കോഴിക്കോട്- പതിനാല് വർഷമായി ലഭിക്കാത്ത കോഴിക്കോട് മെഡിക്കൽ കോളേജ് യൂണിയൻ പിടിക്കാൻ തട്ടമിട്ട സഖാവുമായി എസ്.എഫ്.ഐ. മലപ്പുറം വേങ്ങരയിലെ കാന്തപുരം സുന്നി കുടുംബാംഗമായ ലദീദ റയ്യയാണ് ചെയർപേഴ്‌സൺ സ്ഥാനാർത്ഥി. ചുറ്റിക്കെട്ടിയ തട്ടത്തോടെയുള്ള ലദീദയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ഇടതുപക്ഷം ആഘോഷിക്കുകയാണ്.
ഒരുകാലത്ത് എസ്.എഫ്.ഐ കുത്തകയായിരുന്ന മെഡിക്കൽ കോളേജ് കാമ്പസ് 14 വർഷമായി സ്വതന്ത്ര വിദ്യാർഥി കൂട്ടായ്മയായ ഇൻഡിപെൻറൻഡ്‌സ് ആണ് ഭരിക്കുന്നത്. മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയായ ലദീദ ചേറൂർ യതീംഖാന സ്‌കൂളിലും ജിദ്ദയിലെ അൽമവാരിദ് ഇൻറർനാഷനൽ സ്‌കൂളിലുമാണ് പഠിച്ചത്. കഴിഞ്ഞ വർഷം യൂണിയനിലേക്ക് മത്സരിച്ചപ്പോൾ ചെറിയ വോട്ടിനാണ് തോറ്റത്. മാറിയ കാലത്ത് ലദീദയിലൂടെ വനിതാ മതിലുയർത്തുകയാണ് എസ്.എഫ്.ഐ.
'മുസ്‌ലിം സഖാവ്' എന്നല്ല, 'സഖാവ്' എന്നു മാത്രം വിളിക്കപ്പെടാനാണ് ആഗ്രഹം -ലദീദ പറയുന്നു. തട്ടമിട്ട സഖാവ് എന്നതായിരിക്കരുത് എന്റെ ഐഡന്റിറ്റി. എനിക്ക് പ്രധാനമെന്ന് തോന്നുന്ന മതചിഹ്നങ്ങൾ ഉപയോഗിക്കാൻ സംഘടനക്കകത്ത് എനിക്ക് സ്വാതന്ത്ര്യമുണ്ട്. എന്റെ രാഷ്ട്രീയം എന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. അതുപോലെത്തന്നെയാണ് ഞാൻ പിന്തുടരുന്ന മതചിഹ്നങ്ങളും. അതൊരു അജണ്ട തന്നെയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
ഇവിടെ മാത്രമല്ല, പല കോളേജുകളിലും ഇടതുപക്ഷ രാഷ്ട്രീയമുള്ള പല മുസ്‌ലിം പെൺകുട്ടികൾക്കും അതു തുറന്നു സമ്മതിക്കാൻ ഭയവുമുണ്ട്. അവരെ അതു തിരിച്ചറിയാൻ അനുവദിക്കാത്ത തരത്തിൽ എസ്.എഫ്.ഐയെ ഇസ്‌ലാമോഫോബിക്കായി സ്റ്റീരിയോടൈപ്പ് ചെയ്തുവെച്ചിട്ടുണ്ട്. സംഘ്പരിവാർ രാഷ്ട്രീയത്തിനെതിരെ കൃത്യമായ പ്രതിരോധം ഉയർത്താൻ ഈ ചിന്ത ആദ്യം മാറേണ്ടതുണ്ടെന്ന് തോന്നുന്നു. ഇടതുപക്ഷ രാഷ്ട്രീയം പറഞ്ഞാൽ ഉടനെ ഞാൻ വിശ്വാസിയല്ലാതാകുന്നില്ലല്ലോ. മതവിശ്വാസിക്കു പറ്റിയ ഇടമല്ല രാഷ്ട്രീയം എന്ന വലിയൊരു വാദം അപ്പുറത്തുള്ളപ്പോൾ, അതങ്ങനെയല്ല എന്നു തെളിയിക്കാൻ മുസ്‌ലിം സ്വത്വമുള്ള പെൺകുട്ടിയെ ചെയർപേഴ്‌സണായി മത്സരിപ്പിക്കുന്നു എന്നു വിളിച്ചുപറയാൻ സഖാക്കൾ നിർബന്ധിതരാകുകയാണ്. അത് നല്ല ഉദ്ദേശ്യത്തോടെയുള്ള നീക്കമാണ് -ലദീദ പറയുന്നു.
മുഹമ്മദ് അമീൻ ആണ് ഇൻഡിപെൻഡന്റ്‌സിന്റെ ചെയർമാൻ സ്ഥാനാർഥി.