Sorry, you need to enable JavaScript to visit this website.

വനിതാ മതിലിൽ വിദ്യാർഥികളെ നിർബന്ധിച്ച് പങ്കെടുപ്പിച്ചാൽ തടയുമെന്ന് കെ.എസ്.യു 

കോഴിക്കോട് - സി.പി.എമ്മിന്റെ വനിതാ മതിലിൽ വിദ്യാർഥികളെ നിർബന്ധിച്ചു പങ്കെടുപ്പിക്കാൻ ശ്രമിച്ചാൽ തടയുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്. സംഘ്പരിവാർ ആശയങ്ങളുള്ള സി.പി സുഗതനെ പോലുള്ളവർ നേതൃത്വം നൽകുന്ന വർഗീയ മതിലിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്നത് അംഗീകരിക്കില്ല. ഇതിനെ സംഘടനാപരമായും നിയമപരമായും നേരിടുമെന്നും അഭിജിത്ത് പറഞ്ഞു. ഡി.സി.സി ഓഫിസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുമായി ബന്ധപ്പെട്ട് നിയമ നടപടികൾ സ്വീകരിക്കുന്ന കാര്യം അഭിഭാഷകരുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും അഭിജിത്ത് പറഞ്ഞു. വിദ്യാർഥികളെ പങ്കെടുപ്പിക്കാൻ അതാതു വിദ്യാഭ്യാസ ഓഫീസർമാർക്കും ബസുകൾ ഏർപ്പെടുത്താൻ ആർ.ടി.ഒമാർക്കും ഫോൺ വഴി നിർദേശം ലഭിച്ചു തുടങ്ങിയിട്ടുണ്ട്.. ഈ ബസുകൾ തടയുകയും ബന്ധപ്പെട്ട ഓഫീസുകളിലേക്ക് പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയും ചെയ്യും. കെ.എസ്.യു സംസ്ഥാന കമ്മിറ്റി ചേർന്ന് സമര പരിപാടികൾ തീരുമാനിക്കും. ജെസ്‌നയുടെ തിരോധാനത്തിനു മറുപടി പറയാൻ കഴിയാത്ത സർക്കാരാണ് സ്ത്രീ സുരക്ഷയെ കുറിച്ച് പറയുന്നത്. സ്വന്തം പാർട്ടിയിലെ വനിതാ നേതാവിന് നീതി നൽകാൻ സർക്കാരിനു ഇന്നേ വരെ കഴിഞ്ഞിട്ടില്ല. ഉന്നത വിദ്യാഭ്യാസ മേഖല തകിടം മറിഞ്ഞ അവസ്ഥയിലാണ്. യൂനിവേഴ്‌സിറ്റി വി.സിമാരെ നിയമിക്കാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബന്ധു നിയമനം നടത്തിയ മന്ത്രി കെ.ടി ജലീലിനെ ഉടൻ പുറത്താക്കണം. ബന്ധു നിയമനത്തിനെതിരെ സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് വി.ടി നിഹാൽ, വൈസ് പ്രസിഡന്റ് സൂരജ്, റെമീസ് എന്നിവരും പങ്കെടുത്തു.
 

Latest News