റിയാദ് - മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിച്ച ഹറമൈൻ ഹൈസ്പീഡ് റെയിൽവെ യാത്രക്കാരുടെ പക്കലുള്ള അധിക ലഗേജ് നീക്കം ചെയ്യുന്നതിന് സൗദി റെയിൽവെ ഓർഗനൈസേഷനും സൗദി പോസ്റ്റും കരാർ ഒപ്പുവെച്ചു.
ഇതുപ്രകാരം യാത്രക്കാരുടെ പക്കലുള്ള അധിക ലഗേജ് ഹറമൈൻ റെയിൽവെ സ്റ്റേഷനുകൾക്കിടയിൽ നീക്കം ചെയ്യുന്ന സേവനം സൗദി പോസ്റ്റ് നൽകും. ഹറമൈൻ ഹൈസ്പീഡ് റെയിൽവെയെ പ്രതിനിധീകരിച്ച് പൊതുഗതാഗത അതോറിറ്റി പ്രസിഡന്റും സൗദി റെയിൽവെയ്‌സ് ഓർഗനൈസേഷൻ സൂപ്പർവൈസർ ജനറലുമായ ഡോ. റുമൈഹ് അൽറുമൈഹും സൗദി പോസ്റ്റിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് എൻജിനീയർ മുഹമ്മദ് അൽഅബ്ദുൽജബ്ബാറുമാണ് കരാറിൽ ഒപ്പുവെച്ചത്.
ഗതാഗത മന്ത്രിയും സൗദി റെയിൽവെയ്‌സ് ഓർഗനൈസേഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോ. നബീൽ അൽആമൂദി, ടെലികോം, ഐ.ടി മന്ത്രിയും സൗദി പോസ്റ്റ് ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജിനീയർ അബ്ദുല്ല അൽസവാഹ, സൗദി റെയിൽവെ കമ്പനി സി.ഇ.ഒ ഡോ. ബശാർ അൽമാലിക് എന്നിവർ റിയാദിൽ സൗദി റെയിൽവെ കമ്പനി റെയിൽവെ സ്റ്റേഷനിൽ നടന്ന കരാർ ഒപ്പുവെക്കൽ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഹറമൈൻ ഹൈസ്പീഡ് റെയിൽവെ യാത്രക്കാർക്കും അല്ലാത്തവർക്കും മക്ക, ജിദ്ദ, റാബിഗ്, മദീന റെയിൽവെ സ്റ്റേഷനുകളിലെ സൗദി പോസ്റ്റ് ഓഫീസുകൾ വഴി ലഗേജുകൾ നീക്കം ചെയ്യുന്നതിന് കരാർ അവസരമൊരുക്കുന്നതായി ഡോ. റുമൈഹ് അൽറുമൈഹ് പറഞ്ഞു. ഹറമൈൻ ഹൈസ്പീഡ് റെയിൽവെ യാത്രക്കാരുടെ പക്കലുള്ള അധിക ലഗേജ് നീക്കം ചെയ്യുന്നതിനുള്ള കരാർ അനുവദിക്കുന്നതിന് നേരത്തെ ടെണ്ടറുകൾ ക്ഷണിച്ചിരുന്നു. ഏറ്റവും മികച്ച ടെണ്ടർ സമർപ്പിച്ചത് സൗദി പോസ്റ്റ് ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചു വർഷമാണ് കരാർ കാലാവധി. അന്തിമ കരാർ ഒപ്പുവെച്ച് രണ്ടു മാസത്തിനു ശേഷം സേവനം നിലവിൽവരും.