സകാക്ക - സക്കാക്കയിലും ഖുറയ്യാത്തിലും ട്രാഫിക് സിഗ്നലുകളിൽ ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തി രജിസ്റ്റർ ചെയ്യുന്ന പുതിയ ഓട്ടോമാറ്റിക് സംവിധാനം അൽജൗഫ് ഗവർണർ ബദ്ർ ബിൻ സുൽത്താൻ രാജകുമാരൻ ഉദ്ഘാടനം ചെയ്തു.
അൽജൗഫ് ട്രാഫിക് ഡയറക്ടറേറ്റ് ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ പുതിയ സ്മാർട്ട് ട്രാഫിക് പോലീസ് വാഹന പദ്ധതിയും ഗവർണർ ഉദ്ഘാടനം ചെയ്തു. സൗദി ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ മുഹമ്മദ് അൽബസ്സാമിയും അൽജൗഫ് പോലീസ് മേധാവി മേജർ ജനറൽ ഖഹാത് ബിൻ മുഹമ്മദ് ഖഹാതും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതനായിരുന്നു.
ട്രാഫിക് പോലീസിനും സമൂഹത്തിലെ വ്യക്തികൾക്കുമിടയിൽ സാമൂഹിക പങ്കാളിത്തം ശക്തമാക്കുന്നതിനും ബോധവൽക്കരണ പ്രോഗ്രാമുകൾ നടപ്പാക്കുന്നതിനും ടെക്‌നിക്കൽ കോളേജ്, വിദ്യാഭ്യാസ വകുപ്പ്, അൽജൂദ് വനിതാ സന്നദ്ധ കൂട്ടായ്മ എന്നിവയുമായി ഗവർണറുടെ സാന്നിധ്യത്തിൽ അൽജൗഫ് ട്രാഫിക് പോലീസ് കരാറുകൾ ഒപ്പുവെക്കുകയും ചെയ്തു.