമില്ല എന്നു പറഞ്ഞ ടീച്ചർ, ജാമ്യം ലഭിച്ചപ്പോൾ രഹ്നക്കൊപ്പം മതിലിൽ പങ്കെടുക്കുമെന്നു പ്രഖ്യാപിച്ചു. അതിനുശേഷം പി.കെ ശശിയെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ തയ്യാറാകാത്ത സിപിഎം നേതൃത്വം നൽകുന്ന സർക്കാർ നിർമ്മിക്കുന്ന മതിലിലേക്കില്ല എന്നായിരുന്നു ടീച്ചർ പറഞ്ഞത്.
ഈ സമയത്തുതന്നെ മതിലിൽ നിന്നു പിന്മാറുന്നതായി ദളിത് ചിന്തകൻ സണ്ണി കപിക്കാടിന്റേയും നടി മഞ്ജുവാര്യരുടേയും പ്രസ്താവനകളും വന്നു. ശബരിമലയിൽ യുവതീപ്രവേശനത്തെ സർക്കാർ തടയുന്നതിൽ പ്രതിഷേധിച്ചായിരുന്നു സണ്ണി പിന്തുണ പിൻവലിച്ചത്. വനിതാമതിലിൽ രാഷ്ട്രീയമുണ്ടെന്നു ബോധ്യമായപ്പോളാണ് മഞ്ജു പിന്മാറിയത്. ഈ സാഹചര്യത്തിൽ തന്നെ വനിതാ മതിലിനെ പിന്തുണക്കുമെന്നു സർക്കാർ പ്രതീക്ഷിച്ച പലരും അതിനു തയ്യാറായതുമില്ല. നിരവധി വനിതാപ്രവർത്തകർ തന്നെ മതിലിനെതിരം രംഗത്തെത്തി. തുടർന്നാണ് എല്ലാവർക്കുമുള്ള മറുപടിപോലെ സുജ ഇത്തരമൊരു കത്തെഴുതുന്നത്.
വനിതാ മതിൽ എന്ന പരിപാടി ശബരിമലയിലെ യുവതി പ്രവേശനം നേരിട്ടുയർത്തുന്നില്ല എന്ന പ്രധാന ഒരു വിമർശത്തിനു വ്യക്തമായ മറുപടി പറയാൻ സുജക്കാവുന്നില്ല. നേരിട്ട് ശബരിമലയിലെ യുവതി പ്രവേശനം ഉന്നയിക്കുന്നുവോ എന്നതു മാത്രമല്ല പ്രശ്‌നം, യുവതികൾ ശബരിമലയിൽ കയറരുത് എന്ന് സംഘപരിവാരം പതിനെട്ടക്ഷൌഹിണിയും നിരത്തി ആക്രോശിക്കുമ്പോൾ അതല്ല വിഷയം, കേരള നവോത്ഥാന മൂല്യങ്ങളാണ് എന്ന് അമ്പല വിശ്വാസികളായ ഈ സ്ത്രീകൾ പറയുന്നത് വിപ്ലവകരമാണ് എന്നു പറഞ്ഞ് അവർ തന്ത്രപൂർവ്വം ഒഴിഞ്ഞുമാറുന്നു.
സ്ത്രീകൾക്ക് വിലക്കപ്പെട്ട ശബരിമലയിലാണോ വിലക്കുകളൊന്നുമില്ലാത്ത ദേശീയപാതയിലാണോ മതിൽ നിർമ്മിക്കേണ്ടത്? ഇവരെല്ലാം ഇപ്പോൾ ഉയർത്തിപിടിക്കുന്ന അയ്യങ്കാളി വിലക്കപ്പെട്ട വീഥിയിലൂടെയായിരുന്നു വില്ലുവണ്ടിയിൽ യാത്രചെയ്തത്. വിലക്കപ്പെട്ട വിദ്യാലയത്തിലായിരുന്നു പഞ്ചമി എന്ന പെൺകിടാവിന്റെ കൈപിടിച്ചു കയറിയത്.
