Sorry, you need to enable JavaScript to visit this website.

സൗദി തുറമുഖത്ത് ഇന്ത്യൻ കപ്പൽ സൗഹൃദത്തിന്റെ നങ്കൂരമിട്ടു 

ദമാമിൽ നങ്കൂരമിട്ട ഇന്ത്യൻ കോസ്റ്റ് ഗാർഡ് വിക്രം കപ്പലിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അംബാസഡർ അഹ്മദ് ജാവേദ് സംസാരിക്കുന്നു. 
ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ വിക്രം

ദമാം - ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കപ്പൽ വിക്രം ദമാം തീരത്ത് നങ്കൂരമിട്ടു. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സൗഹൃദവും ശക്തമായ ഉഭയകക്ഷി ബന്ധവും ഊട്ടി ഉറപ്പിക്കുന്നതിനാണ് ഈ സൗഹൃദ സന്ദർശനമെന്ന് ഇന്ത്യൻ അംബാസഡർ അഹ്മദ് ജാവേദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
മൂന്ന് ദിവസത്തെ സന്ദർശന വേളയിൽ റോയൽ സൗദി നാവിക സേനയും കോസ്റ്റ് ഗാർഡുമായി ചേർന്ന് സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും കായിക രംഗത്ത് ഇരു രാജ്യങ്ങൾക്കിടയിലും പ്രോത്സാഹനം നൽകുന്നതിനു പരിശീലനം നൽകുമെന്നും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇരു രാജ്യങ്ങൾ തമ്മിൽ വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധം ഊർജ്ജിതമാക്കുന്നതിനും വ്യാപാര വ്യവസായ രംഗത്തും പ്രതിരോധ സൈനിക രംഗത്തും സഹകരണം ഉറപ്പു വരുത്തുന്നതിനും ശുചിത്വ പൂർണമായ സമുദ്രം, കടലുകളുടെ സംരക്ഷണം എന്ന ആശയവുമായാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ വിക്രം സൈനിക കപ്പലിന്റെ യാത്രയെന്ന് ഇന്ത്യൻ അംബാസഡറും ക്യാപ്റ്റനും വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യൻ കോസ്റ്റ് ഗാർഡിന് പട്രോളിംഗിന് വേണ്ടി ആധുനിക രീതിയിൽ നിർമിച്ച കപ്പലിന് 97 മീറ്റർ നീളവും 26 നോട്ടിക്കൽ മൈൽസ് വേഗതയും കണക്കാക്കപ്പെടുന്നു. സുരക്ഷാ സംവിധാനത്തിന് വേണ്ടി ഒരു ഹെലികോപ്റ്ററും നാലു സ്പീഡ് ബോട്ടുകളും സജ്ജീകരിച്ചിട്ടുണ്ടെന്നും ഇരുവരും അറിയിച്ചു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് 2014 ൽ ഇന്ത്യാ സന്ദർശന വേളയിൽ ഇരു രാജ്യങ്ങൾ തമ്മിൽ ഒപ്പിട്ട പ്രതിരോധ മേഖലയിൽ സഹകരണ കരാറിന്റെ അടിസ്ഥാനത്തിൽ എടുത്ത ഒരു ചുവട്‌വെയ്പാണ് ഈ സന്ദർശനം. പൊതു ജനങ്ങൾക്കും വിദ്യാർഥികൾക്കും കപ്പൽ സന്ദർശിക്കാനും പഠനം നടത്തുന്നതിനും സമയം അനുവദിച്ചിട്ടുണ്ട്. ദമാം തീരത്ത് നിന്ന് ഇന്ന് രാത്രിയോടെ തിരിച്ച് യു.എ.ഇ, മസ്‌കറ്റ് തുടങ്ങിയ രാജ്യങ്ങൾ കൂടി സന്ദർശിച്ചതിനു ശേഷം ഇന്ത്യയിലേക്ക് തന്നെ മടങ്ങും. 
മുൻകാലങ്ങളിലേതു പോലെ തൊഴിലിടങ്ങളിൽ പീഢനം നേരിട്ട് ഇന്ത്യൻ വീട്ടു വേലക്കാരികൾ ഒളിച്ചോടുന്ന കേസുകൾ കുറവാണെന്ന് ഇന്ത്യൻ അംബാസഡർ അഹ്മദ് ജാവേദ് വാർത്താ ലേഖകരുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു. വ്യാജ റിക്രൂട്ടുമെന്റുകളും മറ്റു രാജ്യങ്ങളിലേക്ക് സന്ദർശക വിസയിലെത്തി സൗദിയിലേക്ക് നടത്തിയിരുന്ന മനുഷ്യക്കടത്ത് ഇ മൈഗ്രേറ്റ് സംവിധാനം നിലവിൽ വന്നതോടെ അവസാനിച്ചു. മനുഷ്യക്കടത്തും വ്യാജ റിക്രൂട്ട്‌മെന്റും ശ്രദ്ധയിൽപെട്ടാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ഇന്ത്യൻ അംബാസഡർ അഹ്മദ് ജാവേദിന് പുറമേ കമാണ്ടിംഗ് ഓഫീസർ കമാണ്ടന്റ്‌റ് രാജ്കമൽ സിൻഹ, ഇന്ത്യൻ എംബസി ഡിഫൻസ് അറ്റാഷേ മനീഷ് നാഗ്പാൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 
 

Latest News