പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽ ഗാന്ധിയാകണമെന്ന ഡി.എം.കെ. അധ്യക്ഷൻ എം.കെ.സ്റ്റാലിന്റെ പ്രഖ്യാപനം വന്നിട്ടിപ്പോൾ മണിക്കൂറുകൾ അധികമായില്ല. പ്രതീക്ഷിച്ച പ്രതികരണം തന്നെയാണ് ബന്ധപ്പെട്ട കക്ഷികളിൽ നിന്നെല്ലാമുണ്ടായത്. സ്റ്റാലിന്റെ പാർട്ടിക്ക് കോൺഗ്രസുമായി ചേർന്ന് നിന്ന ദീർഘകാല ചരിത്രമുണ്ട്. വളരെ ചെറിയൊരു കാലമാണ് അവർ കോൺഗ്രസ് വിരുദ്ധ പക്ഷത്തുണ്ടായിരുന്നത്. അതാകട്ടെ, അവരുടെ മുഖ്യ എതിരാളിയായ ജയലളിതയുടെ പാർട്ടിയുമായും, അതിന് മുമ്പ് എം.ജി.ആറുമായും കോൺഗ്രസിനുണ്ടായ ബന്ധം കാരണമായിരുന്നു. ജയലളിതയുമായി ബന്ധപ്പെട്ട് നിൽക്കാൻ ബി.ജെ.പിക്ക് എല്ലാകാലത്തും കൂടുതൽ താൽപ്പര്യവുമുണ്ടായിരുന്നു. ബി.ജെ.പി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രം അൽപ്പമെങ്കിലും ഉൾക്കൊള്ളാനാവുന്ന വിഭാഗം എന്നതായിരുന്നു ജയലളിതയെ കൂടെ നിർത്തിയതിന്റെ പ്രധാന കാരണം. ദ്രാവിഡ രാഷ്ട്രീയത്തിലേക്ക് കടന്ന് കയറാനാഗ്രഹിച്ച പാലം. ജയലളിതയുടെ പാർട്ടിയുടെ സഹായം ആവശ്യമില്ലാത്ത വിധം ശക്തനായ അവസ്ഥയിലും നരേന്ദ്ര മോഡി ആ ബന്ധം നിലനിർത്തിപ്പോന്നതിന്റെ കാര്യവും കാരണവും മറ്റൊന്നല്ല. ഇതൊക്കെ കൊണ്ടാണ് കരുണാനിധിയുടെയും പിൻമുറക്കാരുടെയും സ്വാഭാവിക സഖ്യകക്ഷിയായി കോൺഗ്രസ് മാറിയത്. രാഷ്ട്രീയ ചരിത്രത്തിലേക്ക് ആഴത്തിൽ വേരിറങ്ങിനിൽക്കുന്ന ഈ ബന്ധത്തിന്റെ തുടർച്ചയായി തന്നെയായാണ് സ്റ്റാലിന്റെ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്. സ്റ്റാലിൻ എഴുതി തയ്യാറാക്കിക്കൊണ്ടുവന്ന പ്രസംഗത്തിലാണ് രാഹുൽ ഗാന്ധിയെ ഭാവി പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്.
പ്രതിപക്ഷ കക്ഷികളുടെ സംഗമവേദിയായി മാറിയ കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങിൽ വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കളെ സാക്ഷി നിർത്തിയായിരുന്നു സ്റ്റാലിന്റെ വാക്കുകൾ. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പിണറായി വിജയൻ, ചന്ദ്രബാബു നായിഡു, പുതുച്ചേരി മുഖ്യമന്ത്രി നാരായണ സാമി, രജനികാന്ത് എന്നിങ്ങനെയുള്ള പ്രമുഖരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ' എം. കരുണാനിധിക്കുവേണ്ടി, പ്രധാനമന്ത്രി സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെ തമിഴ് നാട്ടിൽനിന്ന് പ്രഖ്യാപിക്കുന്നു' എന്ന വാക്കുകൾക്ക് ഒരുപാട് രാഷ്ട്രീയ ശക്തിയുണ്ട്. അടുത്ത ദിവസം തന്റെ പ്രസ്താവനക്ക് എതിർപ്പ് വന്നപ്പോൾ സ്റ്റാലിൻ ചാഞ്ചാടാതെ ഇങ്ങിനെ പറഞ്ഞു ; മതേതര ശക്തികളെ ഒന്നിച്ചു നിർത്താനാണ് രാഹുലിന്റെ പേര് നിർദ്ദേശിച്ചത്. രാഹുലിന് മാത്രമേ അതിന് കഴിയൂ. അത് രാഹുൽ തെളിയിച്ചതാണ്- – മൂന്ന് സംസ്ഥാനങ്ങളിലെ വിജയം ചൂണ്ടിക്കാട്ടി സ്റ്റാലിൻ എതിരാളികളെ നേരിടുന്നു.
