Sorry, you need to enable JavaScript to visit this website.

ഡോ. ഹുസൈൻ മടവൂരിന്  സൗദി ജനാദ്രിയക്ക് ക്ഷണം

കോഴിക്കോട്- നാളെ മുതൽ റിയാദിൽ നടക്കുന്ന മുപ്പത്തിമൂന്നാമത് സൗദി അറേബ്യൻ ദേശീയ പൈതൃക സാംസ്‌കാരികോത്സവത്തിൽ സൗദി 'ഭരണാധികാരി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അതിഥിയായി പങ്കെടുക്കാൻ ഡോ. ഹുസൈൻ മടവൂരിന് ക്ഷണം. 
1985 മുതൽ എല്ലാ വർഷവും ജനാദ്രിയ എന്ന പേരിൽ നടന്നു വരുന്ന ഈ പരിപാടിയിൽ ഈ വർഷം ഇരുപത് ലക്ഷം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറേബ്യയിലെ പാരമ്പര്യ കലാപ്രകടനങ്ങൾ, സാഹിത്യ സംവാദങ്ങൾ, സാംസ്‌കാരിക സദസ്സുകൾ, ശാസ്ത്രമേളകൾ, വാണിജ്യ വ്യവസായ പ്രദർശനങ്ങൾ എന്നിവയാണ് പ്രധാന പരിപാടികൾ. സൗദി നാഷണൽ ഗാർഡ്, ടൂറിസം, സാംസ്‌കാരിക മന്ത്രാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ നടക്കുന്നത്. ഉദ്ഘാടന പരിപാടിയിൽ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ബന്ധപ്പെട്ട മന്ത്രിമാരും നയതന്ത്ര പ്രതിനിധികളും വിദേശ അതിഥികളും പങ്കെടുക്കും. 
ഇന്ത്യയിൽ അറബി'ഭാഷാ പ്രചാരണത്തിനും വ്യാപനത്തിനുമായി ഡോ. ഹുസൈൻ മടവൂർ നടത്തിവരുന്ന പ്രശസ്തസേവനങ്ങൾ പരിഗണിച്ചാണ് അദ്ദേഹത്തെ സൗദി സർക്കാർ ക്ഷണിച്ചത്. സൗദിയിലെ മക്കാ ഉമ്മുൽഖുറാ സർവ്വകലാശാലയിൽ അറബി ഭാഷയിൽ ഉന്നതപഠനം നടത്തിയ അദ്ദേഹം അലീഗഢിൽനിന്ന് ബിരുദാനന്തര ബിരുദവും കോഴിക്കോട് സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റും നേടി. ഫാറൂഖ് റൗളത്തുൽ ഉലൂം അറബി കോളേജിൽനിന്ന് പ്രിൻസിപ്പൽ ആയി വിരമിച്ച ശേഷം ഇന്തോ-അറബ് ലീഗ് സെക്രട്ടറി ജനറൽ ആയും മലബാർ ജാമിഅ ഇസ്—ലാമിയ്യ റെക്ടർ ആയും സേവനമനുഷ്ഠിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ഡിസംബർ 18ന് ലോകത്തെങ്ങും നടക്കുന്ന അന്താരാഷ്ട്ര അറബ് ഭാഷാ ദിനം ആദ്യമായി ഇന്ത്യയിൽ സംഘടിപ്പിച്ചത് ഹുസൈൻ മടവൂർ ആയിരുന്നു. 
മഹാത്മാ ഗാന്ധി സർവകാലാശാല, കോഴിക്കോട് സർവകാലാശാല തുടങ്ങിയവയിൽ അറബിക് ബോർഡ് ഓഫ് സ്റ്റഡീസ് , അക്കാഡമിക്ക് കൗൺസിൽ എന്നിവയിൽ അംഗമായിരുന്നു. ദൽഹിയിലെ ജവഹർലാൽ നെഹ്‌റു യൂനിവേഴ്‌സിറ്റി, ജാമിഅ മില്ലിയ്യ യൂനിവേഴ്‌സിറ്റി, അലീഗഢ് യൂനിവേഴ്‌സിറ്റി തുടങ്ങിയ കേന്ദ്രസർവകലാശാലകളിലെ അറബിക് റിസോഴ്‌സ് പേഴ്‌സൺ കൂടിയാണദ്ദേഹം. റിയാദിലെ കിംഗ് അബ്ദുല്ല സെന്റർ ഫോർ അറബിക് ലാംഗ്വേജ്, കിംഗ് ഖാലിദ് ഫൗണ്ടേഷൻ ഖുർആൻ കോൺടസ്റ്റ് പ്രോഗ്രാം എന്നിവയുടെ അഡ്‌വൈസർ കൂടിയാണ്. മക്കയിലെ മുസ്‌ലിം വേൾഡ് ലീഗിന്റെ ഇന്ത്യയിലെ പ്രതിനിധിയായ ഹുസൈൻ മടവൂർ അമേരിക്ക, ബ്രിട്ടൻ, മലേഷ്യ ഉൾപ്പെടെ 16 രാഷ്ട്രങ്ങളിൽ  പ്രഭാഷണം നടത്തുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ദൽഹിയിൽ സൗദി അംബാസഡർ നൽകുന്ന യാത്രയയപ്പിനുശേഷം അദ്ദേഹം ഇന്ന് റിയാദിലേക്ക് പുറപ്പെടും.

 

Latest News