കൊച്ചി- ബ്യൂട്ടി പാർലറിനു നേരെ വെടിവെപ്പുണ്ടായ സംഭവത്തിൽ പാർലർ ഉടമ ലീന മരിയ പോളിന്റെ മൊബൈൽ ഫോണിലേക്ക് ഇന്റർനെറ്റ് കോളുകൾ എത്തിയതിന്റെ വിവരങ്ങളറിയാൻ പോലീസ് സൈബർ സെല്ലിന്റെ സഹായം തേടുന്നു. പനമ്പിള്ളി നഗറിൽ ലീനയുടെ ഉടമസ്ഥതയിലുള്ള നെയിൽ ആർടിസ്ട്രി എന്ന ബ്യൂട്ടി പാർലർ അടച്ചു പൂട്ടണമെന്ന് ഭീഷണിപ്പെടുത്തി തിങ്കളാഴ്ച വൈകിട്ട് തന്റെ മൊബൈൽ ഫോണിലേക്ക് ഇന്റർനെറ്റ് കോളുകൾ വന്നതായി നടി മൊഴി നൽകിയ സാഹചര്യത്തിലാണിത്. വിദേശ നമ്പരിൽ നിന്നാണ് കോൾ ലഭിച്ചതെന്നും സംഭാഷണം ഇംഗ്ലീഷിലായിരുന്നുവെന്നുമാണ് നടി മൊഴി നൽകിയത്. ഏതെങ്കിലും മൊബൈൽ ആപ് ഉപയോഗിച്ച് വ്യാജ വിദേശ നമ്പരുണ്ടാക്കി ഫോൺ വിളിക്കുന്നതാണോ എന്നും പരിശോധിക്കുന്നുണ്ട്. ഇതുൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമാകാനാണ് സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുള്ളതെന്ന് ഡി.സി.പി ഹിമേന്ദ്രനാഥ് പറഞ്ഞു. നടിയുടെ ഫോൺ കോളുകളും സാമ്പത്തിക ഇടപാടുകളും അന്വേഷിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.
25 കോടി രൂപ നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നവംബർ മുതൽ നാലു തവണ രവി പൂജാരി എന്നയാൾ തന്റെ മൊബൈൽ ഫോണിലേക്ക് വിളിച്ചതായി ലീന മരിയ മൊഴി നൽകിയതായാണ് വിവരം. ഈ ആൾ തന്നെയാണോ വിളിച്ചതെന്ന് അറിയില്ല. പരിചയമില്ലാത്ത നമ്പറിൽ നിന്നാണ് കോൾ വന്നത്. ആരെന്ന് സ്ഥിരീകരിക്കാനാകാത്തതിനാലാണ് പോലീസിനെ അറിയിക്കാതിരുന്നതെന്നും ഈ വിളികളും കടയിലെ ആക്രമണവുമായി ബന്ധമുണ്ടോയെന്നറിയില്ലെന്നുമാണ് ലീന മരിയയുടെ നിലപാട്. അക്രമം നടത്തിയവരെപ്പറ്റി ഇതുവരെ തനിക്ക് സൂചനകൾ ലഭിച്ചിട്ടില്ലെന്നും നടി മൊഴി നൽകിയിട്ടുണ്ട്. ഇവരുടെ സുഹൃത്തും ബിസിനസ് പങ്കാളിയുമായിരുന്ന സുകേഷ് ചന്ദ്രശേഖറിന്റെ ഹവാല ഇടപാടുകളുമായി വെടിവെപ്പിനു ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
രവി പൂജാരിയുടെ പേര് ഹിന്ദിയിൽ എഴുതിയ കടലാസ് അക്രമികൾ സംഭവസ്ഥലത്ത് ഉപേക്ഷിച്ചിരുന്നു. എന്നാൽ, ഇതിൽനിന്ന് അക്രമികളെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. വെടിവെപ്പിലെ ദുരൂഹതയും നീക്കേണ്ടതുണ്ട്. അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. ഹവാല ഇടപാടുകളും അന്വേഷണത്തിലുണ്ടെന്ന് സൗത്ത് സി.ഐ സിബി ടോം പറഞ്ഞു.
തനിക്ക് ജീവനു ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം വേണമെന്നും നടി ആവശ്യപ്പെട്ടതിനാൽ ഇവർക്ക് സംരക്ഷണം ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രി മൂന്നു മണിക്കൂറാളം ഇവരെ ചൊദ്യം ചെയ്തു. ലീനക്കും സുകേഷ് ചന്ദ്രശേഖരനും കൊച്ചിയിലുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും പോലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കൊച്ചി കേന്ദ്രീകരിച്ചുള്ള ഇടപാടുകളാണ് അക്രമത്തിലേക്ക് നയിച്ചതെന്ന്
സൂചനയുണ്ട്.
അതേസമയം ലീനയുടെ മുൻ സുഹൃത്തും ഇപ്പോൾ തിഹാർ ജയിലിൽ കഴിയുന്ന നിരവധി തട്ടിപ്പു കേസുകളിലെ പ്രതിയുമായ സുകേഷ് ചന്ദ്രശേഖറിൽ നിന്നും ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത 11 ആഡംബര വാഹനങ്ങൾ ലേലം ചെയ്യുമെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
വായ്പാ തട്ടിപ്പ് അടക്കം ആറ് കേസുകളിൽ പ്രതിയായ സുകേഷ് ചന്ദ്രശേഖർ തമിഴ് രാഷ്ട്രീയ നേതാവായ ടി.ടി.വി ദിനകരനു വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കേസിലാണ് ഇപ്പോൾ ജയിലിൽ കിടക്കുന്നത്.