കാസർകോട് - വയസ്സ് എൺപതു കഴിഞ്ഞ ഒരു വൃദ്ധയടക്കം നാലു അമ്മമാർ അനാഥരായി ജീവിക്കുന്ന പാലക്കുന്ന് നെല്ലിയടുക്കം കോളനിയിൽ ശരിക്കും ഇന്നലെ ഉത്സവമായിരുന്നു. ആ സന്തോഷ നിമിഷത്തെക്കുറിച്ച് പറഞ്ഞറിയിക്കാൻ അമ്മമാർക്ക് കഴിയുന്നില്ല. കാക്കിക്കുള്ളിലെ കാരുണ്യത്തിന്റെ മുഖം ബേക്കൽ എസ്.ഐ കെ.പി വിനോദ്കുമാറിനും സംഘത്തെയും പിന്നെ അവിടെ ബോർവെൽ വേണമെന്ന് പറഞ്ഞപ്പോൾ അതേ നിമിഷം ഏറ്റെടുത്ത് എല്ലാവരെയും അത്ഭുതപ്പെടുത്തിയ ഖത്തറിലെ ആ നല്ല മനുഷ്യനെയും നന്ദിയോടെ ഓർക്കുകയാണ് ആരോരുമില്ലാതെ നിർധനരായ അമ്മമാർ. ബേക്കൽ പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ഒരുപാട് സങ്കട ചിത്രങ്ങൾ കണ്ടറിഞ്ഞു കരുണ വറ്റാത്ത മനസിന്റെ ഉടമകളുടെ സഹായത്തോടെ നന്മകൾ ചൊരിയുകയാണ് ഇവിടത്തെ പോലീസ് ഉദ്യോഗസ്ഥർ. നെല്ലിയടുക്കത്തെ കോളനിയിൽ ചെന്നപ്പോഴാണ് വയസായ ആ അമ്മമമാർ ആരോരുമില്ലാതെ നൊമ്പരത്തോടെ ജീവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഒട്ടും വൈകാതെ നവമാധ്യമങ്ങളിലൂടെ ഈ അമ്മമാരുടെ സങ്കടം ലോകത്തെ അറിയിച്ചപ്പോൾ തകർന്ന മേൽക്കൂരയും ഒരു വീടും വെൽഡേർസ് അസോസിയേഷൻ ഏറ്റെടുത്ത് നിർമ്മിച്ചു നൽകി. അവരുടെ ഭക്ഷണ കാര്യം സുമനസ്‌കർ ഏറ്റെടുത്തു. ഒടുവിൽ അവർക്ക് ആവശ്യമായ കുടിവെള്ളം ഒരുക്കി കൊടുക്കാൻ ഖത്തറിലെ പ്രവാസിയും മുന്നോട്ടുവന്നു. ആ അമ്മമാരുടെ മുഖത്ത് ഇതുവരെ ദുഃഖത്തിന്റെ കണ്ണീരായിരുന്നുവെങ്കിൽ ഇന്ന് സന്തോഷത്തിന്റെ കണ്ണീരാണുള്ളത്. ബോർവെല്ല് വന്നതും കുഴിയെടുത്തതും വെള്ളം കിട്ടിയതുമെല്ലാം അതിവേഗമായിരുന്നു. ബേക്കൽ പോലീസിൽ നിന്ന് വീണ്ടും എത്തുകയാണ് കാരുണ്യത്തിന്റെ വർത്തമാനങ്ങൾ.
ഭക്ഷണവും വെള്ളവുമില്ലാതെ കഷ്ടപ്പെട്ടിരുന്ന അമ്മമാരുടെ മുഖത്തെ ആഹ്ലാദം പോലീസിന്റെ ചാരിതാർഥ്യമായി മാറുകയായിരുന്നു. ആരാരുമില്ലാത്ത അമ്മാരെ ചേർത്ത് നിർത്തി എസ്.ഐ വിനോദ്കുമാർ, ഞങ്ങൾ എന്നും കൂടെയുണ്ടാകുമെന്ന് പറഞ്ഞപ്പോൾ ആ അമ്മമാരുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു. ഇതേ കോളനിയിൽ ഒരു വീടും ബേക്കൽ പോലീസിന്റെ മേൽനോട്ടത്തിൽ നിർമ്മിച്ചു നൽകിയിരുന്നു. അവർക്ക് ആവശ്യമായ ഭക്ഷണം എത്തിക്കുന്നതും പോലീസുകാരാണ്.