അടുത്ത കാലത്തുമാത്രം ഇവർ ആഘോഷിക്കാൻ തുടങ്ങിയ ക്ഷേത്രപ്രവേശന സമരങ്ങളും ക്ഷേത്രങ്ങൾക്കു സമീപത്തെ നിരത്തുകളിലൂടെ സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള സമരങ്ങളും നടന്നത് ഇങ്ങനെയായിരുന്നോ? ഇപ്പോൾ പറയുന്നത് ആക്ടിവിസ്റ്റുകൾ ശബരിമലയിൽ പോകണ്ട, തെരുവിലിറങ്ങിയാൽ മതിയെന്ന്. കുറെ സ്ത്രീകൾ നാമജപവുമായി രംഗത്തിറങ്ങിയതിനു പകരമാണ് വനിതാ മതിലെങ്കിൽ അതു തുറന്നു പറയണം. നവോത്ഥാനത്തിന്റെ പേരു പറയരുത്.
വാസ്തവത്തിൽ ഇപ്പോഴുണ്ടായ നവോത്ഥാന വിഷയം ശബരിമലയിലെ യുവതീപ്രവേശനമല്ലാതെ മറ്റെന്താണ്? എന്നാൽ നിർമ്മിക്കുന്ന മതിലിന്റെ ചെയർമാൻ യുവതീപ്രവേശനത്തെ എതിർക്കുന്ന വെള്ളാപ്പള്ളി. വാദത്തിനു വേണ്ടി ശബരിമല വിഷയത്തിനല്ല, പൊതുവായ നവോത്ഥാനത്തിനാണ് വനിതാ മതിലെങ്കിൽ എല്ലാ മതവിഭാഗങ്ങളും സംഘാടകസമിതിയിൽ ആവശ്യമില്ലേ? കേരളത്തിൽ അടുത്തയിടെ നടന്ന ഏറ്റവും ശക്തമായ നവോത്ഥാന സമരം നടത്തിയ കന്യാസ്ത്രീകളെ എന്തുകൊണ്ട് വിളിക്കുന്നില്ല? പൊതുവായ വിഷയമാണെങ്കിൽ സ്ത്രീകളുടെ മാത്രം മതിലാണോ ആവശ്യം? എന്നാൽ കേരളത്തിൽ സജീവമായ ഈ ചോദ്യങ്ങൾക്കൊന്നും സുജക്ക് മറുപടിയില്ല.
പകരം സംഘപരിവാരം കാണിക്കുന്ന ഒരു ഭീഷണകൃത്യം അതിന്റെ ഇരകളെത്തന്നെ അതിന്റെ പോരാളികളായി രംഗത്തിറക്കുന്നു എന്നതാണ്. ഇവരുടെ ഒരു മുഖ്യ ഇര സ്ത്രീകളാണെന്നതിൽ തർക്കമില്ലല്ലോ. അതിനായി തെരുവിലിറക്കുന്നതും സ്ത്രീകളെ തന്നെയാണ്. ഈ സ്ത്രീകളെ സംഘപരിവാരപക്ഷത്തേക്ക് വിട്ടുകൊടുക്കുന്നതോടെ കേരളത്തിൻെറ നവോത്ഥാന മൂല്യങ്ങളുടെ കഥ കഴിഞ്ഞു. അതനുവദിച്ചു കൂടാ. ഈ സ്ത്രീകൾ മാറി നില്ക്കുന്നത് ഉയർത്തിപ്പിടിക്കേണ്ടത് അതിനാൽ തന്നെ പ്രധാനമാണ് - ഇങ്ങനെയാണ് സുജ പറയുന്നത്.
ലളിതമായി പറഞ്ഞാൽ സംഘ്പരിവാറുകൾ നാമജപത്തിനു സ്ത്രീകളെ തെരുവിലിറക്കുന്നു, ഞങ്ങൾ മതിലിനു തെരുവിലിറക്കുന്നു. അല്ലാതെ മറ്റെന്താണ് സുജ പറയാൻ ശ്രമിക്കുന്നത്? സംഘപരിവാറും കോൺഗ്രസും മറ്റു ചില സാമുദായിക - രാഷ്ട്രീയ സംഘടനകളും എതിർക്കുന്നതിനാൽ മാത്രം ഇതെങ്ങനെ ന്യായീകരിക്കപ്പെടും?
