റിയാദ്- സാമ്പത്തിക വളർച്ചക്കും സാമൂഹിക ക്ഷേമത്തിനും ഊന്നൽ നൽകി സൗദി അറേബ്യ ചരിത്രത്തിൽ ആദ്യമായി ട്രില്യൺ റിയാലിന്റെ ബജറ്റ് അംഗീകരിച്ചു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ അൽയെമാമ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ബജറ്റ് അംഗീകരിച്ചത്. പൊതുചെലവുകൾക്ക് 1.106 ട്രില്യൺ റിയാൽ (1,10,600 കോടി റിയാൽ) ആണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ഈ വർഷത്തെ പൊതുചെലവിനെ അപേക്ഷിച്ച് 7.3 ശതമാനം കൂടുതലാണിത്. അടുത്ത വർഷത്തെ ബജറ്റിൽ പ്രതീക്ഷിക്കുന്ന വരുമാനം 97,500 കോടി റിയാലാണ്. ഈ വർഷത്തെ പൊതുവരുമാനത്തെക്കാൾ ഒമ്പതു ശതമാനം കൂടുതലാണിത്. പുതിയ ബജറ്റിൽ പ്രതീക്ഷിക്കുന്ന കമ്മി 13,100 കോടി റിയാലാണ്. ഇത് മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 4.2 ശതമാനത്തിന് തുല്യമാണ്.
അതേസമയം, പ്രവാസികൾ പ്രതീക്ഷയോടെ കാത്തിരുന്ന സാമ്പത്തിക പരിഷ്‌കാരങ്ങൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. എണ്ണേതര വരുമാനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ഗവൺമെന്റ് പ്രഖ്യാപിച്ച് നടപ്പാക്കിയ മൂല്യവർധിത നികുതി, വിദേശികളുടെ ആശ്രിത ലെവി, സെലക്ടീവ് ടാക്‌സ് തുടങ്ങിയ പദ്ധതികൾ വിജയം കണ്ടതായും സന്തുലിത സാമ്പത്തിക പദ്ധതിയുടെ വിജയത്തിൽ ഇവ വലിയ സംഭാവന നൽകിയതായും ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ ബജറ്റിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സൗദി അറേബ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിലൂടെ സാമ്പത്തിക വളർച്ചക്ക് പിന്തുണ നൽകുന്നതിനും പൊതുധന വിനിയോഗ കാര്യക്ഷമത ഉയർത്തുന്നതിനും ധന ഭദ്രതയും സുസ്ഥിരതയും തുടരുന്നതിനും ലക്ഷ്യമിടുന്നതായി ബജറ്റ് അവതരിപ്പിച്ച് നടത്തിയ പ്രസംഗത്തിൽ സൽമാൻ രാജാവ് പറഞ്ഞു. സാമ്പത്തിക പരിഷ്‌കരണങ്ങളുമായും, സുതാര്യത ശക്തിപ്പെടുത്തുന്നതിനും സ്വകാര്യ മേഖലക്ക് പിന്തുണ നൽകുന്നതിനുമുള്ള ശ്രമങ്ങളുമായും മുന്നോട്ടുപോകും. പൗരന്മാർക്ക് നൽകുന്ന അടിസ്ഥാന സേവനങ്ങൾക്കും സർക്കാർ സേവനങ്ങൾ നവീകരിക്കുന്നതിനും ഊന്നൽ നൽകുന്ന ഗവൺമെന്റ് നയത്തിന്റെ തുടർച്ചയെന്നോണമാണ് പുതിയ ബജറ്റ്.
എല്ലാ പ്രവിശ്യകളിലും സർവ മേഖലകളിലും സമഗ്ര വികസനം സാക്ഷാൽക്കരിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പ്രഥമ പരിഗണന നൽകും. ബജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതികൾ വേഗത്തിൽ നടപ്പാക്കുന്നതിന് മന്ത്രിമാർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും സൽമാൻ രാജാവ് പറഞ്ഞു.
