കോഴിക്കോട്- ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് എം-പാനല്‍ ജീവനക്കാരെ പിരിച്ച് വിടാന്‍ തുടങ്ങിയതോടെ സംസ്ഥാനത്ത് ഇതുവരെ ആയിരത്തോളം കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി. എറണാകുളം സോണിലാണ് ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ മുടങ്ങിയത്. ഇവിടെ 413 സര്‍വീസുകള്‍ മുടങ്ങി. തിരുവനന്തപുരം സോണില്‍ 367 സര്‍വീസുകളും കോഴിക്കോട് സോണില്‍ 210 സര്‍വീസുകളും മുടങ്ങുകയോ റദ്ദാകുകയോ ചെയ്തു. ചൊവ്വാഴ്ച രാവിലെയായിരുന്നു ഹൈക്കോടതി സര്‍ക്കാരിനും കെ.എസ്.ആര്‍.ടി.സിക്കും താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ച് വിട്ടുകൊണ്ടുള്ള സത്യവാങ്മൂലം സമര്‍പ്പിക്കാനുള്ള സമയം അനുവദിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ തന്നെ നടപടി വേഗത്തിലാക്കുകയായിരുന്നു. സമയം നീട്ടിക്കിട്ടാന്‍ ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി അനുവദിച്ചില്ലെന്ന് മാത്രമല്ല രണ്ട് ദിവസത്തിനുള്ളില്‍ പി.എസ്.സി ലിസ്റ്റില്‍ നിന്ന് കണ്ടക്ടര്‍മാരെ നിയമിക്കാന്‍ അന്ത്യശാസനവും കോടതി നല്‍കി.