പ്രതിമ അനാച്ഛാദനം നടക്കുന്ന വേദിയിലെ പ്രഖ്യാപനം കേൾക്കാൻ കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള പ്രതിപക്ഷ നേതാക്കൾ സന്നിഹിതരായിരുന്നു.
പക്ഷെ പിണറായി വിജയന്റെ പാർട്ടി ഒരു കാരണവശാലും തെരഞ്ഞെടുപ്പിന് മുമ്പ് രാഹുൽ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കില്ല. അങ്ങിനെ അംഗീകരിച്ചാൽ പിന്നെ കേരളത്തിൽ സി.പി.എം എന്ന പാർട്ടിക്ക് പ്രസക്തി ഇല്ലാതാകും. കേരളത്തിൽ കോൺഗ്രസും, സി.പി.എമ്മും തെരഞ്ഞെടുപ്പിൽ യോജിക്കുന്ന സ്ഥിതി വന്നാലുള്ള അവസ്ഥ ഇരു അണികൾക്കും ദുഃസ്വപ്‌നമായി പോലും കാണാൻ ഇഷ്ടമല്ല. സമാജ് വാദി പാർട്ടി, ബഹുജൻ സമാജ് പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നിവയും ഏതാണ്ട് ഇതേ ഗണത്തിൽതന്നെ. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന ലോക്‌സഭാ അംഗങ്ങൾ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കട്ടെ എന്ന നിലപാടുമായാണ് യു.എ.പി.എ ഘടകകക്ഷിയായ ശരദ് പവാറിന്റെ പാർട്ടിയുടെ നിൽപ്പ്. ഇപ്പറഞ്ഞ കക്ഷികളുടെ നേതാക്കളെല്ലാം തന്നെ അവർക്ക് തന്നെ പ്രധാനമന്ത്രി മാരായാൽ കൊള്ളാം എന്നാഗ്രഹിക്കുന്നവരോ, അതിനായി കാത്തിരിക്കുന്നവരോ ആണ്. പ്രധാനമന്ത്രി പദം ഒന്നേയുള്ളൂവെന്നതിനാൽ ഇവരുടെയെല്ലാം ആഗ്രഹം ഒരിക്കലും നടക്കില്ല. ലാലു പ്രസാദ് യാദവും, യു. പി. എ യിലെ മറ്റ് ചെറുകക്ഷികളും രാഹുലിനെ പ്രധാനമന്ത്രി പദവിയിലേക്ക് ഉയർത്തിക്കാട്ടുന്നതിനെ നേരത്തെതന്നെ അംഗീകരിച്ചവരാണ്.
പ്രതിമ അനാച്ഛാദനവേദയിൽ സംസാരിച്ച രാഹുൽ ഗാന്ധിയുടെ വാക്കുകളും ശ്രദ്ധേയമായിരുന്നു. കരുണാനിധി തനിക്ക് രാഷ്ട്രീയ വഴികാട്ടിയായിരുന്നുവെന്ന രാഹുലിന്റെ വാക്കുകൾ ദ്രാവിഡ രാഷ്ട്രീയം ഹൃദയത്തിൽ കൊണ്ട് നടക്കുന്നവരുടെ മനസിൽ പതിയും.
മൂന്ന് സംസ്ഥാനങ്ങളിലെ വിജയവും അവിടെ അധികാരത്തിൽ വന്ന സർക്കാർ നടപ്പാക്കി തുടങ്ങിയ ജനക്ഷേമ പരിപാടികളും, കോൺഗ്രസിന് കൂടുതൽ ആവേശം നൽകിയിട്ടുണ്ട്. ഇത്തരമൊരു ഘട്ടത്തിൽ കരുണാനിധിയുടെ മകനിൽ നിന്നുണ്ടായ പ്രഖ്യാപനം അവർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നുണ്ട്.
പ്രധാനമന്ത്രിമോഹവുമായി നടക്കുന്ന ദേശീയ നേതാക്കൾ പുതിയ സാഹചര്യത്തിൽ അവരുടെ മനസ്സ് മാറ്റുമെന്ന് തന്നെയാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസിനുണ്ടായ വിജയവും, നരേന്ദ്രമോഡിക്ക് സമീപകാലത്തുണ്ടായ പ്രതിച്ഛായ നഷ്ടവും കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷത്തിന് ഊർജം പകരുന്നു. ഒന്നിച്ചു നിന്നാൽ മോഡിയെയും നേരിടാനാകുമെന്ന് ഇപ്പോൾ അവരെല്ലാം വിശ്വസിക്കുകയാണ്.