ഈ വർഷത്തെ ബജറ്റിൽ കമ്മി 13,600 കോടി റിയാലായി കുറയുമെന്ന് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു. മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 4.6 ശതമാനത്തിന് തുല്യമാണിത്. ബജറ്റ് അംഗീകരിച്ചപ്പോൾ കണക്കാക്കിയ കമ്മി 19,500 കോടി റിയാലായിരുന്നു. ഇത് മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 6.9 ശതമാനത്തിന് തുല്യമാണ്. 2017 ൽ ബജറ്റ് കമ്മി 23,800 കോടി റിയാലായിരുന്നു. കഴിഞ്ഞ വർഷത്തെ മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 9.3 ശതമാനമായിരുന്നു കമ്മി.
ഈ വർഷം പൊതുധന വിനിയോഗം 1,03,000 കോടി റിയാലാകും. ഇത് മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 35.1 ശതമാനമാണ്. ഈ വർഷം പൊതുവരുമാനം 89,500 കോടി റിയാലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് ഈ വർഷം പൊതുവരുമാനത്തിൽ 29.4 ശതമാനം വർധനവുണ്ട്. പെട്രോളിയം മേഖലയിൽ നിന്നുള്ള വരുമാനം 39.3 ശതമാനവും പെട്രോളിതര മേഖലയിൽ നിന്നുള്ള വരുമാനം 12.4 ശതമാനവും വർധിച്ചതാണ് ഉയർന്ന പൊതുവരുമാനം നേടുന്നതിന് സഹായകമായത്. ഈ വർഷാവസാനത്തോടെ പൊതുകടം 59,000 കോടി റിയാലായി ഉയരും. ഇത് മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 19.1 ശതമാനത്തിന് തുല്യമാണ്.
സബ്‌സിഡി ഇനത്തിലുള്ള ധനസഹായം സൗദി പൗരന്മാർക്ക് ബാങ്ക് അക്കൗണ്ടുകൾ വഴി നേരിട്ട് വിതരണം ചെയ്യുന്ന സിറ്റിസൻ അക്കൗണ്ട് പദ്ധതി, സ്വകാര്യ മേഖലക്കുള്ള ഉത്തേജന പദ്ധതി, വിഷൻ 2030 ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിനുള്ള പദ്ധതി എന്നിവ അടക്കമുള്ള പദ്ധതികൾക്ക് പുതിയ ബജറ്റിലെ പൊതുധന വിനിയോഗത്തിൽ ഊന്നൽ നൽകുമെന്ന് ധനമന്ത്രി പറഞ്ഞു. പൊതുവരുമാനത്തിൽ പെട്രോളിതര മേഖലയിൽ നിന്നുള്ള വരുമാനം 2014 ൽ 12 ശതമാനമായിരുന്നു. ഇത് ഈ വർഷം 32 ശതമാനമായി വർധിച്ചു. അഞ്ചു വർഷത്തിനിടെ പെട്രോളിതര മേഖലാ വരുമാനത്തിൽ 20 ശതമാനം വളർച്ച രേഖപ്പെടുത്തി.
അടുത്ത കൊല്ലം പെട്രോളിയം മേഖലാ വരുമാനം 66,200 കോടി റിയാലായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം പെട്രോളിയം മേഖലയിൽ നിന്നുള്ള വരുമാനം 60,700 കോടിയായിരുന്നു. അടുത്ത വർഷം പെട്രോൾ വരുമാനത്തിൽ ഒമ്പതു ശതമാനം വർധനവാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷാവസാനത്തോടെ പൊതുകടം 67,800 കോടി റിയാലായി ഉയരും. ഇത് മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 21.7 ശതമാനമാണ്. അടുത്ത വർഷം 2.6 ശതമാനം സാമ്പത്തിക വളർച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം സാമ്പത്തിക വളർച്ച 2.3 ശതമാനമായിരുന്നെന്നും ധനമന്ത്രി പറഞ്ഞു.