സാറാ ജോസഫ് ഉന്നയിച്ച രഹ്‌ന ഫാത്തിമയ്ക്ക് നീതി കിട്ടണം, പി.കെ ശശി പ്രശ്‌നത്തിൽ യുവതിക്ക് നീതി ലഭിക്കണം എന്നൊക്കെ സുജ പറയുന്നുണ്ട്. എന്നാൽ അതു കിട്ടിയിട്ട് മതി എസ് എൻ ഡി പി, കെ പി എം എസ് അംഗങ്ങളായ സഹോദരിമാർ തെരുവിലിറങ്ങുന്നതിനെ ഉയർത്തിപ്പിടിക്കുന്നത് എന്നു പറയുന്നത് ശരിയായ രാഷ്ട്രീയമാണോ?.
സാറ ടീച്ചർ, മരം കാണുകയും കാടു കാണാതിരിക്കുകയും ചെയ്യരുത് എന്നാണ് അവർ അഭ്യർത്ഥിക്കുന്നത്. അതിലൊന്നും ടീച്ചർ ഇടപെടേണ്ട എന്നല്ലാതെ അതിനർത്ഥം എന്താണ്? മാത്രമല്ല എസ് എൻ ഡി പി, കെ പി എം എസ് അംഗങ്ങളായ സഹോദരിമാരാണ് മതിലിനായി തെരുവിലിറങ്ങുന്നതെന്ന അവരുടെ വാക്കുകൾ ശരിയാണോ? ഈ മതിൽ സൃഷ്ടിക്കാൻ പോകുന്നത് സിപിഎം അല്ലാതെ മറ്റാരാണ്? സർക്കാർ മിഷണറികളും സിപിഐ പോലുള്ള പാർട്ടികളുടേയും കെപിഎംഎസ്, എസ് എൻഡിപി സംഘടനകളുടേയും സഹായമൊക്കെ സ്വീകരിക്കുമെങ്കിലും ഇതൊരു പാർട്ടി മതിലല്ലാതെ മറ്റെന്താണ്? ഓരോ പ്രദേശത്തും പാർട്ടിയുമായി ബന്ധപ്പെട്ടവരെ മാത്രം അണിനിരത്തിയാൽ പോലും മതിൽ വിജയിപ്പിക്കാമെന്നാണ് നേതാക്കളുടേയും പ്രവർത്തകരുടേയും കണക്കുകൂട്ടൽ. സോഷ്യൽ മീഡിയയിൽ പലരുമത് തുറന്നു പറഞ്ഞല്ലോ.
യാഥാർത്ഥ്യം ഇതാണ്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാനുള്ള ആർജവം സർക്കാരിനില്ല. അത് ശക്തമായി ഉന്നയിക്കാനുള്ള ആർജവം സി.പി.എമ്മിനുമില്ല. ശബരിമല വിഷയത്തിൽ വനിതാ മതിൽ നിർമിച്ചാൽ വിജയിക്കില്ല. ഇപ്പോൾ പങ്കെടുക്കുന്ന സാമുദായിക സംഘടനകളുടെ മാത്രമല്ല,
സി.പി.എം അനുഭാവികളായ സ്ത്രീകളിൽ വലിയൊരു വിഭാഗവും അതിൽ പങ്കെടുക്കില്ല. ഈ സാഹചര്യത്തിൽ ബി.ജെ.പിക്കും കോൺഗ്രസിനുമെതിരായ രാഷ്ട്രീയമതിൽ മാത്രമാണ് വനിതാ മതിൽ. ലോക്‌സഭാ തെരഞ്ഞെടുപ്പാണ് വനിതാ മതിലിന്റെ അടിയന്തര ലക്ഷ്യം.
അതൊന്നും തുറന്നു പറയാനാകാത്തതിനാലാണ് സൂജ സൂസൻ ജോർജ് ഈ ഞാണിന്മേൽകളി കളിക്കുന്നത്.